‘കയം’ എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ ചിത്രം ലൈഗിക ഉത്തേജകമെന്നറിയപ്പെടുന്ന മുസ്ലീപവര്‍ എക്‌സ്ട്രയുടെ പരസ്യത്തില്‍ ഉപയോഗിച്ചതിനെതിരെ നടി ശ്വേത. ഇതിനെതിരെ ശ്വേത വനിതാകമ്മീഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

അനില സുഭാഷ് നിര്‍മിച്ച് അനില്‍ സംവിധാനം ചെയ്ത ‘കയം’ എന്ന ചിത്രത്തിലെ നിശ്ചലചിത്രങ്ങളാണ് മുസ്ലീപവര്‍ എക്‌സ്ട്രയുടെ പരസ്യത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ശ്വേതയുടെ ചിത്രത്തിനോടൊപ്പം സന്തോഷകരമായ കുടുംബജീവിതത്തിന് മുസ്ലീപവര്‍ എക്‌സ്ട്ര എന്ന കാപ്ഷനോടുകൂടിയാണ് പരസ്യം വന്നത്.

‘ചിത്രത്തിലെ പ്രമേയത്തിന് യോജിക്കുന്ന തരത്തിലുള്ള വസ്ത്ര ധാരണമാണ് നടത്തിയത്. നല്ലൊരു ചിത്രത്തിന്റെ ഭാഗങ്ങള്‍ ചീപ്പ് പബ്ലിസിറ്റിക്ക് ഉപയോഗിച്ചിരിക്കുകയാണ്.’ ശ്വേത പറയുന്നു.

ഇക്കാര്യം സംവിധായകന്‍ അനിലിനെ അറിയിച്ചിരുന്നു. ഇതിനെക്കുറിച്ച് അന്വേഷിച്ച് പറയാമെന്നാണ് അനില്‍ അന്ന് പറഞ്ഞത്. എന്നാല്‍ പ്രൊഡ്യൂസറുടെ അനുവാദമില്ലാതെ ഇങ്ങനെ ചെയ്യില്ല എന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്. അവരുടെ അറിവോടുകൂടി തന്നെയാണ് ഇതുനടന്നിരിക്കുന്നത്. തന്റെ ചിത്രം ഇത്തരമൊരു ചീപ്പ് പബ്ലിസിറ്റിയ്ക്ക് ഉപയോഗിച്ചതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു.

ഇതിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ശ്വേതയിപ്പോള്‍. സിനിമാ സംഘടനകള്‍ക്കും ശ്വേത പരാതിനല്‍കും. നടി എന്നതിലുപരി സ്ത്രീ എന്ന നിലയ്ക്കാണ് തന്റെ പോരാട്ടമെന്നും ശ്വേത പറഞ്ഞു.