Categories

ഭഗവദ്ഗീത രാഷ്ട്രീയരഹിതമായ ശുദ്ധആദ്ധ്യാത്മിക ശാസ്ത്രമാണോ?


ദര്‍ശനം / സ്വാമി വിശ്വഭദ്രാനന്ദശക്തിബോധി


swami viswabhadranandhashakthibodhiഭഗവദ്ഗീത പറയപ്പെട്ടത് കുരുക്ഷേത്രയുദ്ധഭൂമിയിലാണ്; കാനന സ്വച്ഛതയിലെ തപോഭൂമിയിലല്ല. ഉപനിഷത്തുക്കളും ഗീതയും തമ്മിലുള്ള പ്രധാനവ്യത്യാസം ഇതാണ്. മിക്കവാറും എല്ലാ ഉപനിഷത്തുക്കളും കാടകങ്ങളിലെ മുനിവാടങ്ങളില്‍ ഗുരുവും ശിഷ്യന്മാരും തമ്മിലുള്ള സംവാദങ്ങള്‍ എന്ന നിലയിലാണ് ആവിര്‍ഭവിച്ചിട്ടുള്ളത്-ഭഗവദ് ഗീതയും ഗുരുശിഷ്യസംവാദമാണ്. പക്ഷേ, അതാവിര്‍ഭവിച്ചത് സാധാരണനിലയില്‍ തെല്ലും ശാന്തമെന്നു കരുതാനാകാത്ത യുദ്ധഭൂമിയിലാണ്.

യുദ്ധം പെണ്ണിനും പൊന്നിനും പദവിക്കും വേണ്ടിയേ നടക്കാറുള്ളൂ-കുരുക്ഷേത്രഭൂമിയിലെ യുദ്ധം നാട് ആരുഭരിക്കണം എന്നതിനെ നിര്‍ണ്ണയിക്കാനായിട്ടാണ് നടക്കുന്നത്. കൗരവരും പാണ്ഡവരും നാടുഭരിക്കാന്‍വേണ്ടി ചേരിതിരിഞ്ഞ് പൊരുതാനുറച്ച് കുരുക്ഷേത്ര ഭൂമിയില്‍ യുദ്ധോത്സുക്തരായി ഒത്തുകൂടി. ചുരുക്കത്തില്‍ നിര്‍ണായകമായൊരു രാഷ്ട്രീയ സാഹചര്യത്തിലാണ് ഭഗവദ്ഗീതയുടെ ഉത്ഭവം. ഭരണക്കൂടത്തിന്റേയും ഭരണാധിപന്റേയും മാറ്റം ഏതു ദേശത്തും ഒരു രാഷ്ട്രീയവിഷയമാണല്ലോ അത്തരമൊരു സാഹചര്യത്തിലുണ്ടായ ഭഗവദ്ഗീതയെ കുറിച്ചൊക്കെ പ്രസംഗം നടത്തുന്ന സ്വാമിമാര്‍ക്ക് രാഷ്ട്രീയം പാടില്ല എന്ന് പറയുന്നത് അടിസ്ഥാനരഹിതമായ അസംബന്ധമാണ്.

ഗീതാഗുരുവായ ശ്രീകൃഷ്ണന് അഥവാ അച്യുതാനന്ദന് ആദ്യമായി ഗീത ശ്രവിച്ച അര്‍ജ്ജുനന് അഥവാ വിജയന് രാഷ്ട്രീയം ഇല്ലായിരുന്നെന്നു പറയുന്നതെങ്ങനെ? അവര്‍ക്ക് അക്കാലത്തു രാഷ്ട്രീയം ഉണ്ടായിരുന്നു എന്നിരിക്കേ ഗീതയെപ്പറ്റി ഇക്കാലത്തു പറയുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും രാഷ്ട്രീയം ഉണ്ടാവരുതെന്നു പറയുന്നതില്‍ എന്തു യുക്തിയാണുള്ളത്? ഗീത പറയുന്നവര്‍ തത്ത്വത്തില്‍ കൃഷ്ണനേയും കേള്‍ക്കുന്നവര്‍ തത്ത്വത്തില്‍ അര്‍ജ്ജുനനേയുമാണ് പ്രതിനിധീകരിക്കുന്നത് എന്നിരിക്കേ എന്തടിസ്ഥാനത്തിലാണ് ഗീതാപ്രഭാഷകരായ സ്വാമിമാരും ഗീതയുടെ ശ്രോതാക്കളും രാഷ്ട്രീയരഹിതരായിരിക്കണം എന്നു പറയുന്നത്? ഇതിന്റെ യുക്തിയും യുക്തി രാഹിത്യവും വായനക്കാര്‍ ചിന്തിച്ചു നോക്കട്ടെ.

ഭഗവദ്ഗീതയെ സര്‍വ്വോപനിഷദ്‌സാരമായാണ് ശങ്കരാചാര്യസ്വാമികള്‍ ഉള്‍പ്പെടെയുള്ളവര്‍ കരുതുന്നത്. ഗീതോപനിഷത്തെന്നു ഭഗവഗദ്ഗീതയ്ക്ക് മറ്റൊരുവിളിപ്പേരും ഉണ്ട്. ചുരുക്കത്തില്‍ ഭഗവദ്ഗീത പഠിച്ചാല്‍ പഠിക്കുന്നവര്‍ക്ക് എല്ലാ ഉപനിഷത്തുക്കളുടേയും സാരം മനസ്സിലാകും എന്നാണു പറയുന്നത്- അതാണു ഭഗവദ്ഗീതയുടെ മാഹാത്മ്യവും. പക്ഷേ, ഇത്തരമൊരു ദര്‍ശനകാവ്യം ഉണ്ടായത് ഒരു രാഷ്ട്രീയപ്പോരാട്ടഭൂമിയിലാണെന്നുള്ള കാര്യം വ്യക്തമാക്കുന്നത് ഇന്ത്യന്‍ ആദ്ധ്യാത്മികത അരാഷ്ട്രീയമല്ല എന്നുകൂടിയല്ലേ-ആണെന്നാണ് ഈ ലേഖകന്റെ അഭിപ്രായം.

അല്ലായിരുന്നെങ്കില്‍ അര്‍ജ്ജുനനോട് ശ്രീകൃഷ്ണന് ഗീതോപദേശം നടത്തുവാന്‍ മറ്റേതെങ്കിലും സന്ദര്‍ഭങ്ങള്‍ ഉപയോഗിക്കാമായിരുന്നില്ലേ? കൃഷ്ണാര്‍ജ്ജുനന്മാരുടെ ജീവിതത്തിലെ ഏറ്റവും സംഘര്‍ഷഭരിതമായ ഒരു സന്ദര്‍ഭമാണ് കുരുക്ഷേത്രയുദ്ധം-ആ സന്ദര്‍ഭത്തില്‍ തന്നെ എന്തുകൊണ്ട് ഗീത ഉപദേശിക്കപ്പെടുവാന്‍ ഇടയായി..? ഭഗവദ്ഗീതയെ സാമൂഹികേതരവും രാഷ്ട്രീയേതരവും ആയ ശുദ്ധ ആദ്ധ്യാത്മികശാസ്ത്രം മാത്രമായി കരുതുന്നവര്‍ ഈ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറയേണ്ടതുണ്ട്.ഗീത മുഴുവന്‍ കേട്ടതിനുശേഷം അര്‍ജ്ജുനന്‍ രാഷ്ട്രീയക്കാര്യങ്ങളില്‍ ഇടപെടാതിരിക്കുകയല്ല മറിച്ച് അന്നത്തെ നിലയില്‍ തന്റെ സര്‍വ്വവൈദഗ്ധ്യവും രാഷ്ട്രീയമാറ്റത്തിനു വേണ്ടി ഉപയോഗിക്കുക കൂടിയാണ് ചെയ്യുന്നതെന്നും ഓര്‍മ്മിക്കണം.

അതിനാല്‍ ഭഗവദ്ഗീതയെ രാഷ്ട്രീയേതരമായ ഒരു സന്ന്യാസപ്രസംഗവിഷയമാക്കി ലഘൂകരിക്കുന്നവര്‍ ഗീതോപദേശകനായ ശ്രീകൃഷ്ണനോടോ ആദ്യത്തെ ഗീതാശ്രോതാവായ അര്‍ജ്ജുനോടോ അവരുടെ വ്യക്തവും കൃത്യവുമായ രാഷ്ട്രീയ-സാമൂഹികജീവിതത്തോടോ നീതിപ്പുലര്‍ത്തുന്നവരാണെന്നു കരുതിക്കൂടാ-ക്രിസ്തുവിന്റെ ജീവിതം സഹനസഹിതം മാത്രമല്ല സമരഭരിതവുമാണെന്നറിയാത്തവര്‍ക്ക് ബൈബിള്‍ മനസ്സിലാവില്ല എന്നതുപോലെ ഗീതാഗുരുവായ കൃഷ്ണന്റെ രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തനങ്ങളെപ്പറ്റി അറിയാത്തവര്‍ക്ക് ഗീതാശാസ്ത്രവും മനസ്സിലാകില്ല-മനസ്സിലാകാത്തവരുടെ ഗീതാജ്ഞാനയജ്ഞങ്ങളാണ് അന്ധന്‍ അന്ധനെ നയിക്കുന്ന പ്രക്രിയയായി ആദ്ധ്യാത്മികതയെ അപഹാസ്യമാക്കിതീര്‍ക്കുന്നത്.

ശക്തിബോധി പരിചയക്കുറിപ്പ്:

1970ല്‍ തൃശ്ശൂര്‍ജില്ലയിലെ താലോരില്‍ ജനിച്ചു. അച്ഛന്‍ വടക്കേക്കര വീട്ടില്‍ രാമന്‍നായര്‍ അമ്മ ചെറാട്ടുവീട്ടില്‍ സരോജനിയമ്മ. തലോര്‍ ദീപ്തി ഹൈസ്‌കൂള്‍, അയ്യന്തോള്‍ ഗവ: ഹൈസ്‌കൂള്‍, ഇന്ത്യന്‍ ആര്‍ട്‌സ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മധുരൈ കാമരാജ് യൂനിവേഴ്‌സിറ്റിയില്‍നിന്നു ഫിലോസഫി & റിലീജ്യന്‍ എന്ന വിഷയത്തില്‍ മാസ്റ്റര്‍ ബിരുദം. മഹര്‍ഷി മഹാകവി കൃഷ്ണകുമാറിന്റെ കീഴില്‍ ഗുരുകുലമുറയില്‍ വേദോപനിഷത്തുകളിലും തന്ത്രമന്ത്രശാസ്ത്രങ്ങളിലും പഠനം നടത്തി. 1999ല്‍ മുംബൈയിലെ അന്തേരിയിലുള്ള അഢ്മാര്‍മഠത്തിലെ വൈദികക്രീയകള്‍ക്കുശേഷം സി.രാമചന്ദ്രന്‍ സ്വാമി വിശ്വഭദ്രാനന്ദശക്തിബോധി എന്ന പേരില്‍ സന്ന്യാസം സ്വീകരിച്ചു.

2008ല്‍ ബ്രഹ്മാനന്ദസ്വാമി ശിവയോഗി സിദ്ധാശ്രമത്തില്‍ യോഗപട്ടദാനം നേടി അന്തേവാസിയായി. സാരാഗ്രഹി മാസികയുടെ പത്രാധിപരായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ എതിര്‍ദിശ മാസികയുടെ പ്രവര്‍ത്തനസമിതിയില്‍ ചീഫ് കോഓര്‍ഡിനേറ്റര്‍. ഇടതുപക്ഷഹിന്ദുത്വം ഒരു ആമുഖം, അമൃതാനന്ദമയിയും മയിലമ്മയും തുടങ്ങിയ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിലെ പ്രമുഖ ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും നൂറിലേറെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അറിയപ്പെടുന്ന പ്രഭാഷകനാണ്. രാജയോഗത്തെ അടിസ്ഥാനമാക്കി മാനസീകപ്രശ്‌നങ്ങള്‍ക്ക് കൗണ്‍സിലിങ്ങ് നടത്താറുണ്ട്.

E-mail: [email protected]
Mob: 9495320311


2 Responses to “ഭഗവദ്ഗീത രാഷ്ട്രീയരഹിതമായ ശുദ്ധആദ്ധ്യാത്മിക ശാസ്ത്രമാണോ?”

  1. naresh

    ഭഗവദ്ഗീതയുടെ അര്‍ത്ഥമറിയാതെയാണ് പലരും വ്യാഖ്യാനങ്ങള്‍ ചമയ്ക്കുന്നത്. ഗീതാകാരനായ കൃഷ്ണനെയോ കൃഷ്ണദൈ്വപായനനെയോ ആരും മനസ്സിലാക്കാറില്ല. അര്‍ത്ഥമറിയാതെയാണ് പലരും ഗീത പാരായണം ചെയ്യുന്നത്. സ്വാമിക്ക് അഭിനന്ദനങ്ങള്‍….

  2. badari narayanan

    സ്വാമി കൃഷ്ണനെ അച്യുതാനന്ദന്‍ ആയും അര്‍ജുനനെ വിജയന്‍ ആയും പറയുന്നതിലെ ധ്വനി എന്ത് ആയിരിക്കും
    ബദരി നാരായണന്‍

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.