എഡിറ്റര്‍
എഡിറ്റര്‍
ജസ്വന്ത് സിങിന് സീറ്റ് നല്‍ക്കാത്തത് വേദനിപ്പിച്ചു ;തീരുമാനം തിരഞ്ഞെടുപ്പ് സമിതി യോഗത്തിലല്ലെന്നും സുഷമ സ്വരാജ്
എഡിറ്റര്‍
Sunday 23rd March 2014 10:02am

sushama

ന്യൂദല്‍ഹി: ലോക് സഭ തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് ജസ്വന്ത് സിങിന് സീറ്റ് നല്‍കാത്തത് വേദനിപ്പിച്ചുവെന്ന്  ബി.ജെ.പി നേതാവും പാര്‍ട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗവുമായ സുഷമ സ്വരാജ്.

ജസ്വന്ത് സിങിനെ ഒഴിവാക്കുന്ന തീരുമാനം തിരഞ്ഞെടുപ്പ് സമിതി യോഗത്തിലെടുത്തതല്ലെന്നും സീറ്റ് നല്‍കാത്തതില്‍ കാരണമുണ്ടാകുമെന്നും എന്നാല്‍ അത് എന്താണെന്ന് തനിക്ക് മനസിലാവുന്നില്ലെന്നും സുഷമ കൂട്ടിച്ചേര്‍ത്തു.

ജസ്വന്തിന് സീറ്റ് നല്‍കാത്തതില്‍ അദ്ദേഹത്തിന്റെ അനുയായികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. തെരുവിലിറങ്ങിയ അനുയായികള്‍ രാജസ്ഥാനിലെ ജയ്‌സാല്‍മീറിലെ  ബി.ജെ.പി ഓഫിസ് തകര്‍ത്തു. ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയുടെ കൂറ്റന്‍ പ്രചാരണ ബോര്‍ഡുകള്‍ തകര്‍ക്കുകയും പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിങിന്റെ കോലം കത്തിക്കുകയും ചെയ്തു.

അതിനിടെ പാര്‍ട്ടിയുടെ സഖ്യകക്ഷികളായ അകാലിദളും ശിവസേനയും മോഡിയുടെയും അദ്വാനിയുടെയും പക്ഷം പിടിച്ച് പരസ്യ പ്രസ്താവനയുമായി രംഗത്തത്തെി.

അമൃത്സറില്‍ അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രചാരണ പരിപാടിയില്‍ അരുണ്‍ ജെയ്റ്റ്‌ലി അടുത്ത ഉപപ്രധാനമന്ത്രിയോ ധനമന്ത്രിയോ ആകുമെന്ന അകാലിദള്‍ നേതാവ് പ്രകാശ് സിങ് ബാദലിന്റെ പ്രസ്ഥാവന വിവാദമായതോടെ വിശദീകരണവുമായി ജെയ്റ്റ്‌ലി രംഗത്തത്തെി. അതേ സമയം ഉപപ്രധാനമന്ത്രിയെ ആവശ്യമെങ്കില്‍ പ്രധാനമന്ത്രി തീരുമാനിക്കുമെന്നും സഖ്യകക്ഷി പ്രഖ്യാപിക്കേണ്ടെന്നും ശിവസേന പ്രതികരിച്ചു.

ജന്മനാടായ ബാമറില്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ജസ്വന്ത് സിങ് രാജിവെക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കും. രാജസ്ഥാനിലെ ബാര്‍മറില്‍ അവസാന ലോക്‌സഭാ മത്സരത്തിന് അവസരം നല്‍കണമെന്ന അപേക്ഷ പാര്‍ട്ടി തള്ളിയത് തന്നെ വേദനിപ്പിച്ചുവെന്ന് ജസ്വന്ത് സിങ് വ്യക്തമാക്കി. രാജസ്ഥാനിലെ ബാര്‍മറില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ജസ്വന്ത് നേരത്തെ തീരുമാനിച്ചിട്ടുണ്ട്. വ്യാജന്മാരുടെ കൈകളിലാണ് ബി.ജെ.പിയെന്ന് ജസ്വന്ത് സിങ് ആരോപിച്ചിരുന്നു.

ജാട്ട് സമുദായത്തില്‍ നിന്നുള്ള വോട്ട് നേടുന്നതിനായി ആ സമുദായത്തിലെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ അഭിപ്രായം കണക്കിലെടുത്ത് കോണ്‍ഗ്രസ് വിട്ടുവന്ന മുന്‍ എം.പി സോനാറാം ചൗധരിയെ ബാമറില്‍ നിന്ന് മത്സരിപ്പിക്കാന്‍ ബിജെപി തീരുമാനിക്കുകയായിരുന്നു.

Advertisement