Categories

സ്വിഫ്ടിന്റെ മഹാവിജയം

swift-Dool

ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കുറഞ്ഞ കാലയളവുകൊണ്ട് പത്തു ലക്ഷം വില്‍പ്പന നേടിയ കാര്‍ എന്ന ബഹുമതി മാരുതി സ്വിഫ്ടിന്.

മാരുതി സുസൂക്കിയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലിന്റെ വില്‍പ്പന ദശലക്ഷം കടന്നത് എട്ടുവര്‍ഷം കൊണ്ടാണ്. വിലയും വലുപ്പവും കുറവുള്ള മാരുതി 800 , ആള്‍ട്ടോ , വാഗന്‍ ആര്‍ , ഹ്യുണ്ടായി സാന്‍ട്രോ , ടാറ്റ ഇന്‍ഡിക്ക എന്നിവയെക്കാള്‍ വേഗത്തിലാണ് സ്വിഫ്ട് ഈ നേട്ടം കരസ്ഥമാക്കിയത്.

2005 ല്‍ സ്വിഫ്ട് പുറത്തിറക്കുമ്പോള്‍ പ്രതിമാസം 5000 എണ്ണം വില്‍ക്കാനായിരുന്നു മാരുതി സുസൂക്കിയുടെ പദ്ധതി. ഇത്ര വിലപിടിച്ച ഹാച്ച്ബാക്കിന് ആവശ്യക്കാര്‍ അധികം ഉണ്ടാവില്ലെന്നു കമ്പനി കരുതി.

എന്നാല്‍ പ്രതീക്ഷിച്ചതിലും വില്‍പ്പന വിജയം സ്വിഫ്ടിനെ തേടിയെത്തി. പെട്രോള്‍ എന്‍ജിനുമായി വിപണിയിലെത്തിയ കാലത്ത് സ്വിഫ്ടിന് എതിരാളികള്‍ ഇല്ലായിരുന്നു എന്നതും വിജയത്തിലേക്കുള്ള പാത ലളിതമാക്കി.

നിലവില്‍ പ്രതിവര്‍ഷം രണ്ടുലക്ഷത്തിനടുത്ത് വാര്‍ഷിക വില്‍പ്പനയുള്ള സ്വിഫ്ട് , ഇന്ത്യയില്‍ ഏറ്റവും വില്‍പ്പനയുള്ള കാറുകളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുണ്ട്.

മാരുതി ആള്‍ട്ടോ തന്നെയാണ് ഈ പട്ടികയില്‍ ഒന്നാമതെങ്കിലും ഓരോ വര്‍ഷം വില്‍പ്പന കണക്കില്‍ ആള്‍ട്ടോയുമായുള്ള വ്യത്യാസം കുറയ്ക്കാന്‍ സ്വിഫ്ടിനു കഴിയുന്നുണ്ട്. ഈവര്‍ഷം ഏപ്രില്‍  ഒക്ടോബര്‍ കാലയളവില്‍ 1,08,619 സ്വിഫ്ട് ഇന്ത്യയില്‍ വില്‍പ്പന നടന്നു. മുന്‍ വര്‍ഷത്തേതിനേക്കാള്‍ 18 ശതമാനമാണ് വില്‍പ്പന വളര്‍ച്ച.

എന്‍ട്രി ലെവല്‍ സെഡാനായ മാരുതി എസ്റ്റീമില്‍ ഉപയോഗിച്ചിരുന്ന അതേ 1.3 ലീറ്റര്‍ പെട്രോള്‍ എന്‍ജിനായിരുന്നു ആദ്യമോഡല്‍ സ്വിഫ്ടില്‍ ഉപയോഗിച്ചിരുന്നത്. 2007ല്‍ ഫിയറ്റുമായി സഹകരിച്ച് 1.3 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ കൊണ്ടുവന്നതോടെ സ്വിഫ്ടിന്റെ വില്‍പ്പന കുതിച്ചുകയറി.

പിന്നീട് മുഖം മിനുക്കിയ സ്വിഫ്ടിന് സുസൂക്കി സ്വന്തമായി വികസിപ്പിച്ച 1.2 ലീറ്റര്‍ കെസീരിസ് എന്‍ജിന്‍ നല്‍കി. നിലവിലുള്ള പെട്രോള്‍ സ്വിഫ്ടിന് ഈ എന്‍ജിനാണ്.

വിദേശവിപണിയില്‍ ലഭ്യമായ സ്വിഫ്ട് സ്‌പോര്‍ട് എന്ന 1.6 ലീറ്റര്‍ എന്‍ജിനുള്ള കരുത്ത് കൂടിയ വകഭേദം വൈകാതെ ഇന്ത്യയിലെത്തിക്കാന്‍ മാരുതി സുസൂക്കിയ്ക്ക് പദ്ധതിയുണ്ടെന്ന് കേള്‍ക്കുന്നു.

Autobeatz

Tagged with: