ദര്‍ശനം / സ്വാമി വിശ്വഭദ്രാനന്ദശക്തിബോധി

swami viswabhadranandhashakthibodhiഎന്റെ, നിന്റെ, ഞങ്ങടെ, നിങ്ങടെ തുടങ്ങിയ വേര്‍തിരിവുകള്‍ കുഞ്ഞുങ്ങള്‍ക്ക് പതിവില്ല- അതിനാലാണ് ഏതു കുഞ്ഞും ഏവരുടേയും ഹൃദയത്തെ വശീകരിക്കുന്ന ഓമനത്വമുള്ളവരായിരിക്കുന്നത്. എന്നുവച്ചാല്‍ നൈര്‍മല്യം ഓമനത്വം തുടങ്ങിയ വിശിഷ്ട ഗുണങ്ങള്‍ ആവിഷ്‌കൃതമാകുന്നത് ‘എന്റെ, നിന്റെ’ തുടങ്ങിയ വേര്‍തിരിവുകള്‍ക്കു മൂലകാരണമായ സ്വാര്‍ത്ഥത തീണ്ടാതാകുമ്പോഴാണ്. അതുകൊണ്ടാണ് ‘ശിശുക്കളെപോലെയാകുവിന്‍, സ്വര്‍ഗരാജ്യം അവര്‍ക്കുള്ളതാകുന്നു’ എന്ന് ബൈബിളില്‍ പറഞ്ഞുവെച്ചത്.ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്; കുട്ടികളെപോലെയാകുവിന്‍ എന്നാണു പറഞ്ഞിട്ടുള്ളത് കുട്ടിയാകുവിന്‍ എന്നല്ല.

Subscribe Us:

കുഞ്ഞായിരിക്കുവാന്‍ മനുഷ്യന് ഒരിക്കലേ സാദ്ധ്യമാകു. അതാണതിന്റെ സഹജ നിയമം. എന്നാല്‍, കുട്ടികളെപോലെയാകുവാന്‍ മനുഷ്യന് എപ്പോഴും സാധിക്കും. വിവേകത്തോടുകൂടിയ ചിന്ത അതിനു സഹായിക്കും. കുട്ടികളെപോലെയാകുവാന്‍ ഏറെയൊന്നും ചെയ്യേണ്ടതില്ല; സ്വാര്‍ത്ഥത വെടിഞ്ഞാല്‍ മതി. അപ്പോള്‍ അകത്തുള്ള സ്വര്‍ഗ്ഗരാജ്യം കണ്ടെത്തുവാനാകും. അതു കണ്ടെത്തലാണ് ആദ്ധ്യാത്മികത. അതിനു സഹായിക്കുന്ന ശ്രദ്ധാ-വിവേകങ്ങളിലൂന്നിയ വിചാരപദ്ധതിയാണ്. ചുരുക്കത്തില്‍ ഭഗവദ്ഗീതയും ബൈബിളും ഖുറാനും ധര്‍മ്മപഥവും ഉള്‍പ്പെടെയുള്ള സദ്ശാസ്ത്രങ്ങള്‍.

നിര്‍ഭാഗ്യവശാല്‍ നമ്മള്‍ വളര്‍ച്ച എന്നു ധരിക്കുന്നതു സ്വാര്‍ത്ഥതയുടെ പെരുക്കത്തെയാണ്. ഒരു കുഞ്ഞ് തുടക്കത്തില്‍ ഏതൊരാളുടെ കയ്യിലും ചിരിയോടെ ചേര്‍ന്നിരിക്കും. എന്നാല്‍, തെല്ലൊന്ന് മുതിര്‍ന്നാല്‍ അതിന് അതിന്റെ അച്ഛനോ അമ്മയോ മാത്രമാകും പ്രീയപ്പെട്ടവര്‍. അല്ലാത്തവര്‍ കുട്ടിയെ എടുക്കുമ്പോള്‍ കുഞ്ഞ് അസ്വസ്ഥനാവാനും ചിലപ്പോള്‍ കരയാനും തുടങ്ങും. കുട്ടി അതിന്റെ ആദ്യത്തെ സ്വാര്‍ത്ഥതയെയാണ് അച്ഛനമ്മമാരിലൂടെ സ്പര്‍ശനത്തില്‍ സൗഖ്യവും ഇതരരുടെ സ്പര്‍ശനത്തില്‍ അസ്വസ്ഥതയും കാണിയ്ക്കുന്നതിലൂടെ പ്രകടമാക്കുന്നത്. ഇങ്ങനെ കുട്ടി വളരുംതോറും സ്വാര്‍ത്ഥത പെരുകുന്നു… സംഘര്‍ഷവും പെരുകുന്നു.

ഇക്കാര്യം വേര്‍ഡ്‌സ്‌വര്‍ത്ത് ഒരു കവിതയില്‍ ഭംഗിയായി ആലേഖനം ചെയ്യുന്നുണ്ട്. കുഞ്ഞുങ്ങള്‍ പരിപൂര്‍ണ്ണമായും ദൈവീകതയുള്ളവരാണെന്നും വളരുംതോറും അവര്‍ക്കത് നഷ്ടപ്പെടുന്നു എന്നുമാണ് അദ്ദേഹത്തിന്റെ ചിത്രീകരണം. ”വാക്കുകള്‍ കൂട്ടി ചൊല്ലാനറിയാത്ത കിടാങ്ങളെ/ദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങള്‍” എന്നു മഹാകവി വൈലോപ്പിള്ളി എഴുതിയതും ഓര്‍മ്മ വരുന്നു. നിത്യവും അനിത്യവും ഏതെന്ന വിവേകപൂര്‍വ്വമായ ആലോചനയിലൂടെ കുഞ്ഞിനെപ്പോലെയായിത്തീര്‍ന്ന മഹാത്മാവാണ് സ്വാമി വിവേകാനന്ദന്റെ ഗുരുവായ ശ്രീരാമകൃഷ്ണപരമഹംസര്‍.

അദ്ദേഹം തന്നെ കണ്ടിരുന്നത് പ്രപഞ്ചശക്തിയുടെ (പരാശക്തിയുടെ മഹാകാളിയുടെ) പൈതലായാണ്. ആ നിഷ്‌കളങ്കതയും ഓമനത്വവും ശ്രീരാമകൃഷ്ണപരമഹംസരുടെ മുഖത്ത് എല്ലായ്‌പ്പോഴും വഴിഞ്ഞൊഴുകി കാണാമായിരുന്നു. ‘ലീലാവതു കൈവല്യം’ എന്ന ബ്രഹ്മസൂത്രത്തിലെ മന്ത്രവും കുട്ടികളെപോലെ കളിമട്ടില്‍ ജീവിക്കുന്ന അവസ്ഥയാണു ജീവന്മുക്തന്റേതെന്നു വ്യക്തമാകുന്നു. ഇതിലൂടെയെല്ലാം കടന്നുപോകുന്ന ഏതൊരാള്‍ക്കും ആദ്ധ്യാത്മികത എന്നതു കുട്ടികളെപോലെയാവലും സ്വര്‍ഗ്ഗരാജ്യം സാക്ഷാത്ക്കരിക്കലുമാണെന്നു പറയേണ്ടിവരും. സ്വര്‍ഗ്ഗരാജ്യമാകട്ടെ സ്വാര്‍ത്ഥത പാടെ ഒഴിവായ ജീവിതത്തിന്റെ പ്രകാശനവുമാണ്.

സ്വാര്‍ത്ഥതയാണ് ഈഗോയെ ഉണ്ടാക്കുന്നത്. ഈഗോയാണ് സ്വാര്‍ത്ഥതയേയും വളര്‍ത്തുന്നത്. രണ്ടും പരസ്പരം പരിപോഷിപ്പിക്കുന്നു. സ്വാര്‍ത്ഥത ഒഴിവായാല്‍ പിന്നെ ഈഗോ ഉണ്ടായിരിക്കുന്നതല്ല. ഭഗവത്ഗീത മമതയാല്‍ സംഘര്‍ഷഭരിതരായിരിക്കുന്ന ധൃതരാഷ്ട്രരേയും അര്‍ജ്ജുനനേയും ദുര്യോധനനേയും ഒക്കെ അവതരിപ്പിച്ചുകൊണ്ടാണ് ആരംഭിക്കുന്നത്. ധൃതരാഷ്ട്രര്‍ക്കുള്ളത് മക്കള്‍ മമതയാണ്. അര്‍ജ്ജുനനുള്ളത് വംശമമതയാണ്. ദുര്യോധനുള്ളതാകട്ടെ അധികാരമമതയാണ്.

ഇത്തരം മമതകളുടെ സംഘര്‍ഷകേന്ദ്രമാണ് കുരുക്ഷേത്രം. അവിടെയാണ് ഭഗവത്ഗീത പറയപ്പെടുന്നത്. അതു പറയുന്ന ഭഗവാന്‍ കൃഷ്ണന്‍ മറ്റാരേക്കാള്‍ കര്‍മ്മവ്യഗ്രനാണെങ്കിലും മമത ഭരിതനല്ല. ജനിച്ചപ്പോള്‍ത്തന്നെ ജന്മം നല്‍കിയ മാതാപിതാക്കളുടെ തടവറയില്‍നിന്നു പുറത്ത് കടന്ന- ബന്ധങ്ങളുടെ ബന്ധനങ്ങളില്‍നിന്ന് പുറത്തുചാടിയ – ശ്രീകൃഷ്ണന് രക്തബന്ധാധിഷ്ഠിതമായ മമതകളൊന്നും ബാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ സ്വന്തം ജനങ്ങളെ ഓര്‍ത്ത് സന്തോഷിക്കുവാനോ ദുഃഖിക്കുവാനോ ശ്രീകൃഷ്ണനു കഴിയുമായിരുന്നില്ല.

അര്‍ജ്ജുനനും ധൃതരാഷ്ട്രരും ദുര്യോധനനും ഗാന്ധാരിയും സംഘര്‍ഷവും വിഷാദവും ഭയവും ഒക്കെ അനുഭവിച്ചു കോപിച്ചും വിഷാദിച്ചും പേടിച്ചും പേടിപ്പിച്ചും കരഞ്ഞും കരയാതെയും സംഘര്‍ഷപ്പെട്ട കുരുക്ഷേത്രഭൂമിയിലും മായാത്ത ചിരിയോടെ ശ്രീകൃഷ്ണനു നിലനില്‍ക്കാനായത് അദ്ദേഹത്തിനു മമതാബാധയില്ലാതിരുന്നതിനാലാണ്. അതിനാല്‍ കൃഷ്ണന്‍ എപ്പോഴും കുഞ്ഞുങ്ങളെപ്പോലെ പുഞ്ചിരിച്ചു. കരയുന്ന ഒരു കൃഷ്ണനെ സങ്കല്പിക്കാനാകാത്തവണ്ണം ശ്രീകൃഷ്ണന്‍ നിത്യമായ പുഞ്ചിരിയായിരിക്കുന്നത് എന്തുകൊണ്ടാണെന്നറിയുന്ന ഏതൊരാളും ആദ്ധ്യാത്മികതയുടെ കവാടം തുറക്കാനുള്ള താക്കോല്‍ കൈവശപ്പെട്ടവനായി എന്നു പറയാം.

ശക്തിബോധി പരിചയക്കുറിപ്പ്:

1970ല്‍ തൃശ്ശൂര്‍ജില്ലയിലെ താലോരില്‍ ജനിച്ചു. അച്ഛന്‍ വടക്കേക്കര വീട്ടില്‍ രാമന്‍നായര്‍ അമ്മ ചെറാട്ടുവീട്ടില്‍ സരോജനിയമ്മ. തലോര്‍ ദീപ്തി ഹൈസ്‌കൂള്‍, അയ്യന്തോള്‍ ഗവ: ഹൈസ്‌കൂള്‍, ഇന്ത്യന്‍ ആര്‍ട്‌സ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മധുരൈ കാമരാജ് യൂനിവേഴ്‌സിറ്റിയില്‍നിന്നു ഫിലോസഫി & റിലീജ്യന്‍ എന്ന വിഷയത്തില്‍ മാസ്റ്റര്‍ ബിരുദം. മഹര്‍ഷി മഹാകവി കൃഷ്ണകുമാറിന്റെ കീഴില്‍ ഗുരുകുലമുറയില്‍ വേദോപനിഷത്തുകളിലും തന്ത്രമന്ത്രശാസ്ത്രങ്ങളിലും പഠനം നടത്തി. 1999ല്‍ മുംബൈയിലെ അന്തേരിയിലുള്ള അഢ്മാര്‍മഠത്തിലെ വൈദികക്രീയകള്‍ക്കുശേഷം സി.രാമചന്ദ്രന്‍ സ്വാമി വിശ്വഭദ്രാനന്ദശക്തിബോധി എന്ന പേരില്‍ സന്ന്യാസം സ്വീകരിച്ചു.

2008ല്‍ ബ്രഹ്മാനന്ദസ്വാമി ശിവയോഗി സിദ്ധാശ്രമത്തില്‍ യോഗപട്ടദാനം നേടി അന്തേവാസിയായി. സാരാഗ്രഹി മാസികയുടെ പത്രാധിപരായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ എതിര്‍ദിശ മാസികയുടെ പ്രവര്‍ത്തനസമിതിയില്‍ ചീഫ് കോഓര്‍ഡിനേറ്റര്‍. ഇടതുപക്ഷഹിന്ദുത്വം ഒരു ആമുഖം, അമൃതാനന്ദമയിയും മയിലമ്മയും തുടങ്ങിയ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിലെ പ്രമുഖ ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും നൂറിലേറെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അറിയപ്പെടുന്ന പ്രഭാഷകനാണ്. രാജയോഗത്തെ അടിസ്ഥാനമാക്കി മാനസീകപ്രശ്‌നങ്ങള്‍ക്ക് കൗണ്‍സിലിങ്ങ് നടത്താറുണ്ട്.

E-mail: shakthibodhiviswa@gmail.com
Mob: 9495320311