ന്യൂദല്‍ഹി: തടവ് ശിക്ഷ അനുഭവിക്കുന്ന ബി.ജെ.പി നേതാക്കളെ കാണാന്‍ പ്രതിപക്ഷനേതാവ് സുഷമാ സ്വരാജ് തിഹാര്‍ ജയിലിലെത്തി. വോട്ടിന്് കോഴ കേസില്‍ അറസ്റ്റിലായ ബി.ജെ.പിയുടെ മുന്‍ എം.പിമാരേയും എല്‍.കെ. അദ്വാനിയുടെ പഴയ സഹായി സുധീന്ദ്ര കുല്‍ക്കര്‍ണിയേയും സുഷമ സന്ദര്‍ശിച്ചു.

യഥാര്‍ത്ഥ കുറ്റവാളികള്‍ രാജ്യം ഭരിക്കുമ്പോള്‍ നിഷ്‌കളങ്കരായ മനുഷ്യര്‍ ജയിലില്‍ കഴിയുകയാണെന്ന് സന്ദര്‍ശനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട സുഷമ പ്രതികരിച്ചു. ജയിലില്‍ കഴിയുന്ന ബി.ജെ.പി നേതാക്കള്‍ ആവേശത്തിലാണെന്നും തങ്ങള്‍ ചെയ്ത കാര്യങ്ങളെയോര്‍ത്ത് അവര്‍ക്ക് അഭിമാനമാണുള്ളതെന്നും സുഷമ കൂട്ടിച്ചേര്‍ത്തു.

ദീപാവലി മധുരം ബി.ജെ.പി തടവുകാര്‍ക്ക് സുഷമാ സ്വരാജ് വിതരണം ചെയ്തു.

2008ല്‍ ഒന്നാം യു.പി.എ. സര്‍ക്കാര്‍ വിശ്വാസവോട്ട് തേടിയ അവസരത്തില്‍ സര്‍ക്കാറിന് വോട്ടുചെയ്യാന്‍ അമര്‍സിംഗും കൂട്ടരും തന്ന കൈക്കൂലി പാര്‍ലമെന്റില്‍ ഉയര്‍ത്തിക്കാണിച്ചവരാണ് ഈ കേസില്‍ ജയിലില്‍ കഴിയുന്ന ബി.ജെ.പി. നേതാക്കളായ ഫഗന്‍സിംഗ് കുലസ്തയും മഹാവീര്‍ ഭഗോരയും. ഇതേ കേസില്‍ ഗുഢാലോചന സംബന്ധിച്ച് അറസ്റ്റിലായതാണ് സുധീന്ദ്ര കുല്‍ക്കര്‍ണി.