Administrator
Administrator
പ്രേതമുണ്ടെന്നു കരുതുന്ന ഭാവനയേ ദൈവമുണ്ടെന്ന് കരുതാനും വേണ്ടതുള്ളൂ
Administrator
Sunday 17th July 2011 9:09pm


ദര്‍ശനം / സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി

viswabhadrananda sakthibodhiനുഷ്യനെ ജ്ഞാനിയാക്കുക എന്നതാണ് ഭഗവദ്ഗീതയുടെ ലക്ഷ്യം. ജ്ഞാനി അഥവാ പണ്ഡിതന്‍ സുഖദുഃഖങ്ങളെ പ്രതിയോ ജനനമരണങ്ങളെ പ്രതിയോ ശോകം കൊള്ളുന്നില്ല എന്നു പറയുമ്പോള്‍ ഗീത ഉദ്ദേശിക്കുന്നത് ജ്ഞാനപ്രാപ്തിയാണ് സങ്കടക്കടല്‍ തരണം ചെയ്യാനുള്ള ഉപായം എന്നാണ്. ജ്ഞാനം ഒരിക്കലും ഇല്ലാത്തതിനെക്കുറിച്ച് ഉണ്ടാവുക സാദ്ധ്യമല്ല. ഉദാഹരണത്തിനു ‘കൊട്ടറപ്പുളീസ്’ എന്ന വസ്തുവിനെപ്പറ്റി യാതൊന്നും അറിയുവാന്‍ മനുഷ്യന് സാദ്ധ്യമല്ല. എന്തെന്നാല്‍, ‘കൊട്ടറപ്പുളീസ്’ എന്നൊരു വസ്തു നിലവിലില്ല. ഇതില്‍നിന്നു വ്യക്തമാവുന്നത്, ഉള്ളതിനെപ്പറ്റിയേ അറിയാനാകു എന്നതാണ്. ഉള്ളതിനെയാണ് ഉണ്മ എന്നു പറയുന്നത്. ഉണ്മതന്നെ സത്യം അഥവാ യാഥാര്‍ത്ഥ്യം.

ഈ നിലയില്‍ സത്യാന്വേഷണം എന്നത് ഉണ്മയെപ്പറ്റി അറിയുവാനുള്ള ബോധപൂര്‍വ്വമായ പരിശ്രമമാണ്. അതിനെ ഒറ്റവാക്കില്‍ ശ്രദ്ധ എന്നു പറയും. ശ്രദ്ധവാന്‍ ലഭതേ ജ്ഞാനം. ശ്രദ്ധയുള്ളവന്‍ ജ്ഞാനം നേടുന്നു. എന്ന ഗീതവാക്യം സത്യാന്വേഷണം ആരുടെ കര്‍മ്മമാണ് എന്നത്രേ വെളിവാക്കുന്നത്. അതു ശ്രദ്ധയുള്ളവരുടെ കര്‍മ്മമാണ്. ശ്രദ്ധയുള്ളവരുടെ കര്‍മ്മത്തെയാണ് ശ്രാദ്ധം എന്നു പറയുന്നത്. ഇത്തരമൊരു സത്യശ്രാദ്ധത്തിനു സ്വയം സന്നദ്ധനായ വ്യക്തിയാണ് ജിജ്ഞാസു-അവന്‍ തന്നെ മോക്ഷാര്‍ത്ഥി!

himalaya നാം ഉള്ളതിനെ അറിയാനുള്ള ശ്രമത്തിലാണെങ്കിലേ ഭഗവദ്ഗീതയും മനസ്സിലാക്കാനാവൂ- ഉള്ളത് മനുഷ്യനുള്‍പ്പെട്ട വിശ്വപ്രപഞ്ചം മാത്രമാണ്. പ്രപഞ്ചാതീത(beyound nature)മായ എന്തെങ്കിലും ഒന്ന് ഉള്ളതായി തെളിയിക്കുക പ്രയാസമാണ്. വീട്ടില്‍ ലക്ഷംകോടിരൂപ വിലമതിപ്പുള്ള ഒരു നിധികുംഭം മറഞ്ഞിരിപ്പുണ്ടെന്ന് എതൊരാള്‍ക്കും വിശ്വസിക്കാം. പക്ഷേ, അത്തരം നിധിവിശ്വാസം നിങ്ങള്‍ക്ക് ഉണ്ടെന്നതിനാല്‍ ഒരു കിലോ അരിപോലും ഒരു കടക്കാരനും നിങ്ങള്‍ക്ക് തരികയില്ല. കാരണം, സങ്കല്പത്തിലെ അഥവാ വിശ്വാസത്തിലെ നിധിക്ക് നിങ്ങളുടെ യഥാര്‍ത്ഥധനസ്ഥിതിയില്‍ ഒരു ശതമാനംപോലും വ്യതിയാനമുണ്ടാക്കാനാവില്ല.

ഇത്തരം ഫലരഹിതമായ നിധിവിശ്വാസംപോലെ നിങ്ങള്‍ക്ക് നിങ്ങളുടെ കൊച്ചുമനസ്സുകൊണ്ട് വേണമെങ്കില്‍ പ്രപഞ്ചാതീതമായൊരു വസ്തു-ദൈവം,ആത്മാവ് എന്നിങ്ങനെ നിങ്ങളുടെ ഭാവന പേരിടുന്ന ഒന്ന് ഉണ്ടെന്നും അതിനെ കണ്ടെത്തുവാന്‍ ശ്രമിക്കലാണു ജീവിതത്തിന്റെ പരമലക്ഷ്യമെന്നും സങ്കല്പിക്കാം. പക്ഷേ, സങ്കല്പംകൊണ്ട് പ്രപഞ്ചാതീതമായൊരു വസ്തു ഉണ്ടാവുകയില്ല. പ്രപഞ്ചത്തില്‍ ജീവിക്കുന്ന ഒരു കുഞ്ഞുമനുഷ്യന്റെ ഭാവനകൊണ്ട് പ്രപഞ്ചാതീതനായൊരു ദൈവം ഉണ്ടാവുക സാദ്ധ്യമല്ല. പ്രേതം ഉണ്ടെന്നു കരുതുന്ന ഭാവനയെ വേണ്ടു ദൈവമുണ്ടെന്ന് കരുതുവാനും. ഇത്തരം ഭാവനായാഥാര്‍ത്ഥ്യങ്ങളെ ശരിവെക്കുന്ന നിലപാടല്ല ഭഗവദ്ഗീതയ്ക്കുള്ളത്. അത് എന്നും ഉള്ളതിനെപ്പറ്റിയാണ് എപ്പോഴും പ്രഖ്യാപനം ചെയ്യുന്നത്.

ഗീത പറയുന്ന എന്നുമുള്ളതായ സത്യവസ്തു ദേഹാതീതമായ ആത്മാവോ പ്രപഞ്ചാതീതമായ പരബ്രഹ്മമോ അല്ല മറിച്ച് അതും ഇതുമായ പൂര്‍ണ്ണതയാണ് ‘പൂര്‍ണ്ണമദഃ പൂര്‍ണ്ണമിദം പൂര്‍ണ്ണാദ് പൂര്‍ണ്ണമുദച്യതേ’ എന്ന ഉപനിഷത്ത് ശാന്തിമന്ത്രത്തിലെ പ്രഖ്യാപനത്തിനു നിരക്കാത്ത വിധത്തില്‍ ദേഹമോ പ്രപഞ്ചമോ പൂര്‍ണ്ണമല്ലെന്നു ഗീതോപനിഷത്തു പ്രഖ്യാപിക്കുമെന്നു കരുതിക്കൂടാ.

”ബ്രഹ്മാര്‍പ്പണം ബ്രഹ്മഹവിര്‍-
ബ്രഹ്മാഗ്നൗ ബ്രഹ്മണാഹൃതം” എന്ന നാലാം അദ്ധ്യായത്തിലെ 24-ാം മന്ത്രത്തിന്റെ താല്പര്യം എല്ലാം ബ്രാഹ്മമാണെന്നാണ് പ്രഖ്യാപിക്കുന്നത്. ഈ പൂര്‍ണ്ണതയുടെ ദര്‍ശനമാണ് ജ്ഞാനം; ഭാഗികതകള്‍ അജ്ഞാനമാണ്. ദേഹം/ദേഹി പ്രപഞ്ചം/ ദൈവം തുടങ്ങിയ വേറിട്ട ഭാഗികഭാവനകളില്‍ നിന്നു മുക്തനാവുന്ന മനുഷ്യനാണ് ഗീതയുടെ ആദര്‍ശപുരുഷന്‍.

പൂര്‍ണ്ണത ഇല്ലാതാകുമ്പോഴേ അയാള്‍ ഇല്ലാതാവൂ. എന്നും നിലനില്‍ക്കുന്ന പൂര്‍ണ്ണത ഇല്ലാതാവില്ല. കടല്‍ ഉള്ളിടത്തോളം തിരകള്‍ ഉണ്ടാവും. തിരകള്‍ ഉണ്ടാവുകയോ മരിക്കുകയോ ചെയ്യുന്നില്ല. മറിച്ച് ആവിഷ്‌കരിക്കപ്പെടുകയും പിന്‍വാങ്ങുകയും ചെയ്യുന്നേയുള്ളൂ. മരണാതീതമായ ഈ അനശ്വരാസ്തിത്വഗാനമാണ് ഭഗവദ്ഗീത.

ശക്തിബോധി പരിചയക്കുറിപ്പ്:

1970ല്‍ തൃശ്ശൂര്‍ജില്ലയിലെ താലോരില്‍ ജനിച്ചു. അച്ഛന്‍ വടക്കേക്കര വീട്ടില്‍ രാമന്‍നായര്‍ അമ്മ ചെറാട്ടുവീട്ടില്‍ സരോജനിയമ്മ. തലോര്‍ ദീപ്തി ഹൈസ്‌കൂള്‍, അയ്യന്തോള്‍ ഗവ: ഹൈസ്‌കൂള്‍, ഇന്ത്യന്‍ ആര്‍ട്‌സ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മധുരൈ കാമരാജ് യൂനിവേഴ്‌സിറ്റിയില്‍നിന്നു ഫിലോസഫി & റിലീജ്യന്‍ എന്ന വിഷയത്തില്‍ മാസ്റ്റര്‍ ബിരുദം. മഹര്‍ഷി മഹാകവി കൃഷ്ണകുമാറിന്റെ കീഴില്‍ ഗുരുകുലമുറയില്‍ വേദോപനിഷത്തുകളിലും തന്ത്രമന്ത്രശാസ്ത്രങ്ങളിലും പഠനം നടത്തി. 1999ല്‍ മുംബൈയിലെ അന്തേരിയിലുള്ള അഢ്മാര്‍മഠത്തിലെ വൈദികക്രീയകള്‍ക്കുശേഷം സി.രാമചന്ദ്രന്‍ സ്വാമി വിശ്വഭദ്രാനന്ദശക്തിബോധി എന്ന പേരില്‍ സന്ന്യാസം സ്വീകരിച്ചു.

2008ല്‍ ബ്രഹ്മാനന്ദസ്വാമി ശിവയോഗി സിദ്ധാശ്രമത്തില്‍ യോഗപട്ടദാനം നേടി അന്തേവാസിയായി. സാരാഗ്രഹി മാസികയുടെ പത്രാധിപരായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ എതിര്‍ദിശ മാസികയുടെ പ്രവര്‍ത്തനസമിതിയില്‍ ചീഫ് കോഓര്‍ഡിനേറ്റര്‍. ഇടതുപക്ഷഹിന്ദുത്വം ഒരു ആമുഖം, അമൃതാനന്ദമയിയും മയിലമ്മയും തുടങ്ങിയ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിലെ പ്രമുഖ ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും നൂറിലേറെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അറിയപ്പെടുന്ന പ്രഭാഷകനാണ്. രാജയോഗത്തെ അടിസ്ഥാനമാക്കി മാനസീകപ്രശ്‌നങ്ങള്‍ക്ക് കൗണ്‍സിലിങ്ങ് നടത്താറുണ്ട്.

E-mail: shakthibodhiviswa@gmail.com
Mob: +91 8714465149, 9495320311

Advertisement