കൈറോ: ജനാധിപത്യ പ്രക്ഷോഭകാരികളായ സാധാരണക്കാര്‍ക്ക് നേരെ സൈന്യം നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്നും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് അറബ് ലീഗ് സിറിയന്‍ സര്‍ക്കാരിന് അടിയന്തര സന്ദേശമയച്ചു. അറബ് ലീഗ് മന്ത്രിമാര്‍ സിറിയന്‍ പ്രസിഡന്റ് അലി അബ്ദുള്ള സ്വാലിഹിനാണ് സന്ദേശമയച്ചത്. കഴിഞ്ഞദിവസം സൈന്യം നടത്തിയ വെടിവയ്പ്പില്‍ 37 പ്രക്ഷോഭകാരികള്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് അറബ് ലീഗ് സ്വാലിഹിന് അടിയന്തര സന്ദേശമയച്ചത്.

സ്വന്തം പൗരന്മാരെ സംരക്ഷിക്കാനായി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് സന്ദേശത്തില്‍ അറബ് ലീഗ് മന്ത്രിമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അറബ് രാജ്യങ്ങളുടെ കൂട്ടായ്മയായ 22 അംഗ അറബ് ലീഗ് കമ്മിറ്റി ഇരുകൂട്ടരുമായി അനുരഞ്ജന ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഇതുവരെ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.

ഹോംസ്, ഹമാ, കൈറോ തുടങ്ങിയ നഗരങ്ങളില്‍ സ്വാലിഹിന്റെ സൈന്യം ജനക്കൂട്ടത്തിനു നേരെ ആക്രമണം അഴിച്ചുവിടുകയാണെന്ന് വിമതര്‍ പറയുന്നു. ഇവിടങ്ങളിലാണ് കൂടുതല്‍ മരണം സംഭവിച്ചിരിക്കുന്നത്.

അതേസമയം, വിദേശ തീവ്രവാദികളും ആയുധധാരികളായ സംഘങ്ങളുമാണ് രാജ്യത്തെ ആഭ്യന്തര യുദ്ധം രൂക്ഷമാക്കുന്നതെന്നാണ് സിറിയന്‍ സര്‍ക്കാരിന്റെ വാദം. വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്ക് കടുത്ത നിയന്ത്രണങ്ങളാണ് രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഏഴു മാസമായി തുടരുന്ന ആഭ്യന്തരയുദ്ധത്തിനിടെ ഇതുവരെ 3000ലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് എക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്.

Malayalam News