bhagavat-gita

ദര്‍ശനം / സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി

ഭവഗത് ഗീതയുടെ ഒന്നാം അധ്യായമായ അര്‍ജുന വിഷാദയോഗത്തെ സംബന്ധിച്ചുള്ള പര്യാലോചന ഈ കുറിപ്പോടെ അവസാനിപ്പിക്കുകയാണ്. അതിനാല്‍ യുദ്ധത്തില്‍ നിന്ന് പിന്‍വാങ്ങുന്നതിന് കാരണമായി അര്‍ജുനന്‍ ഉന്നയിച്ച വാദങ്ങളും അതിനെ പ്രതിരോധിച്ചുകൊണ്ട് ‘യുദ്ധായ കൃതനിശ്ചയ’ (യുദ്ധം ചെയ്യുവാന്‍ നിശ്ചയിക്കുക എന്നതിലൂന്നി) ശ്രീ കൃഷ്ണന്‍ നിരത്തുന്ന വാദങ്ങളും ഒന്നുകൂടി ഇവിടെ സംഗ്രഹിച്ച് അവതരിപ്പിക്കുന്നു.

അര്‍ജ്ജുനന്‍ അങ്ങേയറ്റം യാഥാസ്ഥിതികനായ മനുഷ്യനാണ്. യാഥാസ്ഥിതികന്‍ എന്നുവച്ചാല്‍ നിലിവിലുള്ള സ്ഥിതി അങ്ങിനെ തന്നെ തുടരണമെന്ന് ആഗ്രഹിക്കുന്നയാള്‍ എന്നേ അര്‍ഥമുള്ളൂ. കുറെകൂടി തീക്ഷ്ണമായി പറഞ്ഞാല്‍ പരിവര്‍ത്തന വിരുദ്ധന്‍. പക്ഷെ എല്ലാം മാറിക്കൊണ്ടിരിക്കുന്ന വിശ്വപ്രകൃതിയില്‍, മനുഷ്യന്‍ എത്ര ശ്രമിച്ചാലും അവന്റെ മനസ്ഥിതിയോ വ്യവസ്ഥിതിയോ മാറാതിരിക്കുകയില്ല എന്നറിയാവുന്ന വിധം വിശ്വപ്രകൃതിയോട് ഉള്ളിണങ്ങി നില്‍ക്കുന്ന (യോഗത്തില്‍ വര്‍ത്തിക്കുന്ന വ്യക്തിപ്രതിഭ (individual inteligence) ഉള്ളവനാണ് ശ്രീകൃഷ്ണന്‍. അതിനാല്‍ അദ്ദേഹം പരിവര്‍ത്തനങ്ങളെ ഒഴിവാക്കാനാവാത്ത യാഥാര്‍ത്ഥ്യമായി കാണുന്നു. അതിനാല്‍ അര്‍ജ്ജുനനും ശ്രീകൃഷ്ണനും തമ്മിലുള്ള ഈ വ്യക്തിത്വ വ്യത്യാസം(individual difference) ഉള്ളില്‍ വച്ചുകൊണ്ട് ചിന്തിച്ചാലേ അര്‍ജ്ജുനന്‍ എന്തുകൊണ്ട് യുദ്ധവിരുദ്ധ വാദങ്ങളും ശ്രീകൃഷ്ണന്‍ എന്തുകൊണ്ട് യുദ്ധാനുകൂല വാദങ്ങളും ഉന്നയിക്കുന്നുവെന്ന് മനസ്സിലാക്കാനാവൂ.

നമ്മള്‍ക്ക് അര്‍ജ്ജുന വാദങ്ങളും ശ്രീകൃഷ്ണ വാദങ്ങളും ഒന്നോടിച്ചു പരിശോധിക്കാം. യുദ്ധം ചെയ്യാന്‍ നിശ്ചയിച്ച് അണിനിരന്നിരിക്കുന്ന സ്വജനങ്ങളെ കണ്ടിട്ട് വ്യാകുലചിത്തനായ അര്‍ജ്ജുനന്‍, സ്വജനം എന്ന പദം കൊണ്ട് ഇവിടെ വിവക്ഷിക്കുന്നത് രക്തബന്ധം ഉള്ളവരെ മാത്രമാണ്. ജ്യേഷ്ഠാനുജ പുത്രന്മാര്‍ തമ്മിലുള്ള കലഹം കുലക്ഷയത്തിന് കാരണമാകുമെന്നാണ് അര്‍ജ്ജുനവാദം. (ധര്‍മ്മോ നഷ്ടേ കുലം കൃത്സന/ മധര്‍മ്മോഭി ഭവത്യുത (ഗീത1:40)…….’ കുലം ധര്‍മ്മം ക്ഷയിച്ചാല്‍ വംശത്തെ മുഴുവന്‍ ദുരാചാരം ഗ്രസിക്കും എന്ന് തുടങ്ങുന്ന അര്‍ജ്ജുന വാദങ്ങള്‍ ഓര്‍മ്മിക്കുക).

അധര്‍മ്മം കൊണ്ട് കുല സ്ത്രീകള്‍ ദുഷിക്കുന്നു. സ്ത്രീകള്‍ ദുഷിച്ചുപോയാല്‍ അഥാവാ പരജാതിയില്‍ നിന്നുള്ള പുരുഷന്‍മാരുടെ സമ്പര്‍ക്കംകൊണ്ട് അവര്‍ ഗര്‍ഭവതികളായാല്‍ ജാതിമിശ്രത ഉണ്ടാകുന്നു. (ജായതേ വര്‍ണ സങ്കര : ഗീത1:41) ജാതിമിശ്രണത്തില്‍ നിന്നുണ്ടാകുന്ന കുട്ടികള്‍ അര്‍പ്പിക്കുന്ന ബലിപിണ്ഡാദികള്‍ മരണമടഞ്ഞ പിതൃക്കള്‍ക്ക് കിട്ടാതെ വരികയും അവര്‍ നരകത്തില്‍ ചെന്ന് പതിക്കുന്നതിന് കാരണമാവുകയും ചെയ്യുന്നു. ഇത്രയും വാദങ്ങളില്‍ നിന്ന് തന്നെ അര്‍ജ്ജുനന്റെ മനസ്സ് പരമ്പരാഗതമായ സങ്കല്‍പ്പങ്ങളില്‍ ഊന്നിയുള്ള സ്വര്‍ഗ-നരക വിചാരങ്ങളെയും കുലധര്‍മ്മാചാരങ്ങളെയും വിശ്വസിക്കുന്ന ഒരു സ്വഭാവഘടനയുള്ളതാണെന്ന് വ്യക്തമാണ്.

ഭൂരിപക്ഷം മനുഷ്യരും ഇത്തരം സ്വഭാവഘടനയുള്ളവരാണ്. ഇതിനെ മാറ്റിമറിക്കണമെങ്കില്‍ ജനം എവിടെ നില്‍ക്കുന്നുവോ അവിടെ നിന്നുകൊണ്ട് സംസാരിച്ചു തുടങ്ങിയേ പറ്റൂ. ശ്രീകൃഷ്ണനും ഈ രീതിയിലാണ് അര്‍ജ്ജുനവാദങ്ങളോട് പ്രതികരിക്കുന്നത്. സുഖദുഖങ്ങളിലും നിന്ദാസ്തുതികളിലും സ്വര്‍ണ്ണത്തിലും മണ്ണാങ്കട്ടയിലും പട്ടിയിലും പട്ടിയെ തിന്നുന്ന ചണ്ഡാളനിലും വേദവാദരതരായ ബ്രാഹ്മണരിലും സമബുദ്ധിയുള്ളവനാണ് യോഗി…. (യോഗ: സമത്വമുച്യതേ… പണ്ഡിത: സമദര്‍ശിന: എന്നൊക്കെ പ്രസ്താവിച്ച ശ്രീകൃഷ്ണന് സ്വര്‍ഗനരക ഭേദങ്ങളും ഉണ്ടാകാനിടയില്ല).

സ്വര്‍ഗ്ഗത്തെയും നരകത്തെയും വേറെ വേറെ കാണുന്നവന്‍ സമബുദ്ധിയുള്ളവനല്ല, ശ്രീകൃഷ്ണന്‍ സമബുദ്ധിയുള്ളവനാണ്. എന്നിട്ടും കുലക്ഷയത്തിനും നരക പ്രാപ്തിക്കും കാരണമായേക്കാവുന്ന യുദ്ധം വേണ്ടതില്ല എന്ന അര്‍ജുനന്റെ വാദത്തെ നേരിടുമ്പോള്‍, ശ്രീകൃഷ്ണന്‍ സ്വര്‍ഗനരക പരികല്പനകള്‍ ഇല്ലെന്ന് പറഞ്ഞുകൊണ്ടല്ല സ്വന്തം വാദങ്ങള്‍ നിരത്തുന്നത്. വാദത്തിന് വേണ്ടിയെങ്കിലും സ്വര്‍ഗ്ഗനരകങ്ങളെ അംഗീകരിച്ചുകൊണ്ടാണ്. ഇത് ചെയ്തില്ലെങ്കില്‍ താന്‍ ഉന്നയിക്കുന്ന പരിവര്‍ത്തന വാദങ്ങള്‍ അര്‍ജ്ജുനന്‍ സ്വീകരിക്കാതെ പോകും എന്നതുകൊണ്ട് അയാളുടെ അസ്ഥിത്വം തന്നെ അപകടപ്പെടും എന്ന് ശ്രീകൃഷ്ണന് അറിയാം. അതുകൊണ്ട് സര്‍ഗ്ഗനരകങ്ങളെ അംഗീകരിക്കുന്ന അര്‍ജ്ജുന മനസ്സിനോട് ശ്രീകൃഷ്ണന്‍ യുദ്ധം ചെയ്യാന്‍ പറയുന്നത് അയാളുടെ വാദങ്ങളെ തന്നെ അവലംബമാക്കിയാണ്.

അര്‍ജ്ജുനന്‍ അടിസ്ഥാനപരമായി ഒരു ക്ഷത്രിയനാണ്. ക്ഷത്രിയന് യുദ്ധം സ്വര്‍ഗ്ഗ ദ്വാരം തുറന്നുകൊടുക്കുന്നുവെന്നാണ് അര്‍ജ്ജുനന്റെ വിശ്വാസത്തിന് ആധാരമായ പ്രമാണങ്ങള്‍ തന്നെ പറയുന്നത്. അതുകൊണ്ടാണ് നീ യുദ്ധം ചെയ്ത് മരിച്ചാല്‍ നിനക്ക് വീര സ്വര്‍ഗ്ഗം ലഭിക്കും എന്നും യുദ്ധം ജയിച്ചാല്‍ ഭൂമിയും ലഭിക്കും എന്നും അതിനാല്‍ യുദ്ധം ചെയ്യണമെന്നും ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനെ ഉപദേശിക്കുന്നത്. മാത്രമല്ല, ക്ഷത്രിയന്‍ മുമ്പില്‍ വന്നുചേര്‍ന്ന യുദ്ധാവസരത്തെ ഒഴിവാക്കുന്നത് ഒരു വൈദ്യന്‍ മുമ്പില്‍ വന്ന രോഗിയെ ഒഴിവാക്കുന്നതുപോലെ തന്നെ കുലധര്‍മ്മ വിരുദ്ധമായ നടപടിയാണ്. കുലധര്‍മ്മത്തിനുവേണ്ടി വാദിക്കുന്ന അര്‍ജ്ജുനന്‍ ക്ഷത്രിയന്റെ കുലധര്‍മ്മമായ യുദ്ധത്തിനെ ഒഴിവാക്കുന്നത് അയാള്‍ സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്ന കുലധര്‍മ്മത്തിന് തന്നെ നിരക്കാത്തതാണ്. ഇങ്ങനെ അര്‍ജ്ജുനന്റെ യുദ്ധവിരുദ്ധ വാദങ്ങള്‍ക്ക് ആധാരമായ കുലധര്‍മ്മ സംരക്ഷ എന്ന ന്യായത്തെ തന്നെ അവലംബമാക്കി യുദ്ധംചെയ്യുന്നത് തെറ്റല്ല എന്ന് അര്‍ജ്ജുനനെ ബോധ്യപ്പെടുത്തുകയാണ് ഭഗവത്ഗീതയുടെ തുടക്കത്തില്‍ ശ്രീകൃഷ്ണന്‍ ചെയ്യുന്നത്.

ശ്രീകൃഷ്ണന്റെ ഈ ന്യായവദത്തെ ഖണ്ഡിക്കണമെങ്കില്‍ ക്ഷത്രിയരുടെ കുലധര്‍മ്മം യുദ്ധമല്ലെന്നും യുദ്ധക്കളത്തിലെ മരണം സ്വര്‍ഗ്ഗപ്രാപ്തിക്ക് കാരണമല്ലെന്നും അര്‍ജ്ജുനന് വാദിക്കേണ്ടിവരും. കടുത്ത കുലധര്‍മ്മവാദിയായതിനാല്‍ (‘കുലധര്‍മ്മ സനാതന’-കുലധര്‍മ്മം എന്നും നിലനില്‍ക്കേണ്ടതാണ് എന്നൊക്കെ പറയാന്‍ കടുത്ത കുലധര്‍മ്മ വാദികള്‍ക്കേ കഴിയൂ.) അര്‍ജ്ജുനന് ഒരിക്കലും ക്ഷത്രിയന്റെ കുലധര്‍മ്മം യുദ്ധമല്ലെന്നും യുദ്ധം സ്വര്‍ഗ്ഗദ്വാരം തുറന്ന് തരില്ലെന്നും പറയാന്‍ കഴിയില്ല.

ഇതുകൊണ്ട് തന്നെ ഭീഷ്മരും താനും ഉള്‍പ്പെടെയുള്ള ക്ഷത്രിയര്‍ക്ക് യുദ്ധത്തില്‍ മരണം വരിക്കേണ്ടി വന്നാല്‍ അത് സ്വര്‍ഗപ്രാപ്തിക്ക് കാരണമാകുമെന്നല്ലാതെ മറിച്ച് ചിന്തിക്കാന്‍ അര്‍ജ്ജുനന് ആവുകയില്ല. ശ്രീകൃഷ്ണന്‍ ഇതുകൂടി മനസ്സിലാക്കിയാണ് അര്‍ജുനന്റെ കുലധര്‍മ്മവാദത്തെ മുന്‍നിര്‍ത്തിക്കൊണ്ട് തന്നെ യുദ്ധം ക്ഷത്രിയന് അനാശാസ്യമല്ല, ആശാസ്യമാണ് എന്ന് പറഞ്ഞത്. എങ്കിലും ശ്രീകൃഷ്ണന്‍ പറയുന്നത് കേട്ടപ്പോള്‍ അര്‍ജ്ജുന മനസ്സ് സംശയരഹിതമാവുകയല്ല മറിച്ച് കൂടുതല്‍
സംശയഗ്രസ്തമാവുകയാണ് ചെയ്തത്.

ബന്ധുജനസ്‌നേഹവും കുലധര്‍മ്മവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ബന്ധുജനത്തെ പ്രതിയുള്ള സ്‌നേഹത്താല്‍ യുദ്ധത്തില്‍ നിന്ന് പിന്‍വാങ്ങുന്നതാണോ അതോ ക്ഷത്രിയധര്‍മ്മമനുസരിച്ച് യുദ്ധത്തില്‍ വീറോടെ പൊരുതുന്നതാണോ ശ്രേയസ്‌കരം എന്ന സംഘര്‍ഷത്തിലേക്ക് അര്‍ജ്ജുനന്‍ എത്തിച്ചേരുന്നു. ഇതയാളുടെ ശരീരത്തെ മാത്രമല്ല, മനോബുദ്ധികളെകൂടി തീര്‍ത്തും പരിക്ഷീണമാക്കുന്നു. തളരുമ്പോഴാണ് താങ്ങ് മനുഷ്യനാവശ്യപ്പെടുക. അങ്ങിനെ, ‘അങ്ങ്, എന്ത് ചെയ്യണമെന്നറിയാത്ത എനിക്ക് എന്ത് ചെയ്യണമെന്ന് കൃത്യമായി പറഞ്ഞ് തരിക. ഞാന്‍ അങ്ങയെ ശരണം പ്രാപിക്കുന്നു. സൗഹൃദത്തിന്റെ സ്വാതന്ത്ര്യത്തെക്കാള്‍ ശിഷ്യത്വത്തിന്റെ സമര്‍പ്പണം അങ്ങേക്ക് മുമ്പില്‍ ഞാന്‍ കൈക്കൊള്ളുന്നു. എന്നെ ശാസിക്കുക എന്ന് പറയാവുന്ന അവസ്ഥയിലേക്ക് അര്‍ജ്ജുനന്‍ എത്തിപ്പെടുന്നു. ഇവിടെയാണ് ശ്രീകൃഷ്ണന്‍ സ്വന്തം ധര്‍മ്മോപദേശം പറയാന്‍ തുടങ്ങുന്നത്. നിശ്ചയമില്ലാതായ അര്‍ജ്ജുനന്റെ ധര്‍മ്മവ്യസനിതമായ മനസ്സിന് ധര്‍മ്മബോധം അരുളി നിശ്ചയമുള്ളതാക്കുകയാണ് ശ്രീകൃഷ്ണന്‍ ചെയ്യുന്നത്. അര്‍ജ്ജുനനെ ബന്ധുജനസ്‌നേഹവാദി എന്നതില്‍ നിന്ന് കര്‍മ്മയോഗബോധിയാക്കുകയാണ് ശ്രീകൃഷ്ണന്‍ ചെയ്യുന്നത്. ബന്ധുജനസ്‌നേഹം കൊണ്ട് നിങ്ങള്‍ക്ക് അധര്‍മ്മംചെയ്യാന്‍ തോന്നും.

വി.വി.രമേശന്‍ മകളുടെ മെഡിക്കല്‍ സീറ്റിനുവേണ്ടി ചെയ്തത് അത്തരം അധര്‍മ്മമാണ്. പക്ഷേ ബന്ധുജനസ്‌നേഹം പോലും ഉപേക്ഷിച്ചാലേ മിക്കവാറും ജീവിതം ധര്‍മ്മാനുസൃതമാകൂ. അതിനാലാണ് രാജാവ്, ഭരണീയര്‍ക്ക് മാതൃകയാവണമെന്ന ധര്‍മ്മം അനുസരിച്ചപ്പോള്‍ ശ്രീരാമന് പ്രാണപ്രേയസിയായ സീതയെപ്പോലും കൊടുങ്കാട്ടിലേക്ക് തള്ളിവിടേണ്ടി വന്നത്. ധര്‍മ്മ സംസ്ഥാപനത്തിനുവേണ്ടി പ്രാണപ്രിയതമയെ വെടിഞ്ഞ ശ്രീരാമന്‍ ബന്ധുജനസ്‌നേഹത്തിനല്ല രാജാവെന്ന നിലയിലുള്ള ധര്‍മ്മത്തിനാണ് ഊന്നല്‍ കൊടുത്തത്. ശ്രീകൃഷ്ണനും ഊന്നല്‍കൊടുക്കുന്നത് ധര്‍മ്മത്തിനാണ് സ്‌നേഹത്തിനല്ല.

സ്‌നേഹത്തിനാണ് മേന്മ എന്ന് കരുതിയാല്‍മക്കളെ എം.എല്‍.എ ആക്കുന്നതിന് ചരട് വലിക്കാത്ത മഹാത്മാഗാന്ധി മോശപ്പെട്ട പൊതുപ്രവര്‍ത്തകനും, മകനെ മന്ത്രിയാക്കാന്‍ വേണ്ടി ചരട് വലിക്കുന്നകെ.എം.മാണി മഹാനായ പൊതുപ്രവര്‍ത്തകനും ആകും. ഇത് തിരിച്ചറിയുന്ന പൊതുപ്രവര്‍ത്തകര്‍ക്കേ ബന്ധുജന സുഖത്തിനുവേണ്ടി യുദ്ധം ഒഴിവാക്കാമെന്ന അര്‍ജ്ജുനന്റെ സമാധാനവാദം ഖണ്ഡിച്ചുകൊണ്ട് അവര്‍ക്ക് അസുഖം വരുത്തിയിട്ടാണെങ്കില്‍ കൂടി ധര്‍മ്മം സ്ഥാപിക്കണം എന്ന ശ്രീകൃഷ്ണന്റെ യുദ്ധാനുകൂല വാദത്തെ മനസിലാക്കാനാവൂ.

ശക്തിബോധി പരിചയക്കുറിപ്പ്:

1970ല്‍ തൃശ്ശൂര്‍ജില്ലയിലെ താലോരില്‍ ജനിച്ചു. അച്ഛന്‍ വടക്കേക്കര വീട്ടില്‍ രാമന്‍നായര്‍ അമ്മ ചെറാട്ടുവീട്ടില്‍ സരോജനിയമ്മ. തലോര്‍ ദീപ്തി ഹൈസ്‌കൂള്‍, അയ്യന്തോള്‍ ഗവ: ഹൈസ്‌കൂള്‍, ഇന്ത്യന്‍ ആര്‍ട്‌സ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മധുരൈ കാമരാജ് യൂനിവേഴ്‌സിറ്റിയില്‍നിന്നു ഫിലോസഫി & റിലീജ്യന്‍ എന്ന വിഷയത്തില്‍ മാസ്റ്റര്‍ ബിരുദം. മഹര്‍ഷി മഹാകവി കൃഷ്ണകുമാറിന്റെ കീഴില്‍ ഗുരുകുലമുറയില്‍ വേദോപനിഷത്തുകളിലും തന്ത്രമന്ത്രശാസ്ത്രങ്ങളിലും പഠനം നടത്തി. 1999ല്‍ മുംബൈയിലെ അന്തേരിയിലുള്ള അഢ്മാര്‍മഠത്തിലെ വൈദികക്രീയകള്‍ക്കുശേഷം സി.രാമചന്ദ്രന്‍ സ്വാമി വിശ്വഭദ്രാനന്ദശക്തിബോധി എന്ന പേരില്‍ സന്ന്യാസം സ്വീകരിച്ചു.

2008ല്‍ ബ്രഹ്മാനന്ദസ്വാമി ശിവയോഗി സിദ്ധാശ്രമത്തില്‍ യോഗപട്ടദാനം നേടി അന്തേവാസിയായി. സാരാഗ്രഹി മാസികയുടെ പത്രാധിപരായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ എതിര്‍ദിശ മാസികയുടെ പ്രവര്‍ത്തനസമിതിയില്‍ ചീഫ് കോഓര്‍ഡിനേറ്റര്‍. ഇടതുപക്ഷഹിന്ദുത്വം ഒരു ആമുഖം, അമൃതാനന്ദമയിയും മയിലമ്മയും തുടങ്ങിയ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിലെ പ്രമുഖ ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും നൂറിലേറെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അറിയപ്പെടുന്ന പ്രഭാഷകനാണ്. രാജയോഗത്തെ അടിസ്ഥാനമാക്കി മാനസീകപ്രശ്‌നങ്ങള്‍ക്ക് കൗണ്‍സിലിങ്ങ് നടത്താറുണ്ട്.

E-mail: shakthibodhiviswa@gmail.com
Mob: +91- 8714465149, 9495320311