ഹൈദരാബാദ്: പാക്കിസ്ഥാനില്‍ വിദഗ്ധ ചികിത്സ ലഭ്യമല്ലാത്തതിനെ തുടര്‍ന്ന് രണ്ടര വയസുകാരന്‍ മകന് ഇന്ത്യയില്‍ ചികിത്സ തേടാന്‍ അനുമതി തേടിയ പാക്ക് യുവാവിനും കുടുംബത്തിനും മെഡിക്കല്‍ വീസ അനുവദിച്ചുകൊണ്ട് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്.

ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മകന്റെ ജീവന്‍ തന്നെ അപകടത്തിലായ സാഹചര്യത്തിലാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയെ കുഞ്ഞിന്റെ പിതാവായ കെന്‍ സയീദ് സമീപിച്ചത്.

സാധാരണക്കാര്‍ക്കും നയതന്ത്ര സഹായം ലഭ്യമാക്കുന്നതിനായി സുഷമ സൃഷ്ടിച്ച ട്വിറ്റര്‍ പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു സയീദിന്റെ സഹായാഭ്യര്‍ഥനയും.

ട്വിറ്ററില്‍ മകന്റെ ചിത്രം പോസ്റ്റുകൊണ്ടായിരുന്നു സയീദിന്റെ അഭ്യര്‍ത്ഥന”ഇവന്‍ എന്റെ മകനാണ്. അവന്റെ രോഗത്തെക്കുറിച്ചോ ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയില്‍ സംഭവിക്കുന്നതിനെക്കുറിച്ചോ ഇവനറിയില്ല.”- ഇതായിരുന്നു വാചകങ്ങള്‍. ഇതിന് പിന്നാലെ

കുഞ്ഞിന് സഹായം ഉറപ്പാക്കണമെന്ന അഭ്യര്‍ഥനയുമായി ഒട്ടേറെ ഇന്ത്യക്കാരുമെത്തിയതോടെ പോസ്റ്റ് വൈറലായി. തൊട്ടുപിറകെ തന്നെ ഇന്ത്യന്‍ വിദേശകാര്യമന്ത്രിയില്‍നിന്നും മറുപടിയെത്തി.

‘ഈ കുഞ്ഞ് ഒന്നും സഹിക്കേണ്ടി വരില്ല. പാക്കിസ്ഥാനിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തെ ബന്ധപ്പെടുക. ഞങ്ങള്‍ മെഡിക്കല്‍ വീസ ലഭ്യമാക്കാം.’

സുഷമയുടെ നിര്‍ദേശപ്രകാരം ഇന്ത്യന്‍ എംബസിയെ സയീദ് സമീപിക്കുകയും മൂന്നു മാസത്തെ വീസയ്ക്കായി ശ്രമിച്ചുവന്ന സയീദിനും കുടുംബത്തിനും നാലു മാസത്തേയ്ക്കുള്ള വീസ വിദേശകാര്യ മന്ത്രാലയം അനുവദിക്കുകയും ചെയ്തു.

സുഷമാസ്വരാജിന്റെ ആ ഇടപടെലിന് അതിലുപരി ആ നല്ലമനസിനെ അഭിനന്ദിച്ച് ഒട്ടെറെ പേര്‍ അഭിനന്ദന പ്രവാഹവുമായി എത്തി.

ഇതിന് സുഷമ സ്വരാജിന്റെ നല്ല മനസ്സിന് നന്ദിയറിയിച്ച് സയീദിന്റെ ട്വീറ്റും പിന്നാലെയെത്തി. ”അഭിപ്രായവ്യത്യാസങ്ങള്‍ക്കിടയിലും മനുഷ്യത്വം നിലനില്‍ക്കുന്ന കാഴ്ച ഏറ്റവും മനോഹരമാണ്. നിങ്ങളുടെ എല്ലാ ശ്രമങ്ങള്‍ക്കും നന്ദി. എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ”.