Categories

വി.എസ്സില്ലാത്ത സി.പി.ഐ.എമ്മിനെപ്പറ്റി ചിന്തിക്കേണ്ടിയിരിക്കുന്നു

 

എസ്സേയ്‌സ്‌/സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി

viswabhadrananda sakthibodhiകടലില്‍ തിമിംഗലങ്ങളുണ്ടാവാം. അവയില്‍ ചിലതിനു പത്തേമാരികളെപ്പോലും മുക്കിത്താഴ്ത്താനുള്ള കരുത്തും ഉണ്ടായേക്കാം. പക്ഷേ ഏത്ര വലിയ തിമിംഗലവും കടലിനേക്കാള്‍ വലുതല്ല; വലുതാവുകയും ഇല്ല! ഇതുപോലെ സി.പി.ഐ.എം എന്ന ജനസാഗരത്തില്‍ എ.കെ.ജിയേയും ഇ.എം.എസ്സിനേയും രണദിവെയേയും ഇ.കെ നായരനാരേയും ജ്യോതിബസുവിനെയും പോലുള്ള പകരം വയ്ക്കാന്‍ കഴിയാത്ത വ്യക്തിത്വ വലുപ്പമുള്ള അനേകം തിമിംഗലങ്ങള്‍ ഉണ്ടായിരുന്നിട്ടുണ്ട്! പക്ഷേ അവരൊന്നും പാര്‍ട്ടിയേക്കാള്‍ വലുതാണ് തങ്ങളെന്നു കരുതിയിരുന്നില്ല!.

പാര്‍ട്ടിയുള്ളതുകൊണ്ട് വലുതായവരാണു തങ്ങളെന്നേ കരുതിയിരുന്നുള്ളൂ. എന്നാല്‍ വി.എസ് അച്യുതാനന്ദന്‍ വിചാരിക്കുന്നത് പാര്‍ട്ടി ഉന്നതമായിരിയ്ക്കുന്നത് അദ്ദേഹത്തിന്റെ വലുപ്പത്തിനു പുളച്ചു കളിക്കാനാണെന്നാണ്! അതിനാല്‍ പാര്‍ട്ടിയേക്കാള്‍ വലുതല്ല വി.എസ് എന്നു അദ്ദേഹത്തെ ബോധ്യപ്പെടുത്തുന്നതിനു പാര്‍ട്ടി തയ്യാറാവേണ്ടിയിരിക്കുന്നു. കടലുണ്ടായതുകൊണ്ടാണ് താനിത്ര വലുപ്പത്തില്‍ വളര്‍ന്നതെന്നും ജീവിക്കുന്നതെന്നും തിമിംഗലത്തിന് മനസ്സിലാകാന്‍ അതിനെ കരയിലേക്ക് എടുത്തെറിയേണ്ടതുണ്ട്! ഇത്തരമൊരു ബോധ്യപ്പെടുത്തലിന് വി.എസ്സിനെ വിധേയമാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ഇപ്പറഞ്ഞത് സ്വകാര്യസംഭാഷണത്തില്‍ സമ്മതിക്കാത്ത സി.പി.ഐ.എമ്മുകാരോ അനുഭാവികളോ ഉണ്ടാവില്ല. എന്നാല്‍ വി.എസ് ഇല്ലാതെ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചാല്‍ പരാജയപ്പെടുമോ എന്നൊരു ഭീതി ഉടനെ തന്നെ അവരില്‍ നിന്നും പുറപ്പെടും! ഇത്തരം ഭീതികളുടെ ഉറവിടം പാര്‍ട്ടിക്ക് എന്തു സംഭവിച്ചാലും എനിക്ക് എം.എല്‍.എയാകണം മന്ത്രിയാകണം എന്നതില്‍ മാത്രം ഊന്നുന്ന പാര്‍ലമെന്ററി വ്യാമോഹമാണ്. പക്ഷേ കടല്‍ മുക്കുവര്‍ക്ക് മീന്‍ പിടിക്കാനായി മാത്രം ഉണ്ടായതല്ല എന്നതുപോലെ ഏതാനും ചിലര്‍ക്ക് എം.എല്‍.എയോ  മന്ത്രിയോ ആകുന്നതിനുവേണ്ടി മാത്രം ഉണ്ടായതല്ല കമ്മ്യൂണിസം എന്ന പ്രത്യയശാസ്ത്രവും അതിനെ ആധാരമാക്കി രൂപീകൃതമായ സി.പി.ഐ.എം എന്ന പാര്‍ട്ടിയും എന്നതു യാഥാര്‍ത്ഥ്യമാണെങ്കില്‍, പാര്‍ട്ടിയെ ബലികൊടുത്തും നേടേണ്ടതല്ല താല്‍ക്കാലിക തിരഞ്ഞെടുപ്പു ജയങ്ങള്‍ എന്ന തിരിച്ചറിവ് പാര്‍ട്ടിയ്ക്കുണ്ടാവേണ്ടതുണ്ട്!

അതിന് പാര്‍ലമെന്ററി വ്യാമോഹമെന്ന ലഹരിബാധ താല്‍ക്കാലികമായെങ്കിലും കയ്യൊഴിഞ്ഞ് ചിന്തിക്കാന്‍ പാര്‍ട്ടി നേതൃത്വത്തിലിരിയ്ക്കുന്നവര്‍ക്ക് കഴിയണം. ഇക്കാര്യത്തില്‍ സോമനാഥ് ചാറ്റര്‍ജിയുടെ നിലവാരമേ പാര്‍ട്ടി നേതാക്കള്‍ക്കും ഉള്ളൂ എങ്കില്‍, അവര്‍ക്കൊരിക്കലും പാര്‍ട്ടിയെ പാര്‍ട്ടിയ്ക്കുള്ളില്‍ നിന്നു എല്ലായ്‌പ്പോഴും പാരവെച്ചുകൊണ്ടിരിക്കുന്ന വി.എസ്സിനെ നീക്കം ചെയ്യാനാവില്ല. ! കാരണം അവര്‍ക്ക് അണ്ണാ ഹസാരേയ്ക്കു സമാനനായ ആദര്‍ശ മിമിക്രിക്കാരനായ വി.എസ്സിനെ  വോട്ടു പിടിയ്ക്കാന്‍ നിലനിര്‍ത്തണം എന്നേ തോന്നൂ. ഇത്തരം പാര്‍ലമെന്ററി വ്യാമോഹബാധയുടെ തോന്നലുകളിലൂന്നി വി.എസിനോടു പൊറുത്തും വി.എസിനെ സഹിച്ചും മുന്നോട്ടുപോയാല്‍ പാര്‍ട്ടിയും തിരഞ്ഞെടുപ്പ് ജയങ്ങളും ഒരുപോലെ ഇല്ലാതാവും. വി.എസ്സിനെ പുറത്താക്കിയാല്‍ വിഭാഗീയതയുടെ അസ്വാരസ്യങ്ങള്‍ ഒഴിവായി പാര്‍ട്ടിയെങ്കിലും നിലനില്‍ക്കും!

കടല്‍ മുക്കുവര്‍ക്ക് മീന്‍ പിടിക്കാനായി മാത്രം ഉണ്ടായതല്ല എന്നതുപോലെ ഏതാനും ചിലര്‍ക്ക് എം.എല്‍.എയോ  മന്ത്രിയോ ആകുന്നതിനുവേണ്ടി മാത്രം ഉണ്ടായതല്ല കമ്മ്യൂണിസം എന്ന പ്രത്യയശാസ്ത്രവും അതിനെ ആധാരമാക്കി രൂപീകൃതമായ സി.പി.ഐ.എം എന്ന പാര്‍ട്ടിയും എന്നതു യാഥാര്‍ത്ഥ്യമാണെങ്കില്‍, പാര്‍ട്ടിയെ ബലികൊടുത്തും നേടേണ്ടതല്ല താല്‍ക്കാലിക തിരഞ്ഞെടുപ്പു ജയങ്ങള്‍ എന്ന തിരിച്ചറിവ് പാര്‍ട്ടിയ്ക്കുണ്ടാ വേണ്ടതുണ്ട്!

വി.എസ് നേതൃത്വം നല്‍കുന്ന പ്രചാരണങ്ങളിലൂടെ എല്ലാ തിരഞ്ഞെടുപ്പും ജയിച്ചു കേറാമെന്ന ധാരണക്കും വസ്തുതകളുമായൊരു ബന്ധവും ഇല്ല. അതിലെന്തെങ്കിലും ശരിയുണ്ടായിരുന്നെങ്കില്‍ പിറവത്തും നെയ്യാറ്റിന്‍കരയിലും ഇടതുമുന്നണി ജയകിരീടം ചുടേണ്ടതായിരുന്നു. വി.എസ് സിന്ധുജോയിയെ പരാമര്‍ശിച്ച് അനവസരത്തില്‍ നടത്തിയ പ്രസ്താവന അനൂപ് ജേക്കബിന്റെ വിജയസാധ്യതയാണു പിറവത്ത് എളുപ്പമാക്കിയത്! ടി.പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെടുത്തി വി.എസ്സ് നടത്തിയ പ്രസ്താവനകള്‍ ഇടതുമുന്നണിയുടെ ജയസാധ്യത തെയ്യാറ്റിന്‍കരയില്‍ കുറക്കുന്നതിനാണ് ഇടവരുത്തിയത്! അതിനാല്‍ വി.എസ്സിന്റെ തിരഞ്ഞെടുപ്പു രംഗത്തെ നേതൃത്വപരമായ സാന്നിധ്യംപോലും എതിര്‍പക്ഷത്തെയല്ലാതെ ഇടതുപക്ഷത്തെ സഹായിക്കുന്നതാണെന്നു പറയാനാവില്ല! അതിനാല്‍ വി.എസ് പുറത്തുപോയാലും സി.പി.ഐ.എമ്മിനോ ഇടതുപക്ഷത്തിനോ കാതലമായ എന്തെങ്കിലും ദോഷം ഉണ്ടാവാനില്ല; ദീര്‍ഘകാലാടിസ്ഥാനത്തില്‍ അതുഗുണകരവുമാകും! തലയില്‍ നിന്നു രോമങ്ങള്‍ കൊഴിഞ്ഞുപോകുന്നത് കഷണ്ടിയ്ക്കു കാരണമാകും! പക്ഷേ കഷണ്ടി ബാധിച്ച് ഒരു മനുഷ്യന്‍ ഇന്നോളം മരിച്ചിട്ടില്ല. വി.എസ്സിനെ പുറത്താക്കിയാല്‍ ഉണ്ടായേക്കാവുന്ന കൊഴിഞ്ഞു പോകലുകളെക്കൊണ്ട് പ്രത്യക്ഷത്തില്‍ ഒരു കഷണ്ടി ബാധ സി.പി.ഐ.എമ്മില്‍ സംഭവിക്കും. പക്ഷേ അതുകൊണ്ട് സി.പി.ഐ.എം മരിക്കുകയൊന്നും ഇല്ല!

സി.പി.ഐ വിട്ടിറങ്ങി സി.പി.ഐ.എം രൂപീകരിച്ച 32 നേതാക്കളില്‍ ജീവിച്ചിരിക്കുന്ന ഒരേയൊരാളാണ് വി.എസ്സ് അച്യുതാനന്ദന്‍ എന്നതിനാല്‍ അദ്ദേഹത്തെ ഇല്ലാത്തൊരു സി.പി.ഐ.എമ്മിനെപ്പറ്റി ചിന്തിയ്ക്കുന്നതു ശരിയാണോ എന്നും അങ്ങിനെ ചിന്തിയ്ക്കുന്നതു സി.പി.ഐ.എമ്മിനെ ദോഷകരമായി ബാധിക്കില്ലേ എന്നും ആവേശത്തോടെ ആശങ്കപ്പെടുന്നവരുണ്ട്. അവര്‍ക്കുള്ള മറുപടിയാണ് എം.എന്‍ റോയിയുടെ ജീവിതം. സാക്ഷാല്‍ ലെനിനിന്റെ നിര്‍ദ്ദേശാനുസാരം ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കാന്‍ നിയുക്തനായ വ്യക്തിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചയാളുമാണ് എം.എന്‍ റോയി. അദ്ദേഹം തന്നെയാണ് ആദ്യംപാര്‍ട്ടി വിട്ടുപോയ വ്യക്തിയും! പാര്‍ട്ടി രൂപീകരിച്ച എം.എന്‍ റോയി ചാകുവോളം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഉണ്ടായിരുന്നില്ല എന്നതുകൊണ്ട് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കാതലായ എന്തെങ്കിലും കോട്ടമുണ്ടായിട്ടുള്ളതായി പറയാനാവില്ല! ഇതുപോലെ സി.പി.ഐ.എം രൂപീകരിച്ച നേതാവായ വി.എസ് അദ്ദേഹം മരിക്കുവോളം സി.പി.ഐ.എമ്മില്‍ ഇല്ലാതിരുന്നാലും സി.പി.ഐ.എമ്മിനു കാതലായൊരു കോട്ടവും ഉണ്ടാവാന്‍ പോകുന്നില്ല. ഇക്കാര്യം നന്നായറിയാവുന്നയാളാണ് വി.എസ്.

അതുകൊണ്ടാണ് പിണറായി വിജയന്‍ സി.പി.ഐ.എം സെക്രട്ടറിയായതിനുശേഷം നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് മാലാഖാ മാര്‍ക്‌സിസ്റ്റായി തീര്‍ന്ന വി.എസ്സ് അച്യുതാനന്ദന്‍ അദ്ദേഹം ‘വെറുക്കപ്പെട്ടവരുടെ’ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നവര്‍ നയിക്കുന്ന പാര്‍ട്ടിവിട്ട് പുറത്തുവരാന്‍ ധൈര്യം കാണിക്കാതിരിയ്ക്കുന്നത്. മഹാശ്വേതാദേവിയും ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുമൊക്കെ ‘ പുറത്തുവരൂ പുറത്തുവരൂ ‘ എന്നു പറഞ്ഞിട്ടും വി.എസ്. അച്യുതാനന്ദന്‍ കേള്‍ക്കാന്‍ തയ്യാറാകുന്നില്ലല്ലോ! അതിനുകാരണം താന്‍ പുറത്തുവന്നാലും ഒരു ചുക്കും സി.പി.ഐ.എമ്മിനു സംഭവിക്കില്ലെന്നു വി.എസ്സിനറിയാം എന്നതിനാലാണ്.

എന്തായാലും ഇക്കാര്യത്തില്‍ വി.എസ് അച്യുതാനന്ദനേക്കാള്‍ മാന്യത എ.പി അബ്ദുള്ളക്കുട്ടിയും സിന്ധുജോയിയും ആര്‍. ശെല്‍വരാജും പ്രകടിപ്പിച്ചെന്നു പറയാം. എന്തെന്നാല്‍ കൊള്ളാത്തതെന്നു തങ്ങള്‍ക്ക് തോന്നി സി.പി.ഐ.എം വിട്ടിറങ്ങിപ്പോരുവാന്‍ അവര്‍ തയ്യാറായല്ലോ! അതുപോലെ വി.എസ്സിനേക്കാള്‍ ‘മഹത്വം’ വി.എസ് ‘ധീരനായ കമ്മ്യൂണിസ്‌റ്റെന്ന്’ വിശേഷിപ്പിച്ച ‘കുലംകുത്തി’യായ ടി.പി ചന്ദ്രശേഖരനുണ്ടെന്നു പറയാം. എന്തെന്നാല്‍ ടി.പി ചന്ദ്രശേഖരന്‍ പാര്‍ട്ടി വിട്ടപ്പോള്‍ അദ്ദേഹത്തോടൊപ്പം അണിചേരുവാന്‍ അദ്ദേഹം പിറന്ന നാടായ ഒഞ്ചിയത്തുള്ളവര്‍ തയ്യാറായി! ഈ നിലയില്‍ താന്‍ പിറന്ന നാട്ടില്‍ ജനസ്വാധീനമുള്ളൊരാളാണ് വി.എസ് അച്യുതാനന്ദന്‍ എന്നു പറയാനാവില്ല! അതുകൊണ്ടാണല്ലോ അദ്ദേഹം മാരാരിക്കുളത്തുകാര്‍ക്ക് വി.എസ്് വേണ്ടപ്പെട്ട കമ്മ്യൂണിസ്റ്റും പിണറായി വിജയനെ വെറുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് ആക്കുവാന്‍ മത്സരിക്കുന്ന മാധ്യമങ്ങള്‍ ഉത്തരം കണ്ടെത്തുവാന്‍ ശ്രമിക്കേണ്ടതുണ്ട്!

എന്തായാലും ആലപ്പുഴക്കാര്‍ക്ക് പൊതുവേയും മാരാരിക്കുളത്തുകാര്‍ക്ക് സവിശേഷമായും വി.എസ് അച്യുതാനന്ദന്‍ വേണ്ടാത്തവനായി കഴിഞ്ഞിടത്തോളം പിണറായി വിജയന്‍ കണ്ണൂരുകാര്‍ക്കോ പിണറായിക്കാര്‍ക്കോ വേണ്ടാത്തവനായിട്ടില്ല എന്നു കൂടി ഓര്‍മ്മിക്കണം! താന്‍ പാര്‍ട്ടി വിട്ടാല്‍ തന്നോടൊപ്പം നാട്ടുകാര്‍ ഉണ്ടാകുമെന്നതിനെപ്പറ്റി ടി.പി ചന്ദ്രശേഖരനുണ്ടായിരുന്നിടത്തോളം ഉറപ്പുപോലും വി.എസ് അച്യുതാനന്ദന് ഇല്ലെന്നതിനാലാണ് അദ്ദേഹം പാര്‍ട്ടിയെ അകത്തിരുന്നു നശിപ്പിക്കാന്‍ ചെയ്യാനാവുന്നതെല്ലാം ചെയ്തുകൊണ്ട് വലതുപക്ഷ മാധ്യമങ്ങളിലെ ‘മാലാഖാ കമ്മ്യൂണിസ്റ്റെന്ന’ പരിവേഷം നിലനിര്‍ത്തി ആത്മരതിയില്‍ മുഴുകി കഴിയുന്നത്. ഇതൊക്കെ തിരിച്ചറിഞ്ഞ് വി.എസിനെ പുറത്തുക്കുവാന്‍ ആര്‍ജ്ജവം കാണിക്കാത്ത പക്ഷം അതു സി.പി.ഐ.എം എന്ന കെട്ടുറപ്പുള്ള സംഘടനാ സംവിധാനത്തിനേല്‍പ്പിക്കുന്ന ആഘാതങ്ങള്‍ ഭയാനകമായിരിക്കും. വീട്ടില്‍ കഴിയുന്നവരോളം വലുപ്പം വീടിന്റെ അടിത്തറ മാന്തുന്ന തുരപ്പനില്ലെന്നു കരുതി, തുരപ്പനെ പ്രതിരോധിക്കാതിരുന്നാല്‍, വീട് നിലപൊത്തും. ഇതറിയുന്നതുകൊണ്ടാണ് വി.എസ് ഇല്ലാത്ത സി.പി.ഐ.എമ്മിനെപ്പറ്റി ചിന്തിക്കേണ്ടിയിരിക്കുന്നു എന്നു എഴുതിപ്പോയത്.