യാങ്കൂണ്‍: താന്‍ തടങ്കലില്‍ കിടക്കുമ്പോള്‍ മ്യാന്‍മറിലെ പട്ടാളഭരണകൂടവുമായി ഇന്ത്യ സഹകരിച്ചത് തന്നെ സങ്കടപ്പെടുത്തിയെന്ന് മ്യാന്‍മര്‍ ജനാധിപത്യനായി ആങ് സാന്‍ സൂകി. ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിന് അനുവദിച്ച ടെലഫോണ്‍ അഭിമുഖത്തിലാണ് സൂകി ഇക്കാര്യം വ്യക്തമാക്കിയത്.

15 വര്‍ഷത്തിലധികം കാലയളവില്‍ താന്‍ തടവില്‍ കിടന്നു. ഇക്കാലയളവിലെല്ലാം മ്യാന്‍മറിലെ പട്ടാളഭരണകൂടവുമായി ഇന്ത്യ വ്യാപാര-വാണിജ്യ ബന്ധങ്ങളിലേര്‍പ്പെട്ടിരുന്നു. ജനാധിപത്യമൂല്യങ്ങളുടെ കാവലാളായി അറിയപ്പെടുന്ന ഇന്ത്യ സ്വാതന്ത്ര്യപോരാട്ടങ്ങളില്‍ തനിക്കൊപ്പം നിലകൊള്ളുമെന്ന് താന്‍ കരുതിയിരുന്നു. എന്നാല്‍ ഇന്ത്യയുമായി യോജിച്ചുപ്രവര്‍ത്തിക്കാന്‍ തന്റെ പാര്‍ട്ടിയായ നാഷണല്‍ ലീഗ് ഫോര്‍ ഡമോക്രസിക്ക് താല്‍പ്പര്യമുണ്ടെന്നും സൂകി വ്യക്തമാക്കി.

ജനാധിപത്യ മൂല്യങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി ഇന്ത്യയും മ്യാന്‍മറും ഇനിയും യോജിച്ചുപ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണ്. പരസ്പരം യോജിച്ചു പ്രവര്‍ത്തിച്ച പാരമ്പര്യമാണ് ഇരു രാഷ്ട്രങ്ങള്‍ക്കുമുള്ളത്. ഇത് തുടര്‍ന്നുകൊണ്ടുപോകണമെന്നും സൂചി പ്രതീക്ഷപ്രകടിപ്പിച്ചു.

സൂകിക്ക് ഇന്ത്യയുമായി മികച്ച ബന്ധമാണുള്ളത്. ദല്‍ഹിയില്‍ താമസിച്ചാണ് സൂകി ബിരുദംപൂര്‍ത്തിയാക്കിയത്. തന്റെ കുടുംബവുമൊത്ത് ഷിംലയിലും സൂകി താമസിച്ചിരുന്നു.