sri krishna on battle field mahabharatha

ദര്‍ശനം / സ്വാമി വിശ്വഭദ്രാനന്ദശക്തിബോധി

ധൃതരാഷ്ട്രര്‍ക്ക് പാണ്ഡു എന്ന സഹോദരന്റെ മക്കള്‍ കാടുകേറി തുലഞ്ഞാലും കുഴപ്പമില്ല സ്വന്തം മക്കള്‍ നാടുവാഴാനിടയായാല്‍ മതി എന്ന മനോഭാവമേയുള്ളൂ. ദുര്യോധനനാകട്ടെ ഇളയച്ഛന്റെ മക്കളായ പാണ്ഡവരോ ഭീഷ്മരും ദ്രോണരും ഉള്‍പ്പെടെയുള്ള സുഹൃത്തുക്കളോ ദുശ്ശാസനാദി സഹോദരങ്ങളോ ജയഭ്രഥാദി സംബന്ധികളോ യുദ്ധത്തില്‍ പൊരുതിച്ചത്താലും തനിയ്ക്ക് രാജ്യം ഭരിക്കാനായാല്‍ മതി എന്ന നിലപാടാണുള്ളത്. ‘സ്വന്തം കാര്യം സിന്ദാബാദ്’ എന്നതിനു വിശ്വസാഹിത്യത്തില്‍ത്തന്നെ ദുര്യോധനനോളം തികവൊത്ത മറ്റൊരു ഉദാഹരണം കണ്ടെത്താനാവില്ല.

എന്നാല്‍ അര്‍ജ്ജുനന്റെ സ്വാര്‍ത്ഥത കുറെക്കൂടി വിശാലമാണ്. അയാള്‍ക്ക് ധര്‍മ്മപുത്രരും ഭീമനും, നകുല സഹോദരന്മാരും ജീവിച്ചിരിക്കണം എന്നതിനോടൊപ്പം വലിയച്ഛന്റെ മക്കളായ ദുര്യോധനാദികളും ഭീഷ്മദ്രോണന്മാരുള്‍പ്പെടുന്ന ഗുരുജനങ്ങളും ഒക്കെ ജീവിച്ചിരിക്കണമെന്നുണ്ട്. അവര്‍ക്കൊക്കെ നാശമുണ്ടാക്കുന്ന യുദ്ധം വേണ്ടെന്നുമുണ്ട്. ശത്രുപക്ഷത്തുനില്‍ക്കുന്നവരെപ്പോലും ഒരേ രക്തബന്ധുക്കള്‍ എന്ന നിലയില്‍ സ്‌നേഹിക്കുവാനുള്ള സന്നദ്ധത അര്‍ജ്ജുനനുണ്ട്. ‘ശത്രുവിനെപ്പോലും സ്‌നേഹിക്കുക’ എന്ന ക്രിസ്തുവചനത്തിന് അര്‍ജ്ജുനമനസ്സിന് ഉണ്ടായിടത്തോളം ആവിഷ്‌കാരം മറ്റെങ്ങും ഇല്ലെന്നതിനാല്‍ അര്‍ജ്ജുനനെ ആദ്യത്തെ ക്രിസ്ത്യാനി എന്നു വേണമെങ്കില്‍ പറയാം.

ബന്ധുജനങ്ങളുടെ രക്തത്തില്‍ കുതിര്‍ന്ന രാജ്യഭോഗങ്ങളേക്കാള്‍ അഭികാമ്യം ഭിക്ഷാടനമാണെന്ന് അര്‍ജ്ജുനന്‍ പറയുന്ന. ദുര്യോധനാദികള്‍ക്ക് തങ്ങളോടു വെറുപ്പാണെങ്കിലും തിരിച്ച് അതേ വെറുപ്പ് തങ്ങളെന്തിനു ദുര്യോധനാദികളോട് കാണിക്കണം? അങ്ങനെ പരസ്പരം പോരടിച്ചാല്‍ കുലനാശമല്ലാതെ മറ്റെന്താണുണ്ടാവുക? ഇതൊക്കെയാണ് അര്‍ജ്ജുനവാദങ്ങള്‍. ഇവ്വിധമുള്ള വിശാലമായ ബന്ധുജനമമതകൊണ്ട് വിഷാദഭരിതനായിട്ടാണ് അര്‍ജ്ജുനന്‍ തേര്‍ത്തട്ടില്‍ തളര്‍ന്നിരിക്കുന്നത്. ഇവിടെയാണ് ശ്രീകൃഷ്ണന്‍ ഇടപെടുന്നതും അര്‍ജ്ജുനനെ യുദ്ധാദ്ധ്യുക്തനാക്കുന്നതിനു എല്ലാ അര്‍ത്ഥത്തിലും സഹായകവും പ്രേരകവുമായ ഗീതോപദേശം നടത്തുന്നതും.

sri-sri-ravishankar-and-amrithananda-mayi in deep thoughtശ്രീകൃഷ്ണന്‍ യുദ്ധം ചെയ്യാന്‍ പ്രേരിപ്പിച്ചത് ശരിയോ തെറ്റോ? ദ്വേഷത്തേക്കാള്‍ സ്‌നേഹവും യുദ്ധത്തേക്കാള്‍ സമാധാനവും. അല്ലേ ഒരു ആദ്ധ്യാത്മിക പുരുഷനില്‍നിന്നു പുറപ്പെടുന്ന ഉപദേശത്തിന്റെ സ്വഭാവമായിരിക്കേണ്ടത്? മാതാ അമൃതാനന്ദമയി, ശ്രീശ്രീരവിശങ്കര്‍ തുടങ്ങി സൂര്യാജിവരെയുള്ള ആള്‍ദൈവങ്ങളൊക്കെ സ്‌നേഹിക്കാനാണ് ഉപദേശിക്കുന്നത്. ‘സ്‌നേഹമാണഖിലസ്സാരമൂഴിയില്‍’ എന്ന കുമാരനാശാന്റെ കവിതയ്ക്കപ്പുറം ഒരിഞ്ചു വളരാത്തതാണ് ആധുനികആള്‍ദൈവങ്ങളുടെ ജീവിതാവബോധം. യേശുക്രിസ്ത്രുവും ശത്രുവിനെപ്പോലും സ്‌നേഹിക്കുവാനാണ് ഉപദേശിക്കുന്നത് എന്നത്രേ സകല സുവിശേഷവേലക്കാരുടേയും പ്രഖ്യാപനം ശ്രീബുദ്ധന്‍ അഹിംസയാണു പരമധര്‍മ്മമെന്നു സിദ്ധാന്തിക്കുന്നു. ഈയിടെ അന്തരിച്ച സത്യസായിബാബയും സ്‌നേഹമതക്കാരനാണ്. താനിനി പ്രേമസായിയായി അവതരിക്കും എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

എന്നാല്‍, ഇവരില്‍നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തനാണ് ശ്രീകൃഷ്ണന്‍. അദ്ദേഹം സ്‌നേഹം ഉപദേശിക്കുന്നില്ല. യുദ്ധം ചെയ്യുന്നില്ലെന്നു പറഞ്ഞിരുന്നവനെ വീണ്ടും എഴുന്നേല്‍പ്പിച്ച് യുദ്ധം ചെയ്യിക്കുവാനാണ് കൃഷ്ണന്റെ ഗീതോപദേശം സഹായകമായത്. ഇക്കാര്യംവെച്ച് ബദ്ദര്‍യുദ്ധം നയിച്ച മുഹമ്മദ് നബിയോടും ഗുരുദേവ്‌ന്‌സിംഗ് ഉള്‍പ്പെടെയുള്ള സിഖ് ഗുരുക്കന്മാരോടും ഒക്കെയാണ് ശ്രീകൃഷ്ണനു സാദൃശ്യം. എന്നു പറയാം.

എന്നാല്‍ അബുള്‍ അഅ്‌ലാ മൗദൂദി അദ്ദേഹത്തിന്റെ ‘ജിഹാദ്’ എന്ന പുസ്തകത്തില്‍ യുദ്ധങ്ങളോടുള്ള വിവിധ മതസംഹിതകളുടെ സമീപനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി തിരഞ്ഞെടുത്ത ഹിന്ദുമതഗ്രന്ഥം ‘ശ്രീകൃഷ്‌ണോപദിഷ്ടമായ ഗീതയല്ല മറിച്ച് മനുസ്മൃതിയാണ്. എന്തുകൊണ്ടാണ് മൗദുദി ഗീതയെ ഉപേക്ഷിച്ച് മനുസ്മൃതിയെ തിരഞ്ഞെടുത്തത്? ഹിന്ദുക്കള്‍ക്കിടയില്‍ ശ്രീകൃഷ്ണനേക്കാള്‍ സ്വാധീനം മനുവിനുണ്ടെന്ന് എന്തടിസ്ഥാനത്തിലാണ് മൗദുദി തീരുമാനിച്ചത്? ഈ ചോദ്യങ്ങള്‍ക്കുള്ള സമാധാനങ്ങളൊന്നും മൗദുദിയുടെ ഗ്രന്ഥത്തില്‍ നിന്നു ലഭ്യമല്ല. അദ്ദേഹത്തിന്റെ വിമര്‍ശനസൗകര്യത്തിനുവേണ്ടി ഹിന്ദുക്കളുടെ മതഗ്രന്ഥം ഭഗവദ്ഗീതയല്ല മനുസ്മൃതിയാണെന്ന് ഉറപ്പിച്ചു എന്നേ കരുതേണ്ടതുള്ളൂ. എന്നാല്‍ ഇന്ത്യയിലെ ഗണനീയരായ യാതൊരു ആദ്ധ്യാത്മികവ്യക്തിത്വങ്ങളും ഭഗവദ്ഗീതയെക്കാള്‍ പ്രാമാണ്യം മനുസ്മൃതിക്കു നല്‍കിയിട്ടില്ല എന്നതാണു വാസ്തവം.

abul ala maududiമൗദുദി ഇക്കാര്യം തിരിച്ചറിയാതെ പോയതെന്തുകൊണ്ട്? പ്രത്യേകിച്ചും ഭഗവദ്ഗീതയെ പ്രമാണമാക്കി സ്വാതന്ത്ര്യസമരം നയിച്ച തിലകിനും ഗാന്ധിജിക്കും സമകാലിനനായിരുന്നിട്ടും എന്നത് ആശ്ചര്യകരമായിരിക്കുന്നു! മനുസ്മൃതിയെ പരിഗണിച്ചപ്പോഴും അതേപ്പറ്റി എഴുതപ്പെട്ട ഏറ്റവും നല്ല പഠനങ്ങള്‍ മൗദുദി പഠിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല. Dance of Shiva എന്ന ഗ്രന്ഥത്തില്‍ ഡോ.ആനന്ദകുമാരസ്വാമി എളുപ്പം മറികടക്കാനാകാത്ത യുക്തിഭദ്രതയോടുകൂടി മനുസ്മൃതിയെ വിലയിരുത്തിയിട്ടുണ്ട്. ഇതു പഠിച്ചതിന്റെ യാതൊരു ലക്ഷണവും മൗദുദിയന്‍ മനുസ്മൃതിപഠനത്തില്‍ ഇല്ല. ഇതിനാലൊക്കെ തന്നെ മനുസ്മൃതിയെ മുന്‍നിര്‍ത്തി യുദ്ധത്തോടുള്ള ഹിന്ദുമതസമീപനത്തെ സംബന്ധിച്ച് വിധിയെഴുതുവാനുള്ള ‘ജിഹാദ്’ എന്ന ഗ്രന്ഥത്തിലെ മൗദുദിയുടെ ശ്രമം ബലിശമാണ്. ഇത് ആനുഷംഗികമായി പറയേണ്ടിവന്നെന്നേയുള്ളൂ.

ഇവിടുത്തെ മുഖ്യപ്രശ്‌നം മറ്റൊന്നാണ്. ബന്ധുജനസ്‌നേഹത്താല്‍ ദ്വേഷബുദ്ധി വെടിഞ്ഞ് ചത്താലും ആരേയും കൊല്ലാനാകില്ല എന്നുറപ്പിച്ച് യുദ്ധത്തില്‍നിന്നു പിന്തിരിഞ്ഞ അര്‍ജ്ജുനനെ, നിരവധി തലങ്ങളുള്ള യുക്തിവാദങ്ങളിലൂടെ ഉപദേശിച്ച് ശ്രീകൃഷ്ണന്‍ എന്തിനു യുദ്ധോദ്ധ്യുക്തനാക്കി എന്നതാണു മുഖ്യപ്രശ്‌നം. ഗാന്ധാരി കുരുക്ഷേത്രയുദ്ധനന്തരം കരഞ്ഞുകൊണ്ട് പറഞ്ഞതുപോലെ ‘കൊല്ലിക്കല്‍’ ശ്രീകൃഷ്ണനു ‘രസ’മായിരുന്നോ?

ശ്രീകൃഷ്ണന്റെ അവതാരോദ്ദേശ്യം എന്തെന്നു ഭഗവദ്ഗീത തന്നെ പ്രഖ്യാപനം ചെയ്യുന്നുണ്ട്. ‘ധര്‍മ്മസംസ്ഥാപനാര്‍ത്ഥായി സംഭവാമി യുഗേയുഗേ’-ധര്‍മ്മ സംസ്ഥാപനത്തിനും യുഗങ്ങള്‍തോറും സംഭവിക്കുക എന്നര്‍ത്ഥം. ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ‘സ്‌നേഹസംസ്ഥാപനാര്‍ത്ഥായി സംഭവാമി യുഗേയുഗേ’ എന്നതല്ല ഗീതാഗുരുവിന്റെ അവതാരലക്ഷ്യം. ഇതിനര്‍ത്ഥം സ്‌നേഹത്തേക്കാള്‍ പ്രധാനമാണ് ശ്രീകൃഷ്ണനു ധര്‍മ്മം എന്നാണ്. സ്‌നേഹോപദേശികളായ അമൃതാനന്ദമയിയും ശ്രീശ്രീരവിശങ്കറും ഉള്‍പ്പടെയുള്ള ഇക്കാലത്തെ ഹൈടെക് അവതാരങ്ങളും അവരുടെ പാദസേവകരായ ശിഷ്യഗണങ്ങളും,

ധര്‍മ്മത്തേക്കാള്‍ പ്രാധാന്യം സ്‌നേഹത്തിനു നല്‍കിയതുകൊണ്ട് ശ്രീകൃഷ്ണന്‍ മേല്‍പ്പറഞ്ഞവരേക്കാള്‍ ആദ്ധ്യാത്മികതയില്‍ താഴ്ചയിലാണോ ഉയര്‍ച്ചയിലാണോ എന്നു പരിശോധിക്കാനും വ്യക്തമാക്കാനും മുന്നോട്ടുവന്നാല്‍ നന്നായിരുന്നു.

ശക്തിബോധി പരിചയക്കുറിപ്പ്:

1970ല്‍ തൃശ്ശൂര്‍ജില്ലയിലെ താലോരില്‍ ജനിച്ചു. അച്ഛന്‍ വടക്കേക്കര വീട്ടില്‍ രാമന്‍നായര്‍ അമ്മ ചെറാട്ടുവീട്ടില്‍ സരോജനിയമ്മ. തലോര്‍ ദീപ്തി ഹൈസ്‌കൂള്‍, അയ്യന്തോള്‍ ഗവ: ഹൈസ്‌കൂള്‍, ഇന്ത്യന്‍ ആര്‍ട്‌സ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മധുരൈ കാമരാജ് യൂനിവേഴ്‌സിറ്റിയില്‍നിന്നു ഫിലോസഫി & റിലീജ്യന്‍ എന്ന വിഷയത്തില്‍ മാസ്റ്റര്‍ ബിരുദം. മഹര്‍ഷി മഹാകവി കൃഷ്ണകുമാറിന്റെ കീഴില്‍ ഗുരുകുലമുറയില്‍ വേദോപനിഷത്തുകളിലും തന്ത്രമന്ത്രശാസ്ത്രങ്ങളിലും പഠനം നടത്തി. 1999ല്‍ മുംബൈയിലെ അന്തേരിയിലുള്ള അഢ്മാര്‍മഠത്തിലെ വൈദികക്രീയകള്‍ക്കുശേഷം സി.രാമചന്ദ്രന്‍ സ്വാമി വിശ്വഭദ്രാനന്ദശക്തിബോധി എന്ന പേരില്‍ സന്ന്യാസം സ്വീകരിച്ചു.

2008ല്‍ ബ്രഹ്മാനന്ദസ്വാമി ശിവയോഗി സിദ്ധാശ്രമത്തില്‍ യോഗപട്ടദാനം നേടി അന്തേവാസിയായി. സാരാഗ്രഹി മാസികയുടെ പത്രാധിപരായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ എതിര്‍ദിശ മാസികയുടെ പ്രവര്‍ത്തനസമിതിയില്‍ ചീഫ് കോഓര്‍ഡിനേറ്റര്‍. ഇടതുപക്ഷഹിന്ദുത്വം ഒരു ആമുഖം, അമൃതാനന്ദമയിയും മയിലമ്മയും തുടങ്ങിയ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിലെ പ്രമുഖ ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും നൂറിലേറെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അറിയപ്പെടുന്ന പ്രഭാഷകനാണ്. രാജയോഗത്തെ അടിസ്ഥാനമാക്കി മാനസീകപ്രശ്‌നങ്ങള്‍ക്ക് കൗണ്‍സിലിങ്ങ് നടത്താറുണ്ട്.

E-mail: shakthibodhiviswa@gmail.com
Mob: +91- 8714465149,   9495320311