ഡമസ്‌കസ്: ജനകീയ പ്രക്ഷോഭങ്ങള്‍ക്കിടെ അറസ്റ്റിലായ 912 പ്രക്ഷോഭകാരികളെ സിറിയന്‍ സര്‍ക്കാര്‍ വിട്ടയച്ചു. പ്രക്ഷോഭം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നടത്താനുള്ള ഉപാധിയായി ഇവരെ വിട്ടയക്കണമെന്ന് പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. നവംബറില്‍ 1180 കൂട്ടത്തോടെ അറസ്റ്റ് ചെയ്‌തെങ്കിലും 553 പേരെ അതേ മാസം തന്നെ വിട്ടയച്ചിരുന്നു.

മാസങ്ങളായി തുടരുന്ന പ്രക്ഷോഭങ്ങളില്‍ 3500 ലേറെ പേര്‍ ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. എന്നാല്‍, സിറിയയിലെ സാധാരണ പൗരന്മാരെയും സര്‍ക്കാര്‍ സംവിധാനങ്ങളെയും വിദേശ സാമ്പത്തിക ശക്തികളുടെ സഹായത്തോടെ അക്രമിക്കുന്ന തീവ്രവാദികള്‍ക്കെതിരായാണ് തങ്ങളുടെ നടപടികള്‍ എന്നാണ് സിറിയയുടെ വാദം.

സിറിയയുടെ മേലുള്ള സാമ്പത്തിക ഉപരോധത്തിന്റെ ഭാഗമായി സെന്‍ട്രല്‍ ബാങ്കുമായുള്ള സിറിയയുടെ ഇടപാടുകള്‍ അവസാനിപ്പിക്കാനും സര്‍ക്കാരിന്റെ വിദേശത്തുള്ള അക്കൗണ്ടുകള്‍ മരവിപ്പിക്കാനും അറബ് ലീഗ് തീരുമാനിച്ചിട്ടുണ്ട്. ബശര്‍ അല്‍ അസദിന്റെ സര്‍ക്കാരിന് മേല്‍ അധിക സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയനും തീരുമാനിച്ചിട്ടുണ്ട്.

Malayalam News
Kerala News in English