കായംകുളം: കൃഷ്ണപുരത്ത് ശ്രീകൃഷ്ണ പ്രതിമകള്‍ തകര്‍ത്ത കേസില്‍ സ്വാമിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാപ്പില്‍ മേക്ക് മേനാത്തേരിക്കു സമീപം പ്രയാഗാനന്ദാശ്രമം (നെടുന്തറയില്‍) സോമരാജപണിക്കര്‍ (60) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസമായിരുന്നു പ്രദേശത്തെ ശ്രീകൃഷ്ണ പ്രതിമകള്‍ തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.


Also read ‘കേരളത്തിലെ കൊലയാളി പാര്‍ട്ടി സി.പി.ഐ.എമ്മോ ബി.ജെ.പിയോ’; സംഘപരിവാര്‍ വ്യാജപ്രചരണങ്ങളെ തുറന്നുകാട്ടി മാധ്യമപ്രവര്‍ത്തകന്‍ രജ്ദീപ് സര്‍ദേശായി


കൃഷ്ണപുരം മേജര്‍ ശ്രീ കൃഷ്ണസ്വാമി ക്ഷേത്രകുളത്തിനു സമീപത്ത് ദേശീയ പാതയോരത്തായി സ്ഥാപിച്ചിരുന്ന കാണിക്ക വഞ്ചിയിലെ ശ്രീകൃഷ്ണ പ്രതിമയും, മേനാത്തേരി കനക ഭവനില്‍ ജയദീപന്റെ വീടിനു മുന്‍പില്‍ സ്ഥാപിച്ചിരുന്ന ശ്രീകൃഷ്ണ പ്രതിമയുമാണു തകര്‍ത്ത നിലയില്‍ കാണപ്പെട്ടിരുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സോമരാജപണിതക്കര്‍ പിടിയിലാകുന്നത്.

കഴിഞ്ഞദിവസം പുലര്‍ച്ചെ അഞ്ച് മണിക്ക് ക്ഷേത്രത്തിലെ ജീവനക്കാരനാണ് കാണിക്കവഞ്ചിയിലെ ശ്രീകൃഷ്ണ പ്രതിമയുടെ തല തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന് പിന്നാലെയാണ് മേനാത്തേരിയിലും ശ്രീകൃഷ്ണ പ്രതിമ തകര്‍ത്ത വിവരം പുറത്തറിയുന്നത്.


Dont miss ‘മോദി ഇന്ത്യന്‍ തീവ്രവാദി’അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ മോദിയുടെ ചിത്രത്തില്‍ ചെരിപ്പൂരിയടിച്ച് സിഖ് വംശജരുടെ പ്രതിഷേധം; വാര്‍ത്ത മുക്കി ഇന്ത്യന്‍മാധ്യമങ്ങള്‍


തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സമീപത്തെ സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ചപ്പോള്‍ സോമരാജപണിക്കര്‍ രണ്ടരമണിയോടെ സൈക്കിളില്‍ ഇതു വഴി കടന്നു പോയതായി കണ്ടെത്തി. തുടര്‍ന്ന് ഡി.വൈ.എസ്.പി അനില്‍ദാസ്, മാവേലിക്കര സി.ഐ ശ്രീകുമാര്‍, എസ്.ഐമാരായ നെറ്റോ, സുരേഷ് കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സോമരാജപണിക്കരെ പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു.

നാലു വര്‍ഷം മുന്‍പ് ഇയാള്‍ മേനാത്തേരി ജംഗ്ഷന് തെക്കുഭാഗത്തെ ഗുരുമന്ദിരത്തിലെ ഗുരുദേവ പ്രതിമ തകര്‍ത്തതിന് അറസ്റ്റിലായിരുന്നു. മൂന്നു മാസം മുന്‍പ് മേനാത്തേരി ബംഗ്ലാവില്‍ ഇന്ദ്രജിത്തിന്റെ വീടിനു മുന്‍വശത്തു സ്ഥാപിച്ചിരുന്ന ശ്രീകൃഷ്ണവിഗ്രഹം തകര്‍ത്തതും താനാണെന്നും ഇയാള്‍ പോലീസിനോട് സമ്മതിച്ചു. താന്‍ കല്‍ക്കി അവതാരമാണെന്നും പ്രതിമകള്‍ സ്ഥാപിക്കുന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് ഇയാളുടെ ഭാഷ്യം.