തിരുവനന്തപുരം: ഈ വര്‍ഷത്തെ സ്വരലയ കൈരളി യേശുദാസ് ട്രസ്റ്റിന്റെ ലെജന്‍ഡറി പുരസ്‌കാരം ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കറിന്. മുന്‍ വിദ്യാഭ്യാസമന്ത്രി എം.എ ബേബി ചെയര്‍മാനായിട്ടുള്ള ജൂറിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ഹിന്ദിയ്ക്കു പുറമെ 36 പ്രാദേശിക ഭാഷകളിലായി ഏഴു ദശാബ്ദത്തോളമായി ഇന്ത്യന്‍ സംഗീത ശാഖയ്ക്ക് നല്‍കിയ സംഭാവകളെ പരിഗണിച്ചുകൊണ്ടാണ് ലതാ മങ്കേഷ്‌കറിന് പുരസ്‌കാരം നല്‍കുന്നതെന്ന് ജൂറി അംഗങ്ങള്‍ വ്യക്തമാക്കി. രണ്ടുലക്ഷം രൂപയും പ്രശസ്തിപത്രവും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്‍പവും അടങ്ങുന്നതാണ് അവാര്‍ഡ്.

കൈരളി സ്വരലയ 2011 ലെ പ്രസിദ്ധിയാര്‍ജ്ജിച്ച ഗായികയ്ക്കുള്ള ട്രസ്റ്റിന്റെ പുരസ്‌കാരം പ്രശസ്ത ഗായിക ശ്രേയ ഘോഷാലിന് ലഭിച്ചു. മലയാള സിനിമാസംഗീതത്തിന്റെ അവിഭാജ്യഘടകമായി മാറിയ ശ്രേയ ഘോഷാല്‍ ബംഗാളി, തമിഴ്, കന്നഡ, ആസാമിസ്, മറാത്തി, പഞ്ചാബി തുടങ്ങിയ ഭാഷകളിലും പാടിയിട്ടുണ്ട്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവുമടങ്ങുന്നതാണ് പുരസ്‌കാരം.

സെപ്റ്റംബറില്‍ തിരുവനന്തപുരത്തുവെച്ചു നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കുമെന്നും ജൂറി അറിയിച്ചു.