ന്യൂദല്‍ഹി: ജന്‍ലോക്പാലിനുവേണ്ടി നിരാഹാരം സമരം നടത്തുന്ന ഗാന്ധിയന്‍ അണ്ണ ഹസാരെയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സ്വാമി അഗ്നിവേശ് ഫോണില്‍ ആവശ്യപ്പെടുന്ന ദൃശ്യങ്ങള്‍ യൂട്യൂബില്‍. ഫോണില്‍ കപില്‍ എന്ന വ്യക്തിയെ അഭിസംബോധന ചെയ്ത് ഹസാരെയ്‌ക്കെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് അഗ്നിവേശ് ഒരു കെട്ടിടത്തില്‍ നിന്നിറങ്ങിവരുന്ന ദൃശ്യമാണ് പുറത്തായത്. ‘കപില്‍, മഹാരാജ്, എന്തിനാണ് അവര്‍ക്കിത്രയും നല്‍കുന്നത്?’ എന്നാണ് അഗ്‌നിവേശ് ചോദിക്കുന്നത്.

വീഡിയോ പുറത്തുവന്നതോടെ ഹസാരെ സംഘത്തിലെ പ്രധാന അംഗങ്ങള്‍ അഗ്നിവേശിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. എന്നാല്‍ തനിക്കെതിരെ പുറത്തുവന്ന ഈ ദൃശ്യങ്ങള്‍ വ്യാജമാണെന്നും തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നുമാണ് അഗ്നിവേശിന്റെ വിശദീകരണം.

അഗ്നിവേശ് ഫോണില്‍ ബന്ധപ്പെട്ട കപില്‍ കേന്ദ്രമന്ത്രി കപില്‍ സിബലാണെന്നാണ് ഹസാരെ സംഘാംഗങ്ങളുടെ ആരോപണം.

അതേസമയം, അഗ്നിവേശ് സംസാരിച്ചത് കപില്‍ സിബലുമായാണെന്ന് കിരണ്‍ ബേദി ആരോപിച്ചു. കപില്‍ സാഹബ് എന്നു വിളിച്ച് അദ്ദേഹം സംസാരിക്കുന്നത് താന്‍ കേട്ടെന്നും അവര്‍ അവകാശപ്പെട്ടു. എന്നാല്‍ താന്‍ സംസാരിച്ചത് കപില്‍ സിബലുമായല്ലെന്നാണ് അഗ്നിവേശ് പറയുന്നത്. കപില്‍ എന്ന് പേരുള്ള ഒട്ടേറെ പേര്‍ തനിക്ക് സുഹൃത്തുക്കളായുണ്ടെന്നും രാഷ്ട്രീയ നേതാക്കളെ മഹാരാജ് എന്ന് വിളിച്ച് താന്‍ ഒരിക്കലും സംസാരിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.