കോഴിക്കോട്: 2009ലെ കെ.എ. കൊടുങ്ങല്ലൂര്‍ പുരസ്‌കാരത്തിന് സുസ്‌മേഷ് ചന്ത്രോത്ത് അര്‍ഹനായി. മലയാള പത്രങ്ങളിലെ ഞായറാഴ്ച പതിപ്പുകളിലും ആനുകാലികങ്ങളിലും പ്രസിദ്ധീകരിച്ച ചെറുകഥകളില്‍ നിന്നാണ് കഥ തിരഞ്ഞെടുത്തത്.

2009 മേയ് മൂന്നിലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ‘മരണവിദ്യാലയം’ എന്ന കഥയാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.
വാരാദ്യമാധ്യമം എഡിറ്ററും സാഹിത്യകാരനുമായിരുന്ന കെ.എ. കൊടുങ്ങല്ലൂരിന്റെ സ്മരണാര്‍ഥം, മാധ്യമം റിക്രിയേഷന്‍ ക്ലബ് ഏര്‍പ്പെടുത്തിയതാണ് 10,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ്. പ്രമുഖ ചിത്രകാരനും എഴുത്തുകാരനുമായ പോള്‍ കല്ലാനോട്, കഥാകൃത്തും മാധ്യമം പീരിയോഡിക്കല്‍സ് എഡിറ്ററുമായ പി.കെ. പാറക്കടവ് എന്നിവരടങ്ങിയ ജഡ്ജിങ് സമിതിയാണ് ജേതാവിനെ നിര്‍ണയിച്ചത്. 467 കഥകളാണ് അവാര്‍ഡ് സമിതിക്ക് മുന്നിലെത്തിയത്. കഥാകൃത്തുക്കള്‍ നേരിട്ടും വായനക്കാരും വായനശാലകളും ക്ലബുകളും കഥകള്‍ നിര്‍ദേശിച്ചിരുന്നു.

ഇടുക്കി വെള്ളത്തൂവല്‍ സ്വദേശിയായ സുസ്‌മേഷ് ഇപ്പോള്‍ എറണാകുളത്താണ് താമസം.
പ്രഫ. രമേഷ്ചന്ദ്രന്‍ സ്മാരക കഥാ പുരസ്‌കാരം, ജേസി ഫൗണ്ടേഷന്‍ കഥാപുരസ്‌കാരം, അങ്കണം ഇ.പി. സുഷമ എന്‍ഡോവ്‌മെന്റ്, ഇടശ്ശേരി സ്വര്‍ണമെഡല്‍ എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്.