ന്യൂദല്‍ഹി: അഴിമതിക്കെതിരെയുള്ള ജനവികാരം കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കരുതെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങിനോടും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയോടും സ്വാമി അഗ്നിവേശ്. സുശക്തമായ ലോക്പാല്‍ ബില്ലിന് വേണ്ടി നിരാഹാരം നടത്തുന്ന അണ്ണാ ഹസാരെയുടെ നിരാഹാര വേദിയായ രാംലീല മൈതാനത്ത് തടിച്ച് കൂടിയ അനുയായികളോട് സംസാരിക്കവേയാണ് അദ്ദേഹം ഇരുവര്‍ക്കുമെതിരെ ശബ്ദമുയര്‍ത്തിയത്.

മന്‍മോഹന്‍, സിങ് രാജ്യം നിങ്ങളുടെ വാക്കുകള്‍ക്കായ് കാതോര്‍ത്തിരിക്കുമ്പോള്‍ നിങ്ങള്‍ നിശബ്ദത പാലിക്കുകയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി നിങ്ങള്‍ തുടരുന്നതും ഇത് തന്നെയാണ്. ക്യാബിനറ്റിന്റെ നടപടികളുടെയെല്ലാം ഉത്തരവാദിത്വം പ്രധാനമന്ത്രിക്കാണെന്ന കാര്യം മറക്കണ്ട. അദ്ദേഹം പറഞ്ഞു.

കേന്ദ്രമന്ത്രി കപില്‍ സിബലിനും രാഹുല്‍ ഗാന്ധിക്കും തങ്ങളുടെ മണ്ഡലത്തിലെ ജനങ്ങളുടെ വികാരം എന്താണെന്ന് പോലും അറിയില്ലെന്നും സ്വാമി പറഞ്ഞു.

ചാന്ദിനി ചൗക്കിലയും അമേഠിയിലെയും ജനങ്ങളില്‍ തൊണ്ണൂറ് ശതമാനം ആളുകളും ലോക്പാല്‍ ബില്ലിനെ അനുകൂലിക്കുന്നവരാണ്. എന്നാല്‍ സ്വന്തം മണ്ഢലത്തിലെ ജനങ്ങളുടെ വാക്കുകള്‍ക്ക് പോലും ചെവി കൊടുക്കാന്‍ ഇവര്‍ തയ്യാറല്ല.

രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലും കപില്‍ സിബലിന്റെ മണ്ഡലമായ ചാന്ദിനി ചൗക്കിലും ലോക്പാല്‍ ബില്ലില്‍ ആരെയാണ് അനുകൂലിക്കുന്നതെന്നറിയാനായി സര്‍വ്വെനടത്തിയിരുന്നെന്നും ഇതില്‍ 90 ശതമാനം ജനങ്ങളും സര്‍ക്കാര്‍ അവതരിപ്പിച്ച ബില്ലിനെതിരായാണ് നിലകൊണ്ടതെന്നും ഹസാരെ അനുകൂലികള്‍ നേരത്തെ അവകാശപ്പെട്ടിരുന്നു. ലോക്പാല്‍ ബില്ലില്‍ അണ്ണാ ഹസാരെയുടെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച അതുകൂടി ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും സ്വാമി അഗ്നിവേശ് പറഞ്ഞു.