ദര്‍ശനം / സ്വാമി വിശ്വഭദ്രാനന്ദശക്തിബോധി

swami viswabhadranandhashakthibodhiവ്യാമോഹത്തില്‍നിന്നു മനുഷ്യനെ വിമോചിപ്പിക്കുന്നതിനുള്ള വിവേകത്തിന്റെ കലയും ശാസ്ത്രവുമാണ് ആദ്ധ്യാത്മികത. മനുഷ്യേതര മൃഗങ്ങള്‍ക്ക് ആവശ്യങ്ങളേയുള്ളൂ; ആഗ്രഹങ്ങള്‍ ഇല്ല. അതുകൊണ്ടുതന്നെ അവയ്ക്ക് ആദ്ധ്യാത്മികതയും ആവശ്യമില്ല. എന്തെന്നാല്‍ ആഗ്രഹങ്ങളും അവയെച്ചുറ്റിപ്പറ്റി വളരുന്ന പ്രവണതകളുമാണ് വ്യാമോഹങ്ങളായി തീരാറുള്ളത്. വ്യാമോഹങ്ങളില്‍നിന്നുള്ള വിമോചിപ്പിക്കുന്ന വിവേകമാണ് ആദ്ധ്യാത്മികത എന്നതിനാല്‍ വ്യാമോഹങ്ങള്‍ക്ക് അടിമപ്പെടുന്ന മനുഷ്യര്‍ക്കിടയിലേ ആദ്ധ്യാത്മികതയും ആവശ്യമുള്ളൂ. രോഗമുള്ളിടത്തേ മരുന്നു വേണ്ടൂ.

വ്യാമോഹം എന്ന മഹാരോഗം മനുഷ്യനെ മാത്രമേ ബാധിക്കാറുള്ളൂ. അതിനാല്‍ ആദ്ധ്യാത്മികത എന്ന മരുന്നും മനുഷ്യനേ ആവശ്യമുള്ളൂ. ഒരെലിയോ തവളയോ കയറിനെ പാമ്പായി തെറ്റിദ്ധരിക്കാറില്ല. മനുഷ്യന്‍ മാത്രമേ തെറ്റിദ്ധരിക്കുകയും സംഘര്‍ഷപ്പെടുകയും പതിവുള്ളൂ. അതിനാല്‍ ആദ്ധ്യാത്മികത തികച്ചും മാനവികമായൊരു പ്രതിഭാസമാണ്; മാനവീയശാസ്ത്രമാണ്. അതാണതിന്റെ സാദ്ധ്യതയും പരിമിതിയും.

എന്താണു വ്യാമോഹം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്..? സ്വന്തമെന്ന പദത്തിന്റെ അര്‍ത്ഥവിവക്ഷകളില്‍ ഉള്‍പ്പെടുന്ന സകല വൈകാരിക-വൈചാരികപ്രവര്‍ത്തനങ്ങളും ‘വ്യാമോഹ’ത്തിന്റെ പേറ്ററയും പോറ്ററയും ആണ്. മനുഷ്യന്‍ അവനറിയാതെ അകപ്പെട്ടുപോകുന്ന തടവറയാണത്. അച്ഛനമ്മമാരുടെ തടവറ- ശ്രീകൃഷ്ണന്‍ ഒരു ആദ്ധ്യാത്മിക വ്യക്തിത്വമാകുന്നത് അദ്ദേഹം ജനിച്ച് നിമിഷങ്ങള്‍ക്കകംതന്നെ മാതാപിതാക്കളുടെ (ദേവകിവസുദേവന്മാരുടെ) തടവറയില്‍നിന്നു അമ്പാടിയിലേക്ക് പുറന്തള്ളപ്പെട്ടു എന്നതുകൊണ്ടാണ്- രക്തബന്ധങ്ങളുടെ അഥവാ സ്വന്തബന്ധങ്ങളുടെ തടവറയില്‍ നിന്നു വിമോചിതനായി എന്നതുകൊണ്ടാണ്.

ഇപ്പറഞ്ഞതിന്റെ സൂക്ഷ്മമായ പരിശോധന നടത്തിയാല്‍ എനിക്കെന്തെല്ലാമോ സ്വന്തമായിട്ടുണ്ടെന്നും എന്തൊക്കയോ സ്വന്തപ്പെടുത്തുവാനുണ്ടെന്നുമുള്ള സകലതോന്നലുകളുടേയും കര്‍മ്മങ്ങളുടേയും ആകത്തുകയാണു വ്യാമോഹമെന്നും അതിനെ അതിജീവിക്കലാണ് ആദ്ധ്യാത്മികതയെന്നുംനിസ്സംശയം ബോധ്യമാകും. ഈ നിലയില്‍ സ്വന്തമായില്ലൊന്നും, സ്വന്തമാക്കാനില്ലൊന്നും, സ്വന്തമാക്കേണ്ടതില്ലൊന്നും എന്നറിഞ്ഞു ജീവിക്കലാണ് ആദ്ധ്യാത്മികത എന്നു തീര്‍ത്തും പറയുവാനും കഴിയും.

ഇത്തരം ആദ്ധ്യാത്മികത നമ്മുടെ നാട്ടില്‍ ഇപ്പോള്‍ നിലവിലുണ്ടോ? മനുഷ്യരെ സ്വന്തം ശിഷ്യന്മാരാക്കുവാന്‍, മൊബൈല്‍ കമ്പനിക്കാര്‍ സ്വന്തം കസ്റ്റമേഴ്‌സിനെ ഉണ്ടാക്കുവാന്‍ ചെയ്യുന്ന സകലപരസ്യതന്ത്രങ്ങളും ചെയ്തു വേഷംകെട്ടി നടക്കുന്ന ആചാര്യന്മാരും, അവതാരങ്ങളും, ആള്‍ദൈവങ്ങളും മേല്പറഞ്ഞ ആദ്ധ്യാത്മിക ജീവിതവീക്ഷണത്തിന്റെ സ്വഭാവത്തിനു നിരക്കുന്നവരാണോ? ഇതൊക്കെ ചിന്തിക്കേണ്ടതുണ്ട്.

പക്ഷേ, ഇതൊന്നും ചിന്തിക്കുവാന്‍ മനുഷ്യന്‍ തയ്യാറാകണമെന്നില്ല. മറിച്ച് ഭൂരിപക്ഷം മനുഷ്യരും ഒരു പ്രതിവാദം ഉയര്‍ത്താനാണു സാദ്ധ്യത. സ്വന്തമെന്നതിനു സ്ഥാനമില്ലാത്ത ജീവിതമോ? നടപ്പുള്ള കാര്യമാണോ അത്..? ഈ ശരീരം എന്റെ സ്വന്തമല്ലേ? ശരീരമില്ലാതെ ജീവിക്കുക സാദ്ധ്യമല്ലാത്ത മനുഷ്യനെങ്ങിനെ സ്വന്തമെന്നതില്ലാത്ത ജീവിതം സാദ്ധ്യമാകും? ഇങ്ങിനെയൊക്കെ ചോദ്യങ്ങള്‍ ഉയരാം. ചോദ്യങ്ങള്‍ അഥവാ പ്രശ്‌നങ്ങള്‍ ഉയരുന്നതിനെ ചെറുക്കേണ്ടതില്ല ചോദ്യങ്ങള്‍ ഉയര്‍ത്തുന്നവരുടെ തലപ്പൊട്ടിത്തെറിക്കട്ടെ എന്നു ശപിക്കേണ്ടതുമില്ല. എന്തെന്നാല്‍ പ്രശ്‌നോപനിഷത്തു പിറവിയെടുത്ത ഭാരതത്തിന്റെ ആദ്ധ്യാത്മികപാരമ്പര്യം ചോദ്യങ്ങളെ സ്വാഗതം ചെയ്യാത്തത് ആകരുത്! ആയാലതു അഭാരതീയമായ ആദ്ധ്യാത്മികതയാവും!.

ശരീരം സ്വന്തമാണെന്നു കരുതുന്നവരോടു പറയട്ടെ അതുപറയുവാന്‍ നിങ്ങള്‍ ഉപയോഗിക്കുന്ന ഭാഷ നിങ്ങളുടെ സ്വന്തമാണോ? നിങ്ങള്‍ ചവുട്ടിനില്‍ക്കുന്ന മണ്ണ്, മണ്ണില്‍ ജീവനു നിലനില്‍ക്കുവാന്‍ സാഹചര്യമൊരുക്കുന്ന ആകാശവും സൂര്യ-ചന്ദ്രാദിഗ്രഹങ്ങളും വായുവും വെള്ളവും ചൂടും മനുഷ്യന്റെ സ്വന്തമാണോ? ഇതൊന്നുമില്ലെങ്കില്‍ ഉണ്ടാവാത്തതാണു ശരീരം എന്നിരിക്കേ പിന്നെങ്ങിനെ ശരീരം നമ്മുടെ സ്വന്തമാണെന്നു തറപ്പിച്ചുപറയും?.

സൂക്ഷ്മമായി ചിന്തിച്ചാല്‍ എന്തെല്ലാം സ്വന്തമെന്നു നാം കരുതുന്നുവോ അതെല്ലാം സ്വന്തമല്ലെന്നു ബോധ്യമാകും. ചിലതെല്ലാം സ്വന്തമാണെന്ന ധാരണയാണ് സ്വാര്‍ത്ഥം. സ്വാര്‍ത്ഥമാണ് ലൗകികജീവിതത്തിന്റെ അക്ഷരമാല. എന്നാല്‍, ഒന്നും സ്വന്തമല്ലെന്നറിവ് മനുഷ്യനെ നിസ്വാര്‍ത്ഥനാക്കും-നിസ്വാര്‍ത്ഥാവസ്ഥയാണ് ആദ്ധ്യാത്മികജീവിതത്തിന്റെ അക്ഷരമാല-മമത അഥവാ എന്റേതുകളോടുള്ള ഒട്ടിനില്‍പ്പ് ഇല്ലായ്മ ചെയ്യലാണ് ആദ്ധ്യാത്മികത എന്നാണു ഭഗവദ്ഗീത പഠിപ്പിക്കുന്നത്. മമതയില്‍ നിന്നു മോചിതനായവനാണു ഗീതയിലെ മുക്തപുരുഷന്‍. മമതാഭരിതമായ ജീവന്‍മായയിലും മമതാരഹിതമായ ജീവന്‍ മോക്ഷത്തിലുമാണ്. ഇതറിയുന്നവര്‍ക്കും ‘സ്വന്തമെന്ന’ പദത്തിന് അര്‍ത്ഥമില്ലാതാകുമ്പോഴാണ് ആദ്ധ്യാത്മികജീവിതം ആരംഭിക്കുന്നതെന്നു പറയാനാകും-ഇനി ‘സ്വന്തമെന്നപദത്തിനെന്തര്‍ത്ഥം’ എന്നു തുടങ്ങുന്ന പാട്ടുകേട്ടു നോക്കുക ഭൂമിയുടെ അവകാശികള്‍ എന്ന ബഷീറിന്റെ കൃതി വായിച്ചുനോക്കുക… നിങ്ങള്‍ക്ക് ഭഗവദ്ഗീത കൂടുതല്‍ മനസ്സിലാകും… ആദ്ധ്യാത്മികത എന്താണെന്നും മനസ്സിലാകും.

ശക്തിബോധി പരിചയക്കുറിപ്പ്:

1970-ല്‍ തൃശ്ശൂര്‍ജില്ലയിലെ താലോരില്‍ ജനിച്ചു. അച്ഛന്‍ വടക്കേക്കര വീട്ടില്‍ രാമന്‍നായര്‍ അമ്മ ചെറാട്ടുവീട്ടില്‍ സരോജനിയമ്മ. തലോര്‍ ദീപ്തി ഹൈസ്‌കൂള്‍, അയ്യന്തോള്‍ ഗവ: ഹൈസ്‌കൂള്‍, ഇന്ത്യന്‍ ആര്‍ട്‌സ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മധുരൈ കാമരാജ് യൂനിവേഴ്‌സിറ്റിയില്‍നിന്നു ഫിലോസഫി & റിലീജ്യന്‍ എന്ന വിഷയത്തില്‍ മാസ്റ്റര്‍ ബിരുദം. മഹര്‍ഷി മഹാകവി കൃഷ്ണകുമാറിന്റെ കീഴില്‍ ഗുരുകുലമുറയില്‍ വേദോപനിഷത്തുകളിലും തന്ത്ര-മന്ത്രശാസ്ത്രങ്ങളിലും പഠനം നടത്തി. 1999ല്‍ മുംബൈയിലെ അന്തേരിയിലുള്ള അഢ്മാര്‍മഠത്തിലെ വൈദികക്രീയകള്‍ക്കുശേഷം സി.രാമചന്ദ്രന്‍ സ്വാമി വിശ്വഭദ്രാനന്ദശക്തിബോധി എന്ന പേരില്‍ സന്ന്യാസം സ്വീകരിച്ചു.

2008ല്‍ ബ്രഹ്മാനന്ദസ്വാമി ശിവയോഗി സിദ്ധാശ്രമത്തില്‍ യോഗപട്ടദാനം നേടി അന്തേവാസിയായി. സാരാഗ്രഹി മാസികയുടെ പത്രാധിപരായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ എതിര്‍ദിശ മാസികയുടെ പ്രവര്‍ത്തനസമിതിയില്‍ ചീഫ് കോ-ഓര്‍ഡിനേറ്റര്‍. ഇടതുപക്ഷഹിന്ദുത്വം ഒരു ആമുഖം, അമൃതാനന്ദമയിയും മയിലമ്മയും തുടങ്ങിയ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിലെ പ്രമുഖ ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും നൂറിലേറെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അറിയപ്പെടുന്ന പ്രഭാഷകനാണ്. രാജയോഗത്തെ അടിസ്ഥാനമാക്കി മാനസീകപ്രശ്‌നങ്ങള്‍ക്ക് കൗണ്‍സിലിങ്ങ് നടത്താറുണ്ട്.

E-mail: shakthibodhiviswa@gmail.com
Mob: 9495320311