ദര്‍ശനം / സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി

ദുഃഖം ഒരു പ്രശ്‌നത്തിന്റേയും പരിഹാരമല്ല; ഒരു പക്ഷേ ഏതെങ്കിലും പ്രശ്‌നത്തെ പ്രതി ദുഃഖിയ്ക്കുമ്പോള്‍ നമ്മള്‍ ചെയ്യുന്നത് ഒരു പ്രശ്‌നത്തെ കൂടി പുതിയതായി ഉണ്ടാക്കുകയാണ്. നമ്മുടെ ശരീരത്തെ വാട്ടിവരട്ടുന്ന അകവേനലാണു ദു:ഖം. അതു പലകാരണങ്ങളാല്‍ ഉണ്ടാകാം. പക്ഷേ ഏതു കാരണത്താല്‍ ഉണ്ടാകുന്ന ദു:ഖവും ആത്യന്തികമായി സമനിലത്തെറ്റിയ്ക്കുന്നത് വ്യക്തിയെയാണ്-വ്യക്തിക്കേ ദു:ഖിക്കാനാകൂ സമൂഹത്തിനു ദു:ഖിക്കാനാകില്ല. ദു:ഖം നല്ലതോ ചീത്തയോ എന്നതുഭഗവദ്ഗീതയുടെ വിഷയമല്ല. മറിച്ച് ദു:ഖം പരിഹാരമല്ല എന്നതിലാണു ഭഗവദ്ഗീത ഊന്നുന്നത്.

മരിച്ചുപോയവരെക്കുറിച്ചോ മരിയ്ക്കാനിരിയ്ക്കുന്നവരെ കുറിച്ചോ ഒരാള്‍ ദു:ഖിക്കുന്നതുകൊണ്ട് മരണത്തിന്റെയോ ജീവിതത്തിന്റേയോ പ്രശ്‌നങ്ങള്‍ പരിഹൃതമാവില്ല. പരിഹൃതമാകുമായിരുന്നെങ്കില്‍ ഒന്നു കരഞ്ഞാല്‍ എല്ലാ പ്രശ്‌നവും തീരുമായിരുന്നു. അങ്ങിനെ തീരുന്നതു കാണുന്നില്ല. അതിനാല്‍ വിദ്വാന്മാര്‍ ഒരിക്കലും കണ്ണിരുകൊണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാം എന്നു കരുതാറില്ലാ; അവര്‍ ജീവിച്ചിരിക്കുന്നവരെ കുറിച്ചോ ജീവന്‍പോയവരെകുറിച്ചോ ദു;ഖിക്കാറുമില്ല. സോവിയറ്റ് യൂണിയന്‍ എന്ന രാഷ്ട്രം ഇല്ലാതായതില്‍ ലോകമെമ്പാടുമുള്ള ഒരുപാടു മനുഷ്യര്‍ ദു:ഖിച്ചിട്ടുണ്ട്. പക്ഷേ അവരുടെ ദു:ഖം കൊണ്ട് സോവിയറ്റ് യൂണിയന്‍ പഴയപടി ഉണ്ടായില്ല.

എം.ജി.ആര്‍ എന്ന മനുഷ്യന്റെ മരണം ലക്ഷകണക്കിനു തമിഴന്മാരെ കണ്ണീരിലാഴ്ത്തി-പക്ഷേ ആ കണ്ണീരുകൊണ്ട് എം.ജി.ആര്‍ വീണ്ടും ഉയിര്‍ത്തെഴുന്നേറ്റില്ല. കണ്ണീരു പ്രശ്‌നത്തിനു പരിഹാരമാവുന്നില്ലെങ്കില്‍ പിന്നെന്തിനു ദു:ഖിക്കണം; സ്വന്തം മനസ്ഥിതിയും ശരീരസ്ഥിതിയും അവതാളത്തിലാക്കണം? ഗീത ഉറക്കെ മുന്നോട്ടുവയ്ക്കുന്ന ഒരു ചോദ്യം ഇതാണ്. ഇതില്‍ പുതുമയൊന്നും ഇല്ലെന്നു നിരീക്ഷിക്കാം. പക്ഷേ ഒരാള്‍ ഡ്രസ്സു മാറുന്നതു മറ്റൊരാള്‍ക്ക് പ്രകടമാകുന്ന അത്ര വ്യക്തതയില്‍ വാക്കുകള്‍ ഒരാളുടെ മനസ്സകത്തു വരുത്താവുന്ന പരിണാമങ്ങള്‍ പ്രകടമാവില്ല-അതു വളരെ സാവധാനത്തിലേ പ്രത്യക്ഷീഭവിക്കു-ഇത്തരമൊരു മാനസികപരിവര്‍ത്തനമാണ് ഗീതോപദേശം നിര്‍വ്വഹിക്കുന്നത്.

വികാരംകൊണ്ട് വിവേകം കൈമോശം വരാതിരിക്കുവാന്‍ വിവേകത്തെ പുഷ്ടിപ്പെടുത്തുന്ന വാദഗതികള്‍ വ്യക്തി മനസ്സിലേക്ക് സന്നിവേശിപ്പിക്കുകയാണ് ഗീത ചെയ്യുന്നത്. മരിച്ചവരെ ഉയിര്‍പ്പിക്കുവാനോ മരിക്കാത്തവരെ മരണത്തില്‍നിന്നു എന്നന്നേയ്ക്കുമായി രക്ഷിക്കുവാനോ സാധിക്കാത്ത ഒരു വൈകാരികവേലിയേറ്റം മാത്രമാണ് ദു:ഖം എന്നറിയുന്ന പണ്ഡിതന്മാര്‍ മരിച്ചവരെക്കുറിച്ചോ മരിക്കാനിരിക്കുന്നവരെ കുറിച്ചോ ദു:ഖിക്കാറില്ല എന്നു ഗീതാചാര്യന്‍ പ്രഖ്യാപിക്കുന്നു.

അര്‍ജ്ജുനന്‍ പണ്ഡിതനല്ല ഒരുപക്ഷേ അപക്വനായ കവിയാണ്, അയാളെ നയിക്കുന്നത് വികാരമാണ്; പക്ഷേ വികാരപ്രകടനത്തിന് അയാള്‍ ഉപയോഗിക്കുന്ന ഭാഷ പണ്ഡിതരുടേയും ആണ്. അര്‍ജ്ജുനന്‍ മരിച്ച പിതൃക്കള്‍ക്ക് ഉദ്ദകപിണ്ഡാദികള്‍ ലഭ്യമാവുകയില്ലെന്നതിനെ കുറിച്ചും ഇനി യുദ്ധത്തില്‍ മരിയ്ക്കാനിരിക്കുന്നവരെക്കുറിച്ചും ആണ് വേവലാതിപ്പെടുന്നത്. ഇതു പണ്ഡിതലക്ഷണമല്ല. ഇനി അര്‍ജ്ജുനന്‍ ധീരനല്ലെന്നും ഭംഗ്യന്തരേണ സൂചിപ്പിക്കപ്പെടുന്നുണ്ട്-ധീരതയ്ക്ക് ഭഗവദ്ഗീത നല്‍കുന്ന നിര്‍വചനം ‘സമ:ദു:ഖസുഖം ധീരം’ എന്നതാണ്-എന്നുവെച്ചാല്‍ സുഖദു:ഖങ്ങളെ സമചിത്തത കൈവെടിയാതെ അഭിമുഖീകരിക്കുന്നവനാണു ധീരന്‍ എന്നര്‍ത്ഥം.

അര്‍ജ്ജുനന്‍ യുദ്ധം എന്ന ഒഴിവാക്കാന്‍ യാതൊരു നിര്‍വ്വാഹവും ഇല്ലാത്ത ദു:ഖത്തെ നേരിടേണ്ടി വന്നപ്പോള്‍ സമചിത്തത ഇല്ലാത്തവനാവുകയാണു ചെയ്തത്. അയാളെ സമചിത്തതയിലേക്ക് എത്തിയ്ക്കുന്നതിനാണ് ഗീതോപദേശം ആരംഭിച്ചതും. ഭഗവദ്ഗീത യാതൊരു വ്യാമോഹവും പ്രഖ്യാപിക്കുന്നില്ല ദു:ഖങ്ങളെല്ലാം ഒഴിവാക്കിയ ഒരു ജീവിതം വാഗ്ദാനം ചെയ്യുന്നു എന്ന് അത് ഒരിടത്തും പറയുന്നില്ല. കാരണം, ദു:ഖം എന്നതു മനുഷ്യന്‍ മാത്രം വിചാരിച്ചാല്‍ ഒഴിവാക്കാവുന്ന ഒന്നാണു എന്ന ഗീത കരുതുന്നില്ല. സുഖവും മനുഷ്യന്‍ മാത്രം വിചാരിച്ചാല്‍ ഉണ്ടാകാവുന്നതാണെന്നു ഗീത കരുതുന്നില്ല.

പക്ഷേ, മനുഷ്യന്‍ വിചാരിച്ചാല്‍ അവന്റെ വിവേകം കൊണ്ട് ഉണ്ടാക്കാവുന്ന ഒന്നുണ്ട് അതാണു സമചിത്തത. സമചിത്തത കൈവന്നവനു ദു:ഖങ്ങളേയും സുഖങ്ങളേയും സ്വയം അട്ടിമറിയാതെ അഭിമുഖീക്കാനാകും. ഈ വിവേകത്തിന്റെ ധീരതയിലേക്ക് ഉയര്‍ന്നവനാണു ഗീതയിലെ യോഗിയും ജ്ഞാനിയും പണ്ഡിതനും, അവര്‍ മരിച്ചവരെപ്പറ്റിയോ മരിക്കാനിരിക്കുന്നവരെപ്പറ്റിയോ ദു:ഖിക്കാനായിക്കൊണ്ട് ജീവിതം ഉപയോഗിക്കാറില്ല.

ശക്തിബോധി പരിചയക്കുറിപ്പ്:

1970ല്‍ തൃശ്ശൂര്‍ജില്ലയിലെ താലോരില്‍ ജനിച്ചു. അച്ഛന്‍ വടക്കേക്കര വീട്ടില്‍ രാമന്‍നായര്‍ അമ്മ ചെറാട്ടുവീട്ടില്‍ സരോജനിയമ്മ. തലോര്‍ ദീപ്തി ഹൈസ്‌കൂള്‍, അയ്യന്തോള്‍ ഗവ: ഹൈസ്‌കൂള്‍, ഇന്ത്യന്‍ ആര്‍ട്‌സ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മധുരൈ കാമരാജ് യൂനിവേഴ്‌സിറ്റിയില്‍നിന്നു ഫിലോസഫി & റിലീജ്യന്‍ എന്ന വിഷയത്തില്‍ മാസ്റ്റര്‍ ബിരുദം. മഹര്‍ഷി മഹാകവി കൃഷ്ണകുമാറിന്റെ കീഴില്‍ ഗുരുകുലമുറയില്‍ വേദോപനിഷത്തുകളിലും തന്ത്രമന്ത്രശാസ്ത്രങ്ങളിലും പഠനം നടത്തി. 1999ല്‍ മുംബൈയിലെ അന്തേരിയിലുള്ള അഢ്മാര്‍മഠത്തിലെ വൈദികക്രീയകള്‍ക്കുശേഷം സി.രാമചന്ദ്രന്‍ സ്വാമി വിശ്വഭദ്രാനന്ദശക്തിബോധി എന്ന പേരില്‍ സന്ന്യാസം സ്വീകരിച്ചു.

2008ല്‍ ബ്രഹ്മാനന്ദസ്വാമി ശിവയോഗി സിദ്ധാശ്രമത്തില്‍ യോഗപട്ടദാനം നേടി അന്തേവാസിയായി. സാരാഗ്രഹി മാസികയുടെ പത്രാധിപരായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ എതിര്‍ദിശ മാസികയുടെ പ്രവര്‍ത്തനസമിതിയില്‍ ചീഫ് കോഓര്‍ഡിനേറ്റര്‍. ഇടതുപക്ഷഹിന്ദുത്വം ഒരു ആമുഖം, അമൃതാനന്ദമയിയും മയിലമ്മയും തുടങ്ങിയ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിലെ പ്രമുഖ ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും നൂറിലേറെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അറിയപ്പെടുന്ന പ്രഭാഷകനാണ്. രാജയോഗത്തെ അടിസ്ഥാനമാക്കി മാനസീകപ്രശ്‌നങ്ങള്‍ക്ക് കൗണ്‍സിലിങ്ങ് നടത്താറുണ്ട്.

E-mail: shakthibodhiviswa@gmail.com
Mob: +91
– 8714465149, 9495320311