ദര്‍ശനം / സ്വാമി വിശ്വഭദ്രാനന്ദശക്തിബോധി

ഭഗവദ്ഗീതയെ സന്ന്യാസികളുടെ പ്രമാണഗ്രന്ഥമായാണ് പൊതുവേ കരുതുന്നത്. അതിനാല്‍ തന്നെ ഒരാള്‍ സന്ന്യാസിയാകണമെങ്കില്‍ ഭഗവദ്ഗീതാപ്രഭാഷണം നടത്തണം എന്നൊരു ധാരണയും പരക്കെയുണ്ട്. പക്ഷേ, നാം ഓര്‍മ്മിക്കേണ്ടൊരു പ്രധാനകാര്യമുണ്ട്. ആധുനികേന്ത്യയിലെ പ്രഗത്ഭരായ സന്ന്യാസിമാരൊന്നും ഗീതാപ്രഭാഷണം നടത്തിയവരല്ലായിരുന്നു എന്നതാണത്. ചട്ടമ്പിസ്വാമികളോ ശ്രീനാരായണഗുരുവോ ഭഗവദ്ഗീതയെക്കുറിച്ചെഴുതുകയോ പ്രഭാഷണം നടത്തുകയോ ചെയ്തിട്ടില്ല. മുവ്വായിരത്തോളം പേജുകള്‍ വരുന്ന വിവേകാനന്ദസാഹിത്യസര്‍വ്വസ്വത്തില്‍ വെറും മൂന്നുപേജ് ദൈര്‍ഘ്യമുള്ള ഒരൊറ്റലേഖനം മാത്രമാണ് ഭഗവദ്ഗീതയെ പ്രമേയമാക്കിയിട്ടുള്ളത്.

ഇതൊക്കെ കണക്കിലെടുക്കുമ്പോള്‍ ഒരാള്‍ സന്ന്യാസിയാകണമെങ്കില്‍ ഗീതയെക്കുറിച്ചെഴുതുകയോ പ്രസംഗിക്കുകയോ ചെയ്യണം എന്ന ഇക്കാലത്തെ പൊതു ധാരണ അത്ര വലിയ ശരിയാണെന്നു പറയാനാവില്ല. അങ്ങിനെ പറയുവാന്‍ ശ്രമിച്ചാല്‍, ദിവസവും ഗീതാപ്രഭാഷണം നടത്തുന്ന സന്ദീപാനന്ദഗിരിയേക്കാള്‍ മോശം സന്ന്യാസിമാരാണ് ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുവും എന്നു പറയേണ്ടിവരും.

എന്തെന്നാല്‍ രണ്ടുപേരും ഗീതാപ്രഭാഷകരോ ഗീതാവ്യാഖ്യാതാക്കളോ ആയിരുന്നില്ലല്ലോ. മാത്രമല്ല, ഭഗവദ്ഗീതയ്ക്ക് തനതായ വ്യാഖ്യാനങ്ങള്‍ എഴുതി എന്നതിനാല്‍ കറകളഞ്ഞ രാഷ്ട്രീയപ്രവര്‍ത്തകരായിരുന്ന ലോകമാന്യതിലകനേയും മഹാത്മാഗാന്ധിയേയും ഒക്കെ ഉത്തമസന്ന്യാസിമാരായി കാണേണ്ടിയും വരും. ഈ പശ്ചാത്തലത്തിലാണ് ഭഗവദ്ഗീതയും സന്ന്യാസവും തമ്മിലെന്താണു ബന്ധം എന്നതിനെച്ചുറ്റിപ്പറ്റി ചിലത് പറയേണ്ടിവരുന്നത്.

ഗീതാഗുരുവായ കൃഷ്ണനേയും ഗീതയുടെ ആദ്യത്തെ ശ്രോതാവായ അര്‍ജ്ജുനനേയും മുന്‍നിര്‍ത്തി പരിശോധിച്ചാല്‍ ഭഗവദ്ഗീത സന്ന്യാസജീവിതത്തിന്റെ പ്രമാണഗ്രന്ഥമാണെന്നു പറയാനാവില്ല. എന്തെന്നാല്‍ ശ്രീകൃഷ്ണനും അര്‍ജ്ജുനനും വിവാഹിതരായിരുന്നു. മക്കളും പേരക്കുട്ടികളും ഉള്ളവരുമായിരുന്നു. അതിനാല്‍ ഗീതയെ ഒരു ഗൃഹസ്ഥന്‍ മറ്റൊരു ഗൃഹസ്ഥനു ജീവിതപ്രതിസന്ധിയില്‍ നിന്നു കരയേറ്റമുണ്ടാകാനായി നല്‍കിയ ഉപദേശമായും കാണാം.

ഇങ്ങനെ കാണുമ്പോള്‍ അവിവാഹിതത്വവും അലൈംഗികതയും നിര്‍ബന്ധമാക്കിയ കാവിധാരികളുടെ പ്രഭാഷണപ്രമേയം എന്ന അവസ്ഥയില്‍ നിന്ന് ഭഗവദ്ഗീതക്കൊരു മോചനം ഉണ്ടാകേണ്ടതുണ്ടെന്നും പറയേണ്ടിവരും. ഈ വഴിയ്ക്കുണ്ടായ രണ്ടു മഹല്‍സംരംഭങ്ങള്‍ എന്ന നിലയില്‍ ബാലഗംഗാധരതിലകന്റെ ‘ഗീതാരഹസ്യ’ത്തേയും മഹാത്മാഗാന്ധിയുടെ ‘അനാസക്തിയോഗ’ത്തേയും മാനിക്കേണ്ടതുണ്ടെന്നു കൂടി സൂചിപ്പിക്കട്ടെ.

ഭഗവദ്ഗീത സന്ന്യാസത്തെ സംയമജീവിതമായാണു കാണുന്നത്. ഇതല്ലാതെ, വിവാഹിതരാകാതെ തലമുണ്ഡനം ചെയ്തു കാവിധരിച്ച് നടത്തുന്ന കെട്ടുക്കാഴ്ചയും ചൊല്‍ക്കാഴ്ചയുമായല്ല. സംയമനമെന്നാല്‍ നിയന്ത്രണമെന്നാണ് അര്‍ത്ഥം; അല്ലാതെ നിരോധനം എന്നല്ല. സംയമനം കൂടാതെ മനുഷ്യനു നിലനില്പ് സാദ്ധ്യമല്ല. മക്കളുടെ നല്ല ഭാവിയ്ക്കുവേണ്ടി സ്വന്തം ആഗ്രഹങ്ങളെ നിയന്ത്രിക്കുന്ന മാതാപിതാക്കളുണ്ട്-അവരുടെ നിയന്ത്രിതജീവിതമാണു മക്കളുടെ നല്ലഭാവിയായി രൂപാന്തരപ്പെടുന്നത്. ഇതു ഗീതാശാസ്ത്രപ്രകാരം സന്ന്യാസമാണ്. എവിടെയൊക്കെ സംയമനമുണ്ടോ അവിടെയൊക്കെ സന്ന്യാസമുണ്ടെന്നാണു ഗീതാമതം.

സംയമനരഹിതമായ ജീവിതം രോഗാതുരമായിരിക്കും. നിയന്ത്രണമില്ലാത്ത തീറ്റ അസുഖത്തിനു കാരണമാകാറുണ്ടല്ലോ. ഇതുപോലെ അമിതമായതെല്ലാം അസ്തിത്വത്തെ അപകടപ്പെടുത്തും. അമിതമായ വിശ്രമം, അമിതമായ അദ്ധ്വാനം, അമിതമായ ലൈംഗികത ഇതെല്ലാം അയുക്തവും അപകടകരവുമായതിനാല്‍ ഒഴിവാക്കേണ്ടതാണ് എന്നതാണു സംയമജീവിതത്തെ കുറിച്ചുള്ള ഗീതാദര്‍ശനം. ഇതിലപ്പുറമുള്ള സന്ന്യാസത്തെയൊന്നും ഭഗവദ്ഗീത അംഗീകരിക്കുന്നില്ല.

ഗീതാദര്‍ശനത്തിലെമാതൃകാമനുഷ്യന്‍ യോഗിയാണ്. യോഗിയായി ഭവിക്കാനാണ് അര്‍ജ്ജുനനോട് കൃഷ്ണന്റെ ഉപദേശവും. യോഗി ജീവിക്കേണ്ടത് ആമയെപ്പോലെയായിരിക്കണം. ആവശ്യത്തിനു മാത്രം ഇന്ദ്രിയങ്ങളെ ഉപയോഗിച്ചുകൊണ്ടുള്ള ജീവിതമാണത്. യോഗിക്ക് ആവശ്യങ്ങളേ ഉണ്ടാകാവൂ; ആഗ്രഹങ്ങള്‍ ഉണ്ടായിരിക്കരുത്-കാരണം ആഗ്രഹങ്ങള്‍ക്ക് അതിരില്ല. ഒരാള്‍ ആഗ്രഹിക്കുന്നത് നിറവേറ്റാന്‍ അയാള്‍ക്ക് സ്വാതന്ത്ര്യം കൊടുത്താല്‍ ഭൂമി മുഴുവന്‍ അയാള്‍ സ്വന്തമാക്കും. അപ്പോള്‍ പിന്നെ മറ്റുള്ളവര്‍ എവിടെ ജീവിക്കും..?

ഇതുകൊണ്ടാണ് മഹാത്മാഗാന്ധി പറഞ്ഞത്: ”എല്ലാവരുടേയും ആവശ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടത് പ്രകൃതിയിലുണ്ട് പക്ഷേ, ഒരാളുടെ അത്യാഗ്രഹം നിറവേറ്റാനുള്ളതുപോലും പ്രകൃതിയില്‍ ഇല്ല”. ഭഗവദ്ഗീതയിലെ സംയമസിദ്ധാന്തം ആവശ്യങ്ങളെ അംഗീകരിക്കുകയും ആഗ്രഹങ്ങളെ അവഗണിയ്ക്കുകയും ചെയ്യുന്നു. ചുരുക്കത്തില്‍ ഗീതയിലെ സന്ന്യാസം ആവശ്യവും ആഗ്രഹവും തമ്മിലുള്ള വ്യത്യാസം വ്യവഛേദിച്ചറിഞ്ഞു കൊണ്ടുള്ള വിവേകത്തിന്റെ ജീവിതമാണ് മുന്നോട്ടുവെക്കുന്നത്.

ശക്തിബോധി പരിചയക്കുറിപ്പ്:

1970ല്‍ തൃശ്ശൂര്‍ജില്ലയിലെ താലോരില്‍ ജനിച്ചു. അച്ഛന്‍ വടക്കേക്കര വീട്ടില്‍ രാമന്‍നായര്‍ അമ്മ ചെറാട്ടുവീട്ടില്‍ സരോജനിയമ്മ. തലോര്‍ ദീപ്തി ഹൈസ്‌കൂള്‍, അയ്യന്തോള്‍ ഗവ: ഹൈസ്‌കൂള്‍, ഇന്ത്യന്‍ ആര്‍ട്‌സ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മധുരൈ കാമരാജ് യൂനിവേഴ്‌സിറ്റിയില്‍നിന്നു ഫിലോസഫി & റിലീജ്യന്‍ എന്ന വിഷയത്തില്‍ മാസ്റ്റര്‍ ബിരുദം. മഹര്‍ഷി മഹാകവി കൃഷ്ണകുമാറിന്റെ കീഴില്‍ ഗുരുകുലമുറയില്‍ വേദോപനിഷത്തുകളിലും തന്ത്രമന്ത്രശാസ്ത്രങ്ങളിലും പഠനം നടത്തി. 1999ല്‍ മുംബൈയിലെ അന്തേരിയിലുള്ള അഢ്മാര്‍മഠത്തിലെ വൈദികക്രീയകള്‍ക്കുശേഷം സി.രാമചന്ദ്രന്‍ സ്വാമി വിശ്വഭദ്രാനന്ദശക്തിബോധി എന്ന പേരില്‍ സന്ന്യാസം സ്വീകരിച്ചു.

2008ല്‍ ബ്രഹ്മാനന്ദസ്വാമി ശിവയോഗി സിദ്ധാശ്രമത്തില്‍ യോഗപട്ടദാനം നേടി അന്തേവാസിയായി. സാരാഗ്രഹി മാസികയുടെ പത്രാധിപരായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ എതിര്‍ദിശ മാസികയുടെ പ്രവര്‍ത്തനസമിതിയില്‍ ചീഫ് കോഓര്‍ഡിനേറ്റര്‍. ഇടതുപക്ഷഹിന്ദുത്വം ഒരു ആമുഖം, അമൃതാനന്ദമയിയും മയിലമ്മയും തുടങ്ങിയ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിലെ പ്രമുഖ ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും നൂറിലേറെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അറിയപ്പെടുന്ന പ്രഭാഷകനാണ്. രാജയോഗത്തെ അടിസ്ഥാനമാക്കി മാനസീകപ്രശ്‌നങ്ങള്‍ക്ക് കൗണ്‍സിലിങ്ങ് നടത്താറുണ്ട്.

E-mail: shakthibodhiviswa@gmail.com
Mob: 9495320311