എഡിറ്റര്‍
എഡിറ്റര്‍
ശ്രീജിത് രവിക്കെതിരായ കേസ്; അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പൊലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍
എഡിറ്റര്‍
Wednesday 7th September 2016 12:21pm

sreejith-ravi


ഒറ്റപ്പാലം സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രാജശേഖരനെയാണ് ജില്ലാ പൊലീസ് സൂപ്രണ്ട് സസ്‌പെന്‍ഡ് ചെയ്തത്.


ഒറ്റപ്പാലം: നടന്‍ ശ്രീജിത് രവി സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കു മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട കേസ് അന്വഷണത്തില്‍ വീഴ്ച വരുത്തിയ പോലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍.

ഒറ്റപ്പാലം സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രാജശേഖരനെയാണ് ജില്ലാ പൊലീസ് സൂപ്രണ്ട് സസ്‌പെന്‍ഡ് ചെയ്തത്. എസ്.ഐ ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ വകുപ്പ് തല നടപടിയുമുണ്ടാകും.

കേസില്‍ പൊലീസിന് വീഴ്ചപറ്റിയെന്ന് സബ്കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടുണ്ടായിരുന്നു. വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന സ്‌കൂള്‍ പ്രിന്‍സിപ്പാലിന്റെ പരാതി പ്രകാരം പ്രാഥമിക അന്വേഷണം നടത്താന്‍ സ്‌കൂളിലെത്തിയ സിവില്‍ പൊലീസ് ഓഫീസര്‍ തയ്യാറായില്ലെന്നായിരുന്നു റിപ്പോര്‍ട്ട്.

സംഭവത്തില്‍ അന്വേഷണം ആരംഭിക്കുന്നതിന് കാലതാമസം വരുത്തിയെന്നും പരാതിക്കാരോട് മോശമായി പെരുമാറിയെന്നും കേസ് മൂടിവെയ്ക്കാന്‍ ശ്രമിച്ചുവെന്നും സബ്കളക്ടറുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

പോലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുന്നില്ലെന്ന് കണ്ടത്തിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ കളക്ടറെ നേരില്‍കണ്ട് പരാതി അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സബ്കളക്ടറോട് അന്വേഷണം ആവശ്യപ്പെട്ടത്.

വിഷയം മാധ്യമങ്ങളില്‍ വരികയും ചര്‍ച്ച ചെയ്യാന്‍ ആരംഭിച്ചതോടും കൂടിയാണ് പോലീസ് സ്‌കൂളിലെത്തി വിദ്യാര്‍ഥികളില്‍ നിന്ന് മൊഴിയെടുത്തും നടനെ കസ്റ്റഡിയിലെടുത്തതും.

കഴിഞ്ഞ മാസം 27 ന് രാവിലെ ഒറ്റപ്പാലം പത്തിരിപ്പാലയ്ക്ക് സമീപമായിരുന്നു സംഭവം. പത്തിരിപ്പാലയിലുള്ള പ്രമുഖ സ്‌കൂളിലെ വിദ്യാര്‍ഥിനികളുടെ പരാതിയിലാണ് നടപടി. പാതയോരത്തുകൂടി നടന്നുപോകുന്നതിനിടെ കാറിലിരുന്നയാള്‍ അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും മൊബൈല്‍ഫോണില്‍ ചിത്രം പകര്‍ത്തിയെന്നുമായിരുന്നു പരാതി. നഗ്‌നത കാണിച്ചതായും പരാതിയില്‍ പറഞ്ഞിരുന്നു.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിദ്യര്‍ഥിനികള്‍ കാറിന്റെ നമ്പര്‍ കുറിച്ചെടുത്ത് അധികൃതര്‍ക്കു കൈമാറുകയായിരുന്നു. കസ്റ്റഡിയിലെടുത്ത നടന് പിന്നീട് ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.

Advertisement