Categories

‘കഴിവുള്ളവര്‍ക്ക് ഇവിടെ ക്ഷാമമില്ല’: കുല്‍ഭുഷന്റെ വധശിക്ഷയ്‌ക്കെതിരെ പ്രസ്താവന തയ്യാറാക്കാന്‍ കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ സഹായിച്ചെന്ന വാര്‍ത്തകളെ നിഷേധിച്ച് സുഷമ സ്വരാജ്

ന്യൂദല്‍ഹി: പാകിസ്താന്‍ വധശിക്ഷയ്ക്കു വിധിച്ച കുല്‍ഭുഷന്‍ യാദവിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെടാന്‍ പ്രസ്താവന തയ്യാറാക്കാനായി കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ സഹായം തേടിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. തന്റെ മന്ത്രാലയത്തില്‍ കഴിവുള്ളവര്‍ക്ക് ക്ഷാമമില്ലെന്നായിരുന്നു വാര്‍ത്തകളോടുള്ള സുഷമയുടെ പ്രതികരണം. ട്വിറ്ററിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇതു സംബന്ധിച്ച വാര്‍ത്തയും സുഷമ ട്വീറ്റ് ചെയ്തിട്ടുണ്ട്.

ലോകസഭയില്‍ വിദേശകാര്യമന്ത്രി അദ്ദേഹം ചാരനല്ലെന്നും ഇന്ത്യന്‍ പൗരനാണെന്നും വ്യക്തമാക്കിയതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് ശശി തരൂറിനെ സമീപിച്ച് പ്രമേയം തയ്യാറാക്കാന്‍ സുഷമ സഹായം ആവശ്യപ്പെട്ടെന്നായിരുന്നു വാര്‍ത്തകള്‍.

ബി.ജെ.പി നേതാവ് തന്റെയടുത്ത് സഹായത്തിനെത്തിയതോടെ തരൂര്‍ തീരുമാനത്തിനായി പാര്‍ട്ടി നേതാവിന്റെ അനുമതി തേടിയെന്നും, ബി.ജെ.പിക്കെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി നേതാവായ മല്ലികാര്‍ജുനന്‍ ഖാര്‍ഘെയുടെ അനുമതി ലഭിച്ചെന്നും തുടര്‍ന്ന് തരൂര്‍ പ്രമേയം തയ്യാറാക്കി നല്‍കുകയായിരുന്നുവെന്നും വാര്‍ത്തകളില്‍ പറഞ്ഞിരുന്നു. പ്രമുഖ ദേശീയ മാധ്യമങ്ങളൊക്കെ ഈ വാര്‍ത്തയെ അതീവ പ്രാധാന്യത്തോടെയായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. ഇതിനു പിന്നാലെയാണ് വാര്‍ത്തകളെ നിഷേധിച്ച് സുഷമ തന്നെ രംഗത്തെത്തിയത്.

അതേസമയം, തനിക്കെതിരായ വധശിക്ഷയ്‌ക്കെതിരെ അപ്പീല്‍ നല്‍കാന്‍ കുല്‍ഭുഷന് 60 ദിവസത്തെ സമയം അനുവദിച്ചതായി പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. അതേസമയം വധശിക്ഷയെ പിന്തുണയ്ക്കുന്നതായും പാക് മന്ത്രി വ്യക്തമാക്കി.


Also Read: മോദിയേയും അമിത് ഷായേയും മുന്നിലിരുത്തി ബി.ജെ.പിയുടെ ബീഫ് നയത്തിനെതിരെ ആഞ്ഞടിച്ച് സി.കെ ജാനു


നിയമത്തിനു വിരുദ്ധമായതൊന്നു കുല്‍ഭുഷന്റെ വധശിക്ഷ വിധിയില്‍ നടന്നിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ആസൂത്രിത കൊലപാതകമെന്ന ഇന്ത്യയുടെ ആരോപണങ്ങളെ തള്ളിക്കണഞ്ഞ പാക് പ്രതിരോധ മന്ത്രി കാശ്മീരില്‍ നടക്കുന്നതാണ് ആസൂത്രിത കൊലപാതകമെന്നും അഭിപ്രായപ്പെട്ടു.

പാകിസ്താന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നവരെ ഉരുക്കു മുഷ്ടികൊണ്ട് നേരിടുമെന്നും ഖ്വാജ വ്യക്തമാക്കി. കുല്‍ഭുഷന്റെ വിചാരണ മൂന്ന് മാസം നടത്തിയിരുന്നുവെന്നും ചൂണ്ടിക്കാണിച്ചു.

‘ ശത്രുക്കള്‍ അതിര്‍ത്തിക്ക് അപ്പുറത്തു നിന്നാണെങ്കിലും അകത്തു നിന്നാണെങ്കിലും അവര്‍ ശിക്ഷ അനുഭവിച്ചിരിക്കും.’ ഖ്വാജ പറയുന്നു.