പാലക്കാട്: മെര്‍സലിലൂടെ വിജയ് കൊളുത്തി വെച്ച ആഗ്നി ആളിപടരുമെന്ന് ഭരണകൂടം ഭയക്കുന്നുണ്ടെന്ന് സ്വാമി സന്ദീപാനന്ദ ഗിരി. സാധാരണക്കാരില്‍ സാധാരണക്കാരനും മനസ്സിലാകുന്ന രീതിയില്‍, ഒരു അഗ്നി വിജയ് കൊളുത്തി വെക്കുന്നുണ്ടെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

ഉമിത്തീപോലെ സാധാരണക്കാരന്റെ മനസ്സിന്റെ അടിത്തട്ടില്‍ ജി.എസ്.ടിയും,നോട്ട് നിരോധനവും,മെഡിക്കല്‍ കോഴയും,കൂടാതെ അവനനുഭവിക്കുന്ന ഓരോ കഷ്ടപ്പാടുകള്‍ക്ക് കാരണക്കാരായവരേയും കണ്ടെത്താന്‍ സഹായിക്കുന്ന അഗ്‌നിയാണ് വിജയ് സമര്‍ത്ഥമായി കൊളുത്തി വെക്കുന്നത്.

Subscribe Us:

ഇത് ആളിപ്പടരാനുള്ള സാധ്യത ഭയപ്പാടോടുകൂടി ഭരണകൂടം കാണുന്നു എന്നത് സത്യമാണ്. ഈ ഭയപ്പാട് കാണിക്കുന്ന സൂചന നോട്ട് നിരോധനവും ജി.എസ്.ടിയുമെല്ലാം പൂര്‍ണ്ണ പരാജയമായിരുന്നുവെന്ന് മറ്റാരേക്കാളും നന്നായി ഭരണകൂടനേതൃത്വം അറിയുന്നു എന്നതിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


Also Read നദീസംരക്ഷണത്തെ കുറിച്ച് വാചാലനാവുന്ന ജഗ്ഗി വാസുദേവ് എന്ത്‌കൊണ്ട് നര്‍മ്മദയുടെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കുന്നില്ല: വിമര്‍ശനവുമായി നര്‍മ്മദ ബച്ചോവോ ആന്തോളന്‍


മുമ്പ് ചിത്രത്തിനെതിരെ സംഘപരിവാര്‍ പ്രചരണം വ്യാപകമായപ്പോള്‍ ചിത്രം കാണാന്‍ തന്നെ തീരുമാനിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചതിനെതിരെ സ്വാമിക്കെതിരെയും സേഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണങ്ങള്‍ നടന്നിരുന്നു.

ഇയാള്‍ ഇങ്ങനെയാണെങ്കില്‍ കാഷായ വസ്ത്രം ഉപേക്ഷിക്കുമെന്നും മോദി  വിരുദ്ധനായി ഇടതു പക്ഷക്കാരനാവാനാണ് സന്ദീപാന്ദ ഗിരിയുടെ തീരുമാനമെന്നും സംഘപരിവാറുകാര്‍ പ്രചരിപ്പിച്ചിരുന്നു. ഇതിന് മറുപടിയായി താന്‍ എന്നും കുളിക്കുമ്പോള്‍ കാഷായം ഊരി വെക്കാറുണ്ടെന്നും രാജ്യ സ്‌നേഹം മോദി വിരുദ്ധമാണെങ്കില്‍ മോദി വിരുദ്ധനാവാന്‍ തീരുമാനിച്ചെന്നും അദ്ദേഹം തിരിച്ചടിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പാലക്കാട് സുഹൃത്ത് സജീഷ് ചന്ദ്രനൊപ്പം ഇന്ന് മെര്‍സല്‍ കണ്ടു!
വിജയ് ആരാധകരെ ആനന്ദിപ്പിക്കുകയും ഒപ്പം ചില ചോദ്യങ്ങള്‍ ചോദിക്കാന്‍ പ്രേരിപ്പിക്കുന്നതുമാണ് സിനിമ.ആകെ മൊത്തം ടോട്ടല്‍ സിനിമയെക്കുറിച്ച് പറഞ്ഞാല്‍, ബ്രസീല്‍ അര്‍ജന്റ്റീന ഫുട്‌ബോള്‍ മത്സരം കണ്ട പ്രതീതി.ഒരു മേജര്‍രവി പടം പോലെയല്ല.മറിച്ച് തൃശൂര്‍പൂരം വെടിക്കെട്ട്‌പോലെയാണ് മെര്‍സല്‍.മേജര്‍ ഒരുക്കുന്ന വെടിക്കെട്ട് പലപ്പോഴും മൈനറിലാണല്ലോ അവസാനിക്കുന്നത്,മാത്രവുമല്ല ചില അമിട്ടുകള്‍ പൊട്ടാറുമില്ല.

വിജയ് തന്റെ ആരാധകര്‍ക്ക് വേണ്ടത് കൃത്യമായ അളവില്‍ നല്കിയിട്ടുണ്ട്, ആയതിനാല്‍ വിജയ് ആരാധകര്‍ ടിക്കറ്റിന് ഏര്‍പ്പെടുത്തിയ ജി.എസ്.ടിയില്‍ കാര്യമാക്കാതെ പൂര്‍ണ്ണതൃപ്തരായാണ് തിയേറ്റര്‍ വിട്ട് ഇറങ്ങിപോകുന്നത്.എന്തുകൊണ്ടായിരിക്കാം ഭാജ്പാ സിനിമയെ ഭയക്കുന്നത്?
ഭയന്നില്ലങ്കിലേ അല്‍ഭുതപ്പെടാനുള്ളൂ,

സാധാരണക്കാരില്‍ സാധാരണക്കാരനും മനസ്സിലാകുന്ന രീതിയില്‍, ഉമിത്തീപോലെ അവന്റെ മനസ്സിന്റെ അടിത്തട്ടില്‍ ജി.എസ്.ടിയും,നോട്ട് നിരോധനവും,മെഡിക്കല്‍ കോഴയും,കൂടാതെ അവനനുഭവിക്കുന്ന ഓരോ കഷ്ടപ്പാടുകള്‍ക്ക് കാരണക്കാരായവരേയും കണ്ടെത്താന്‍ സഹായിക്കുന്ന അഗ്‌നി വിജയ് സമര്‍ത്ഥമായി കൊളുത്തി വെക്കുന്നുണ്ട്,
ഇത് ആളിപ്പടരാനുള്ള സാധ്യത ഭയപ്പാടോടുകൂടി ഭരണകൂടം കാണുന്നു എന്നത് സത്യമാണ്.
ഈ ഭയപ്പാട് കാണിക്കുന്ന സൂചന നോട്ട് നിരോധനവും ജി.എസ്.ടിയുമെല്ലാം പൂര്‍ണ്ണ പരാജയമായിരുന്നുവെന്ന് മറ്റാരേക്കാളും നന്നായി ഭരണകൂടനേതൃത്വം അറിയുന്നു എന്നതിലാണ്.