ഗിന്നസ് പക്രുവും മുകേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സ്വന്തം ഭാര്യ സിന്ദാബാദ് ഇന്ന് തിയേറ്ററുകളിലെത്തും. ബിജു വട്ടപ്പാറയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. നാല്‍പ്പതു കഴിഞ്ഞിട്ടും അവിവാഹിതനായി പാര്‍ട്ടിക്ക് വേണ്ടി കഴിയുന്ന രണ്ടടി ആറിഞ്ച് മാത്രം പൊക്കമുള്ള സഖാവ് വെട്ടൂര്‍ ശിവന്‍കുട്ടിയെ പാര്‍ട്ടി ഇടപെട്ട് സാധാരണക്കാരിയായ പെണ്‍കുട്ടിയെ വിവാഹം ചെയ്യിക്കുന്നതും അതോടനുബന്ധിച്ചുണ്ടാക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

ഇഫാര്‍ ഇന്റര്‍നാഷണലിന്റെ ബാനറില്‍ റാഫി നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ശ്രുതി ലക്ഷ്മിയാണ് നായിക. സുരാജ് , സലീംകുമാര്‍, ഹരിശ്രീ അശോകന്‍ , ജാഫര്‍ ഇടുക്കി, ശ്രീജിത്ത് രവി, സാജു കൊടിയന്‍ , രാഘവന്‍, ഭാഗി, തെസ്‌നിഖാന്‍ , ശ്രീക്കുട്ടി, മങ്കാ മഹേഷ്, മീനാ ഗണേഷ് തുടങ്ങിയവരാണ് താരനിരയില്‍ ഉള്ളത്. റാഫി മതിര എഴുതിയ വരികള്‍ക്ക് ഈണം പകരുന്നത് കൈതപ്രം വിശ്വനാഥനാണ്. ജാസി ഗിഫ്റ്റ്, പ്രദീപ് പള്ളുരുത്തി എന്നിവരാണ് ഗായകര്‍. ക്യാമറ:എസ്. ബാലസുബ്രഹ്മണ്യന്‍, വിതരണം: ബീബാ ക്രിയേഷന്‍സ്.

ഭാര്യ ഒന്ന് മക്കള്‍ മൂന്നിനുശേഷം രാജസേനന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘സ്‌മോള്‍ ഫാമിലിയും ഇന്ന് തിയേറ്ററുകളിലെത്തും. യുവതാരം കൈലാഷും സുരാജ് വെഞ്ഞാറമ്മൂടുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവത രിപ്പിക്കുന്നത്. കള്ളവാറ്റിലൂടെ മദ്യരാജാക്കന്മാരായി മാറുന്ന ഒരു കുടുംബത്തിന്റെ കഥയാണ് സ്‌മോള്‍ ഫാമിലി.

ശ്രീഹരി, ദേവയാനി, അനന്യ, ലക്ഷ്മിപ്രിയ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. രാജസേനന്‍ തന്നെയാണ് കഥയും തിരക്കഥയുമൊരുക്കുന്നത്. സംഭാഷണം സുജിത്, സംഗീതം എം. ജയചന്ദ്രന്‍, ക്യാമറ പ്രദീപ്. ഗോകുലം മൂവീസിനു വേണ്ടി ഗോകുലം ഗോപാലനാണ് സിനിമ നിര്‍മ്മിക്കുന്നത്.