ചെന്നൈ : ദക്ഷിണേന്ത്യയിലെ പ്രശസ്ത ആത്മീയ പ്രഭാഷകനും ധ്യാനപീഠം പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായ സ്വാമി നിത്യാനന്ദ ലൈംഗിക വിവാദക്കുരുക്കില്‍. പ്രമുഖ തമിഴ് നടിക്കൊപ്പമുള്ള സ്വാമിയുടെ കിടപ്പറ രംഗങ്ങള്‍ സണ്‍ ടി വിയാണ് പുറത്ത് വിട്ടത്. നടിയുടെ പേരും മുഖവും വ്യക്തമാക്കാതെയുള്ളതാണ് വീഡിയോ ടാപ്. ആശ്രമത്തിലെയോ ഹോട്ടലിലെയോ മുറിയിലെ ദൃശ്യങ്ങള്‍ ഒളി ക്യാമറ ഉപയോഗിച്ച് ഷൂട്ട് ചെയ്യുകയായിരുന്നുവെന്നാണ് സൂചന. കൂടെയുള്ള നടിയാരെന്നത് സംബന്ധിച്ച് പല പേരുകളും തമിഴ്‌നാട്ടില്‍ പ്രചരിക്കുന്നുണ്ട്. ഇതെക്കുറിച്ച് സ്വാമി ഇത് വരെ പ്രതികരിച്ചിട്ടില്ല.

രണ്ടു ദിവസങ്ങളിലായി നടി സ്വാമിക്കൊപ്പം കിടപ്പറ പങ്കിടുന്ന ദൃശ്യങ്ങളാണുള്ളത്. മുപ്പത്തിരണ്ടുകാരനായ സ്വാമി നിത്യാനന്ദ തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിലാണ് ജനിച്ചത്. യോഗ, തന്ത്രം, വേദാന്തം എന്നിവയില്‍ പ്രാവീണ്യം നേടിയ സ്വാമി ബാംഗ്‌ളൂര്‍ ആസ്ഥാനമായി ധ്യാനപീഠം എന്നൊരു പ്രസ്ഥാനം ആരംഭിച്ചു.

2007ല്‍ അമേരിക്കയിലെ ഹിന്ദു യൂണിവേഴ്‌സിറ്റി ചെയര്‍മാനായ അദ്ദേഹം. പത്താം വയസ്‌സില്‍ തിരുവണ്ണാമലയില്‍ പതഞ്ജലി യോഗസൂത്രയെക്കുറിച്ച് പ്രഭാഷണം നടത്തിക്കൊണ്ടാണ് ആത്മീയ ഉദ്‌ബോധന രംഗത്ത് പ്രവേശിച്ചത്. പിന്നീട് ഇതിനകം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തി. കേരളത്തിലും അദ്ദേഹത്തിന് ശിഷ്യസമ്പത്തുണ്ട്.