Administrator
Administrator
ആക്ഷന്‍ ഫിലിം ചെയ്യാന്‍ ആഗ്രഹം: ശ്വേത മേനോന്‍
Administrator
Sunday 5th December 2010 10:50pm

മലയാള സിനിമയ്ക്ക് ഏറെ പരിചിതമായ പേരാണ് ശ്വേതാമേനോന്‍. പതിനാലാം വയസ്സില്‍ നായികയായെത്തിയ ശ്വേത വര്‍ഷങ്ങള്‍ക്കു ശേഷം വലിയൊരു തിരിച്ചുവരവാണ് നടത്തിയത്. ഗ്ലാമര്‍വേഷത്തിലൂടെ തിരിച്ചെത്തിയ ശ്വേത സ്ത്രീപ്രാധാന്യമുള്ള കഥാപാത്രങ്ങളുടെ ഒരു നിര തന്നെയാണ് വെള്ളിത്തിരയിലെത്തിച്ചത്. അത്തരമൊരു കഥാപാത്രം വീണ്ടും ചെയ്യുകയാണ് ശ്വേത. മലയാളത്തിലെ ക്ലാസിക്കുകളിലൊന്നായ രതിനിര്‍വ്വേദത്തിന്റെ റീമേക്കിലൂടെ. സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ശ്വേത സംസാരിക്കുന്നു.

രതിനിര്‍വേദത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് വിശദീകരിക്കാമോ?

മലയാളത്തില്‍ റീമേക്ക് എന്ന ട്രെന്റ് കൊണ്ടുവന്ന സുരേഷ് കുമാറാണ് രതിനിര്‍വേദം നിര്‍മിക്കുന്നത്. രതി കലാമന്ദിറിന്റെ ബാനറിലൊരുക്കിയിരിക്കുന്ന ചിത്രം പ്രശസ്ത സംവിധായകന്‍ ടി.കെ രാജീവാണ് സംവിധാനം ചെയ്യുന്നത്. പത്മരാജന്റെ തിരക്കഥതന്നെയാണ് റീമേക്കിലും.

പ്രായമുള്ള ഒരു സ്ത്രീയില്‍ ആകര്‍ഷണീയനായ കൗമാരക്കാരന്റെ കഥ പറയുന്ന ചിത്രമാണ് രതിനിര്‍വേദം. രാജീവ് സാര്‍ ഈ റോള്‍ ചെയ്യാനെന്നോട് പറഞ്ഞപ്പോള്‍ വലിയ സന്തോഷം തോന്നി. ചിത്രീകരണം ഉടനെ പൂര്‍ത്തിയാകും.

ഒറിജിനല്‍ രതിനിര്‍വേദം കണ്ടിട്ടുണ്ടോ?

ഞാന്‍ ഇതവരെ കണ്ടിട്ടില്ല, കാണുകയും വേണ്ട. ഞാന്‍ ചെയ്യുന്നത് രതിനിര്‍വേദത്തിന്റെ റീമേക്കാണ്. എനിക്കറിയാം രതിനിര്‍വ്വേദം ഒരു ക്ലാസിക് ചിത്രമാണെന്ന്. പക്ഷേ എനിക്കതു കാണേണ്ട ആവശ്യമില്ല. കാരണം ജയഭാരതിയുടെ അഭിനയം എന്നെ ഒരു തരത്തിലും സ്വാധീനിക്കാന്‍ പാടില്ല. ഒറിജിനല്‍ ചിത്രത്തിന്റെ തനിപ്പകര്‍പ്പാകണം ഇത് എന്ന് ഞാനാഗ്രഹിക്കുന്നില്ല. രതിനിര്‍വേദത്തിന്റെ പുതിയ ഭാഗം എന്റേതുമാത്രമായിരിക്കും.

ചിത്രത്തില്‍ മസാല സീനുകളില്ലേ?

അതിനെക്കുറിച്ചൊന്നും എനിക്കറിയില്ല.മഹാനായ കഥാകൃത്തിന്റെ തിരക്കഥയും എനിക്ക് ഇഷ്ടപ്പെട്ട സിനിമാ പ്രവര്‍ത്തകരും എന്ന നിലയിലാണ് ഈ സിനിമയിലേക്ക് ഞാന്‍ ആകൃഷ്ടനായത്. ആ കഥ എനിക്കറിയാം. രതിച്ചേച്ചിയും പപ്പുവുമായുള്ള ബന്ധത്തിന്റെ കഥ പറയുകയാണിത്. അവരുടെ ബന്ധത്തെ വ്യാഖ്യാനിക്കാന്‍ ചിലപ്പോള്‍ മസാല സീനുകള്‍ ഉണ്ടാവാം.

ഒരിക്കല്‍ ഞാന്‍ പത്മരാജനെ കണ്ടപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞിരുന്നു അദ്ദേഹത്തിന്റെ ഏതെങ്കിലുമൊരു സിനിമയില്‍ എന്നെ അഭിനയിപ്പിക്കണമെന്ന്. പക്ഷേ അതു നടന്നില്ല. ഇപ്പോള്‍ അദ്ദേഹത്തിന്റെ തിരക്കഥയെ ആധാരമാക്കി എനിക്ക് സിനിമ ചെയ്യാന്‍ എനിക്കു സാധിച്ചു. എവിടെയാണെങ്കിലും ഇതിലദ്ദേഹം സന്തോഷിക്കുന്നുണ്ടാവുമെന്ന് എനിക്കുറപ്പാണ്.

അവളുടെ രാവുകള്‍ എന്ന ചിത്രത്തിന്റെ റീമേക്കില്‍ അഭിനയിക്കാന്‍ ശ്വേത വിസമ്മതിച്ചു എന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നല്ലോ, ഇതിനെകുറിച്ച് എന്തു പറയുന്നു?

സത്യം പറയാലോ ഞാനാ ഓഫറിനെ കുറിച്ച് അറിഞ്ഞതുതന്നെ മീഡിയയിലൂടെയാണ്. ഔദ്യോഗികമായി എനിക്കൊരു ഓഫറും ലഭിച്ചിരുന്നില്ല. എന്തായാലും ഇതിന്റെ പേരില്‍ ഒരു വിവാദം ഉണ്ടാക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല.

ശരിയായ രീതിയില്‍ സമീപിച്ചിരുന്നെങ്കില്‍ ആ ഓഫര്‍ സ്വീകരിക്കുമായിരുന്നോ

എനിക്കറിയില്ല. ചിലപ്പോള്‍ ഞാന്‍ ഏറ്റെടുത്തേനെ. ചിലപ്പോള്‍ ഒഴിവാക്കിയേനെ. സീമച്ചേച്ചി ചെയ്ത നല്ലൊരു സിനിമയാണത്. അതും സ്ത്രീകഥാത്രത്തെ കേന്ദ്രീകരിച്ചുള്ളതായിരുന്നു. എന്നാല്‍ അതിനെക്കുറിച്ച് ഒരു ചര്‍ച്ചയും ഇതുവരെ നടന്നിട്ടില്ല.

പാലേരിമാണിക്യത്തിലെയും പരദേശിയിലെയും മധ്യവേനലിലെയും കയത്തിലേയും ശ്വേതയുടെ റോളുകള്‍ ശ്രദ്ധനേടിയിട്ടുണ്ട്. ഏതാണ് ഇതിലേറ്റവും ഇഷ്ടമുള്ളത്?

ഞാന്‍ പറയും പരദേശിയിലെ ആമിന എന്ന്. കാരണം അതുവരെ ഞാന്‍ ചെയ്തത് ഗ്ലാമറസ് കഥാപാത്രങ്ങളായിരുന്നു. പി.ടി കുഞ്ഞുമുഹമ്മദ് പരദേശിയിലെ ഈ റോളിനെക്കുറിച്ച് പറഞ്ഞപ്പോള്‍ ഞാനാകെ ഷൊക്ക്ഡായി. ശരിക്കും ആ വേഷം എനിക്കുതന്നെയാണോ എന്നുറപ്പുവരുത്താനായി ഒരു നൂറുവട്ടമെങ്കിലും ഞാന്‍ അദ്ദേഹത്തെ വിളിച്ചിട്ടുണ്ടാവും. ഞാന്‍ എന്റെ ജീവിതത്തിലെടുത്ത ആദ്യത്തെ റിസ്‌ക് ആമിനയാണ്. അത് എന്റെ കരിയര്‍ തന്നെ മാറ്റുകയുണ്ടായി.

തീര്‍ച്ചയായും, അടുത്തത് പലേരമാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥയിലെ തന്റേടിയും വികാരഭരിതയുമായ ചീരുവാണ്. യുവതിയായി ചീരുവിനേയും വൃദ്ധയായ ചീരുവിനേയും അവതരിപ്പിച്ചത് ഞാന്‍തന്നെയായിരുന്നു. ആ മാറ്റം വലിയൊരു വെല്ലുവിളിയായിരുന്നു.

മധ്യവേനലിലെ സരോജിനിയേയും കടാക്ഷത്തിലെ രേവതിയെയും കയത്തിലെ താമരയും പെണ്‍പട്ടണത്തിലെ സുഹ്‌റയുമെല്ലാം ഞാനാസ്വദിച്ച് ചെയ്ത വ്യത്യസ്തമായ കഥാപാത്രങ്ങളാണ്.

ചീരുവിനുവേണ്ടി എന്തെങ്കിലും ഹൊം വര്‍ക്ക് ചെയ്തിരുന്നോ?

ഇല്ല. ശരിക്കും രജ്ഞിത്ത് ആ കഥ പറഞ്ഞപ്പോള്‍ സീരിയസ് വിഷയത്തെ കുറിച്ചുള്ള ഒരു പ്രത്യേക കാലഘട്ടത്തിലെ കഥ എന്ന നിലയ്ക്ക് ഞാനതിനെ ഏറ്റെടുക്കുകയായിരുന്നു. അന്‍പതുകളുടെ അവസാനത്തില്‍ നടന്ന ഒരു സംഭവമാണതെന്ന് പിന്നീടാണ് ഞാന്‍ അറിഞ്ഞത്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ റെയ്പ് കേസായിരുന്നു അത്.

ഡയറക്ടര്‍ ഉണ്ടാക്കിയ നടിയാണ് ഞാന്‍. എന്റെ കഴിവിനെ ഇത്രയും ക്ഷമയോടെ പുറത്തെടുത്തത് രജ്ഞിത്ത് സാറാണ്. സിനിമയുടെ കഥ നിര്‍മിക്കാന്‍ അവലംബമാക്കിയ പുസ്തകം പോലും ഞാന്‍ വായിച്ചിരുന്നില്ല. ഞാനൊരു നല്ല നിരീക്ഷകയാണ്. ചീരുവിനെ മികച്ചതാക്കാന്‍ ഈ ഗുണം എനിക്കുസഹായകമായി.

സംസ്ഥാന അവാര്‍ഡ് ശ്വേതയില്‍ എന്തെങ്കിലും മാറ്റം ഉണ്ടാക്കിയിട്ടുണ്ടോ?

എനിക്ക് ഒരു മാറ്റവുമുണ്ടായിട്ടില്ല. ഞാന്‍ ആ പഴയ ശ്വേതാമേനോന്‍ തന്നെയാണ്. പക്ഷേ സിനിമയോടുള്ള എന്റെ മനോഭാവത്തില്‍ അത് മാറ്റമുണ്ടാക്കിയിട്ടുണ്ട്. പതിനാലുവയസ്സുള്ളപ്പോഴാണ് ഞാനെന്റെ ആദ്യ ചിത്രം ചെയ്തത്. ആ സമയത്ത് സിനിമയെ ഞാന്‍ സീരിയസാക്കി എടുത്തിരുന്നില്ല. അതെനിക്കുവെറുമൊരു ടൈം പാസ് മാത്രമായിരുന്നു. പിന്നീട് ഞാന്‍ മിസ് ഇന്ത്യ റണ്ണറപ്പ് ടൈറ്റില്‍ നേടിയപ്പോള്‍ മോഡലിങ് എന്റെ പ്രഫഷനായി മാറി.

എനിക്കൊരു അവാര്‍ഡ് കിട്ടിയെന്നറിഞ്ഞപ്പോള്‍ വലിയൊരു ഞെട്ടലായിരുന്നു. അത് മാറികിട്ടാന്‍ കുറച്ചു സമയമെടുത്തു. അവാര്‍ഡുകള്‍ നമ്മുടെ ഉത്തരവാദിത്തം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. പ്രേക്ഷകര്‍ തീര്‍ച്ചയായും നമ്മളില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കും. നല്ല നല്ല റോളുകള്‍ ലഭിക്കുന്നതിനുള്ള ഒരു വാതായനം കൂടിയാണ് അവാര്‍ഡുകള്‍. ഇപ്പോള്‍ ഞാന്‍ സിനിമയെ സീരിയസായി കാണാന്‍ തുടങ്ങി.

പത്തൊന്‍പതുവര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയുടെ ജോഡിയായി മറ്റൊരു ചിത്രം.  ഇത്രയും കാലങ്ങള്‍ക്കുശേഷം അദ്ദേഹത്തോട് അഭിനയിച്ചപ്പോഴുണ്ടായ അനുഭവം.

അനശ്വരം എന്ന സിനിമചെയ്യുമ്പോള്‍ എനിക്കുവെറും പതിനാലുവയസ്സേ ഉണ്ടായിരുന്നുള്ളൂ. ആ സമയത്തുതന്നെ മമ്മൂക്ക സൂപ്പര്‍സ്റ്റാറായിരുന്നു. മമ്മൂക്കയോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. എന്നാല്‍ മമ്മൂക്ക ഇപ്പോള്‍ എന്റെ സഹപ്രവര്‍ത്തകനെപ്പോലെയാണ്. നല്ലൊരു ജോഡിയാണ് മമ്മൂക്ക.

സെക്‌സി നടി എന്ന ഇമേജില്‍ നിന്നും സീരിയസ് ആക്ട്രസ് എന്ന ഇമേജിലേക്ക് മാറാന്‍ ബോധപൂര്‍വമായി ശ്രമം ശ്വേത നടത്തുന്നുണ്ടോ?

നോക്കൂ, ഞാന്‍ അവന്‍ അല്ലയും പാലേരിമാണിക്യവും ചെയ്തത് ഒരേ സമയത്താണ്. ഒന്ന് ഗ്ലാമറസ് വേഷമായിരുന്നു. ലുക്ക്‌സിനെ അടിസ്ഥാനമാക്കി ഞാന്‍ കഥാപാത്രത്തെ തിരഞ്ഞെടുക്കാറില്ല. ഗ്ലാമറസ് വേഷം ചെയ്യുമ്പോഴും അല്ലാത്ത വേഷം ചെയ്യുമ്പോഴും ഞാന്‍ വളരെ കംഫേര്‍ട്ടബിളാണ്. ഒരു നല്ല നടി ആകണമെന്നേ എനിക്ക് ആഗ്രഹമുള്ളൂ.

ശാരദാമ്മയും ഷീലാമ്മയും അവരുടെ കാലത്ത് ചെയ്ത റൊളുകള്‍ ചെയ്യണമെന്ന് നേരത്തെ എനിക്കാഗ്രഹമുണ്ടായിരുന്നു. പാലേരിമാണിക്യത്തിലൂടെയും പരദേശിയിലൂടെയും ഞാനെന്റെ ആഗ്രഹം സഫലമാക്കി. ഇപ്പോള്‍ എനിക്ക് ആക്ഷന്‍ ഫിലിംസ് ചെയ്യാനാഗ്രമുണ്ട്.

കടപ്പാട്: റഡിഫ് ന്യൂസ്

പരിഭാഷ: ജിന്‍സി ബാലകൃഷ്ണന്‍

Advertisement