കൊച്ചി: ഗൗഡ സാരസ്വത ബ്രാഹ്മണരുടെ ആത്മീയാചാര്യന്‍ സുധീന്ദ്ര തീര്‍ഥ സ്വാമികളുടെ പിന്‍ഗാമിയായി നിശ്ചയിക്കുകയും പിന്നീട് ഒഴിവാക്കുകയും ചെയ്ത സ്വാമി രാഘവേന്ദ്ര തീര്‍ഥ ആന്ധ്രയിലെ കഡപ്പയില്‍ അറസ്റ്റിലായി.

സ്വാമിയുടെ കൈവശമുണ്ടായിരുന്ന വിഗ്രഹങ്ങളും പൂജാസാമഗ്രികളും പിടിച്ചെടുത്തിട്ടുണ്ട്. ഈ വിഗ്രഹങ്ങളും പൂജാസാമഗ്രികളും തിരിച്ചുനല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിനുശേഷം വിഗ്രഹങ്ങളുമായി കടന്നുകളയുകയായിരുന്നു. വിഗ്രഹങ്ങളുമായി സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കഡപ്പ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് താന്‍ രാഘവേന്ദ്ര സ്വാമിയാണെന്നും മറ്റും ഇദ്ദേഹം വ്യക്തമാക്കിയത്.

തുടര്‍ന്ന് കഡപ്പ പോലീസ് കൊച്ചി സെന്‍ട്രല്‍ സ്റ്റേഷനിലേക്ക് വിവരം അറിയിക്കുകയായിരുന്നു. കൊച്ചിയില്‍ നിന്ന് പോലീസ് വൈകിട്ടോടെ കഡപ്പയിലേക്ക് തിരിക്കും. കോടികള്‍ വിലമതിക്കുന്ന വ്യാസ, രഘുപതി വിഗ്രഹങ്ങളാണ് സ്വാമിയുടെ കൈവശമുള്ളത്. കാശിമഠത്തില്‍ ഗൗഡ സാരസ്വത വിഭാഗം ആരാധന നടത്തുന്ന വിഗ്രഹങ്ങളായിരുന്നു ഇത്.