എഡിറ്റര്‍
എഡിറ്റര്‍
‘വേട്ടക്കാരന്റെയൊപ്പമല്ല, ഇരയുടെ ഒപ്പമാണ് ജനപ്രതിനിധി നില്‍ക്കേണ്ടത്’; ഇന്നസെന്റ് ജനങ്ങള്‍ക്കാണ് മറുപടി കൊടുക്കേണ്ടതെന്ന് സുസ്‌മേഷ് ചന്ത്രോത്ത്
എഡിറ്റര്‍
Thursday 6th July 2017 5:43pm

കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട സംഭവത്തിലും മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് നല്‍കിയ മറുപടിയിലും വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ ഇന്നസെന്റിനെതിരെ പ്രശസ്ത യുവ എഴുത്തുകാരന്‍ സുസ്‌മേഷ് ചന്ത്രോത്ത് രംഗത്ത്. ഇന്നസെന്റെ ഒരു പൊതുപ്രവര്‍ത്തകനായിരിക്കാന്‍ യോഗ്യനല്ലെന്നും അത് സി.പി.ഐ.എം തിരിച്ചറിയണമെന്നും അ്‌ദ്ദേഹം ഫെയ്‌സ്ബുക്ക പോസ്റ്റിലൂടെ ആഞ്ഞടിച്ചു.

ഒരു രാഷ്ട്രീയപ്പാര്‍ട്ടി അതിന്റെ പ്രതിനിധിയായി പൊതുസമൂഹത്തില്‍ ജനപ്രീതിയുള്ള വ്യക്തികളെ, അവരുടെ പ്രവര്‍ത്തന പരിചയമില്ലായ്മയേയും പൊതുപ്രവര്‍ത്തനശീലമില്ലായ്മയേയും മറന്നോ മറികടന്നോ കൂട്ടിക്കൊണ്ടുവരുന്നതില്‍ തെറ്റില്ല. അങ്ങനെ വരുന്നവര്‍ നാളിതുവരെ ജീവിച്ച ജീവിതമല്ല ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയിലും പൊതുപ്രവര്‍ത്തകനെന്ന നിലയിലും ഇനിയങ്ങോട്ട് അനുവര്‍ത്തിക്കേണ്ടതെന്ന് സ്വയം അംഗീകരിച്ച് ബോധ്യപ്പെട്ട് പ്രവര്‍ത്തനശൈലിയും ജീവിതശൈലിയും മാറ്റേണ്ടതുണ്ടെന്ന് അദ്ദേഹം പോസ്റ്റില്‍ പറയുന്നു.


Also Read: ‘ദൈവപുത്രന്റെ യോര്‍ക്കറില്‍ കാലിടറി ഇംഗ്ലണ്ട് താരം’; അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ പന്തുകൊണ്ട് പരിക്കേറ്റ് ബ്രെയ്‌സ്റ്റോ


സുസ്‌മേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഒരു രാഷ്ട്രീയപ്പാര്‍ട്ടി അതിന്റെ പ്രതിനിധിയായി പൊതുസമൂഹത്തില്‍ ജനപ്രീതിയുള്ള വ്യക്തികളെ, അവരുടെ പ്രവര്‍ത്തന പരിചയമില്ലായ്മയേയും പൊതുപ്രവര്‍ത്തനശീലമില്ലായ്മയേയും മറന്നോ മറികടന്നോ കൂട്ടിക്കൊണ്ടുവരുന്നതില്‍ തെറ്റില്ല. അങ്ങനെ വരുന്നവര്‍ നാളിതുവരെ ജീവിച്ച ജീവിതമല്ല ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയിലും പൊതുപ്രവര്‍ത്തകനെന്ന നിലയിലും ഇനിയങ്ങോട്ട് അനുവര്‍ത്തിക്കേണ്ടതെന്ന് സ്വയം അംഗീകരിച്ച് ബോധ്യപ്പെട്ട് പ്രവര്‍ത്തനശൈലിയും ജീവിതശൈലിയും മാറ്റേണ്ടതുണ്ട്. അത് അവനവനുവേണ്ടിയും വിശ്വസിച്ചു വിളിച്ചു കൊണ്ടുവന്ന രാഷ്ട്രീയപ്പാര്‍ട്ടിക്കുവേണ്ടിയും അനുസരിക്കേണ്ടതുണ്ട്.
ഇനിയിതെല്ലാം മാറ്റിവച്ചാലും ജനങ്ങള്‍ വോട്ട് ചെയ്ത് തെരഞ്ഞെടുത്ത ഒരു ജനപ്രതിനിധി സമൂഹത്തില്‍ കണ്ടുവരുന്നതും നിലനില്‍ക്കുന്നതുമായ എല്ലാ ഉച്ചനീചത്വങ്ങള്‍ക്കെതിരേയും വിവേചനങ്ങള്‍ക്കെതിരേയും അടിച്ചമര്‍ത്തലുകള്‍ക്കെതിരേയും അവഗണനകള്‍ക്കെതിരേയും കക്ഷിരാഷ്ട്രീയ ഭേദമന്യേ, സ്ത്രീ പുരുഷഭേദമന്യേ, ജാതിമതഭേദമന്യേ പ്രതികരിക്കേണ്ടതുണ്ട്. ഇടപെടേണ്ടതുണ്ട്. വേട്ടക്കാരന്റെയൊപ്പമല്ല, ഇരയുടെ ഒപ്പം തന്നെയാണ് ആ സ്ഥാനത്തിരിക്കുന്നയാള്‍ നില്‍ക്കേണ്ടത്.
ഇത് മനസ്സിലാക്കുന്നതിന് ഉന്നതവിദ്യാഭ്യാസമോ രാഷ്ട്രീയപാരമ്പര്യമോ രാഷ്ട്രീയ വിദ്യാഭ്യാസമോ ആവശ്യമില്ല. നിര്‍ഭയം സമൂഹത്തെ നോക്കിക്കാണാനുള്ള കണ്ണും മനസ്സുമുണ്ടായാല്‍ മതി.
ഇവിടെ ഇന്നസെന്റ് നിര്‍ഭയനല്ല. പൊതുപ്രവര്‍ത്തകനായിരിക്കാന്‍ യോഗ്യനുമല്ല.
അത് സി.പി.ഐ.എം തിരിച്ചറിയേണ്ടതുണ്ട്. ഇന്നസെന്റിന്റെ കാര്യത്തില്‍ മാത്രമല്ല.
മറുപടി കൊടുക്കേണ്ടത് ജനങ്ങള്‍ക്കാണ്.

Advertisement