എഡിറ്റര്‍
എഡിറ്റര്‍
സ്വിസ് ബാങ്ക് നിക്ഷേപം: തെളിവുണ്ടെങ്കില്‍ കെജ്‌രിവാള്‍ സര്‍ക്കാറിനെ സമീപിക്കണമെന്ന് കോണ്‍ഗ്രസ്
എഡിറ്റര്‍
Saturday 10th November 2012 3:17pm

ന്യൂദല്‍ഹി: സ്വിസ് ബാങ്ക് നിക്ഷേപം സംബന്ധിച്ച് കെജ്‌രിവാള്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ തെളിവുകളുണ്ടെങ്കില്‍ അദ്ദേഹം സര്‍ക്കാരിനെയോ അന്വേഷണ ഏജന്‍സികളെയോ സമീപിക്കുകയാണ് വേണ്ടതെന്ന് കോണ്‍ഗ്രസ്. മാധ്യമങ്ങളിലൂടെ ആരോപണമുന്നയിക്കുന്നത് ചില വ്യക്തികളെ അപകീര്‍ത്തിപ്പെടുത്താന്‍ മാത്രം ലക്ഷ്യമിട്ടാണെന്നും കോണ്‍ഗ്രസ് വക്താവ് റാഷിദ് ആല്‍വി പറഞ്ഞു.

Ads By Google

ഇക്കാര്യത്തില്‍ എന്തെങ്കിലും തെളിവുകളുണ്ടെങ്കില്‍ കെജ്‌രിവാള്‍ സര്‍ക്കാരിന് കൈമാറാന്‍ തയാറാകണമെന്നും റാഷിദ് ആല്‍വി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് എം.പി അനു ടണ്ഡന് സ്വിസ് ബാങ്കില്‍ 100 കോടി രൂപയുടെ നിക്ഷേപമുണ്ടെന്നായിരുന്നു കെജ്‌രിവാളിന്റെ ആരോപണം. അനില്‍ അംബാനിക്കും മുകേഷ് അംബാനിക്കും നിക്ഷേപമുണ്ടെന്നും കെജ്‌രിവാള്‍ ആരോപിച്ചിരുന്നു. കെജ്‌രിവാളിന്റെ ആരോപണം അനു ടണ്ഡന്‍ ഇന്നലെ തന്നെ നിഷേധിച്ചിരുന്നു.

മന്ത്രിസഭയില്‍ പുതുതായി സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രിയാണ് തനിക്ക് ഇക്കാര്യങ്ങള്‍ ചോര്‍ത്തിതന്നതെന്നായിരുന്നു കെജ്‌രിവാളിന്റെ അവകാശവാദം. എന്നാല്‍ അങ്ങനെയുണ്ടെങ്കില്‍ ആ മന്ത്രിയുടെ പേര് പുറത്തുവിടാന്‍ കെജ്‌രിവാള്‍ തയാറാകണമെന്നും റാഷിദ് ആല്‍വി ആവശ്യപ്പെട്ടു.

സ്വിസ് ബാങ്കില്‍ 700 ഇന്ത്യക്കാര്‍ക്ക് അക്കൗണ്ട് ഉണ്ടെന്നും ഇത് വഴി 6000 കോടിയുടെ കള്ളപ്പണമാണ് സ്വിസ് ബാങ്കിലുള്ളതെന്നുമാണ് കെജ്‌രിവാള്‍ ഇന്നലെ പത്രസമ്മേളനത്തില്‍ ഉന്നയിച്ചത്. 2011 ല്‍ കേന്ദ്ര സര്‍ക്കാറില്‍ നിന്നും ലഭിച്ച രേഖകളില്‍ ഇത് വ്യക്തമാണ്. ഇന്ത്യയിലെ പ്രമുഖ കമ്പനിയായ ഡാബര്‍ ഗ്രൂപ്പിലെ മൂന്ന് അംഗങ്ങള്‍ക്കുമായി 200 കോടിയുടെ കള്ളപ്പണമാണ് സ്വിസ് ബാങ്കില്‍ ഉള്ളത്.

സ്വിസ് ബാങ്കില്‍ അക്കൗണ്ട് ഉണ്ടാക്കുക എന്ന ബുദ്ധിമുട്ടേറിയ കാര്യം ചെയ്ത് ഇവരെല്ലാം പണം അവിടെ തന്നെ നിക്ഷേപിക്കുന്നതെന്തിനാണെന്നും ഇന്നലെ കെജ്‌രിവാള്‍ ചോദിച്ചിരുന്നു. ഇന്ത്യയിലെ 700 സ്വിസ് അക്കൗണ്ട് ഉടമകളില്‍ വെറും 100 പേരുടേത് മാത്രമാണ് റെയ്ഡ് ചെയ്തത്. റിലയന്‍സിന്റേയും ബിര്‍ളയുടേയും ഡാബറിന്റേയും സ്വത്ത് വിവരങ്ങള്‍ക്കായി സര്‍ക്കാര്‍ റെയ്ഡ് നടത്തുന്നില്ല. മുന്‍ ധനമന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജി ഈ 700 അക്കൗണ്ട് ഉടമകള്‍ക്ക് മാപ്പ് നല്‍കിയിരിക്കുകയാണ്.

അംബാനിമാരുടെ വീട് സര്‍ക്കാര്‍ റെയ്ഡ് നടത്താത്തതെന്താണെന്നും അദ്ദേഹം ചോദിച്ചു.കോണ്‍ഗ്രസ് എം.പി അനു ടണ്ടന് സ്വിസ് ബാങ്കില്‍ 125 കോടിയുടെ നിക്ഷേപമുണ്ടെന്നും കെജ്‌രിവാള്‍ ആരോപിച്ചിരുന്നു. അവരുടെ അന്തരിച്ച ഭര്‍ത്താവ് സന്ദീപ് ടണ്ടന്റെ പേരിലും 125 കോടി നിക്ഷേപമുണ്ട്. ജെറ്റ് എയര്‍വെയ്‌സ് ചെയര്‍മാന്‍ നരേഷ് കുമാര്‍ ഗോയലിന്റെ പേരില്‍ 80 കോടിയുടെ നിക്ഷേപമാണ് ഉള്ളത്.

Advertisement