Categories

ശ്വേതാ മേനോന്‍ പരാതി പിന്‍വലിച്ചു

swetha

കൊല്ലം: കൊല്ലത്ത് പൊതുവേദിയില്‍ അപമാനിച്ചെന്ന ആരോപണത്തില്‍ നിന്ന് പ്രമുഖ നടി ശ്വേത മേനോന്‍ പിന്മാറി.

ഇതുമായി ബന്ധപ്പെട്ട എല്ലാ നിയമനടപടികളും പിന്‍വലിക്കുകയാണെന്നും അവര്‍ ഇ-മെയ്ല്‍ സന്ദേശത്തില്‍ വ്യക്തമാക്കി.

ബാഹ്യപ്രേരണകള്‍ ഒന്നും ഈ തീരുമാനത്തിന് പിന്നിലില്ലെന്ന് ശ്വേത പറയുന്നു. കുടുംബാംഗങ്ങളോട് ആലോചിച്ച ശേഷമാണ് തീരുമാനമെടുത്തത്.

പീതാംബരക്കുറുപ്പിന്റെ പ്രായത്തെ ബഹുമാനിക്കുന്നുവെന്നും രഹസ്യമായും പരസ്യമായും മാപ്പ പറഞ്ഞതിനെ അംഗീകരിക്കുന്നതായും ശ്വേത പറഞ്ഞു.

പീതാംബര കുറുപ്പിനൊപ്പം മറ്റൊരാള്‍ കൂടി തന്നെ അപമാനിച്ചെന്ന് പറഞ്ഞിട്ടില്ലെന്നും ശ്വേത വ്യക്തമാക്കി.

പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളി മത്സരത്തിന്റെ ഉദ്ഘാടന വേദിയില്‍ പീതാംബര കുറുപ്പ് എം.പിയും കണ്ടാലറിയാവുന്ന ഒരു വ്യവസായ പ്രമുഖനും തന്നെ അപമാനിച്ചു എന്നായിരുന്നു ആരോപണം.

എന്നാല്‍ ഇത് സംബന്ധിച്ച് അവര്‍ ഇതുവരെ രേഖാമൂലം പരാതിയൊന്നും നല്‍കിയിരുന്നില്ല. ഡി.വൈ.എഫ്.ഐയുടെ പരാതി പരിഗണിച്ചാണ് പോലീസ് ശ്വേതയുടെ മൊഴിയെടുത്തത്.

അപമാനിക്കപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പരാതി നല്‍കുമെന്ന് ശ്വേത കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

കൊല്ലം ജില്ലാ കലക്ടര്‍ക്കെതിരെയും ശ്വേത ആരോപണമുന്നയിച്ചിരുന്നു. അപമാനിക്കപ്പെട്ട സംഭവം കലക്ടറോട് പറഞ്ഞിട്ടും കലക്ടര്‍ കള്ളം പറഞ്ഞതായും ശ്വേത ആരോപിച്ചിരുന്നു.

മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ് കളക്ടര്‍ നിലപാട് മാറ്റി. ഇത് തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

അതേസമയം, ശ്വേത മേനോനെ താന്‍ അപമാനിച്ചു എന്ന വാര്‍ത്ത തികച്ചും അസത്യമാണെന്നും ചില സീറ്റ് മോഹികളാണ് ഇതിന് പിന്നിലെന്നും പീതാംബര കുറുപ്പ് എം.പി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Tagged with: