എഡിറ്റര്‍
എഡിറ്റര്‍
ഹെല്‍മറ്റില്ലാതെ അമിതവേഗമെങ്കില്‍ ലൈസന്‍സ് റദ്ദാക്കാമെന്ന് ഹൈക്കോടതി
എഡിറ്റര്‍
Friday 22nd November 2013 6:36am

helmet

കൊച്ചി: ഹെല്‍മറ്റ് ധരിക്കാതെ അമിതവേഗത്തില്‍ ഇരുചക്രവാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കാവുന്നതാണെന്ന് ഹൈക്കോടതി.

ഹെല്‍മറ്റില്ലാതെ ഇരുചക്രവാഹനമോടിക്കുന്നതിന്റെ പേരില്‍ മാത്രം ലൈസന്‍സ് റദ്ദാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നും അനുവദിച്ചിട്ടുള്ള വേഗപരിധി കടക്കുന്നതിന്റെ പേരിലാണ് ലൈസന്‍സ് റദ്ദാക്കുന്ന നടപടികള്‍ സ്വീകരിക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചു. ഇത് കോടതി രേഖപ്പെടുത്തി.

നടപടിയില്‍ ആക്ഷേപമുള്ളവര്‍ക്ക് ഉചിതമായ ഫോറത്തില്‍ നടപടി ചോദ്യം ചെയ്യാവുന്നതാണെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് എ.എം ഷഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

ഹെല്‍മറ്റ് വിഷയത്തില്‍ സമര്‍പ്പിച്ചിരുന്ന ഹരജികള്‍ തീര്‍പ്പാക്കിയാണ് കോടതി ഈ ഉത്തരവിട്ടത്. ഹെല്‍മറ്റില്ലാതെ അമിതവേഗത്തില്‍ ഇരുചക്ര വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് ചെറിയ കാലയളവിലേയ്ക്ക് റദ്ദാക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നതെന്ന് ഗതാഗതവകുപ്പിലെ സീനിയര്‍ ലോ ഓഫീസര്‍ ഡി. മോഹനചന്ദ്രന്‍ വിശദീകരിച്ചു.

നിയമം ഫലപ്രദമായി നടപ്പാക്കാന്‍ വേണ്ടിയാണ് ഈ നിര്‍ദ്ദേശമെന്നും ഗതാഗത വകുപ്പ് വ്യക്തമാക്കി.

മണിക്കൂറില്‍ പരമാവധി 50 കിലോമീറ്റര്‍ വേഗമാണ് ഇരുചക്ര വാഹനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ളത്. ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ ശേഷം അപകടനിരക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

Advertisement