ന്യൂദല്‍ഹി: ചരക്ക് സേവന നികുതി അധ്യക്ഷനായി സുശീല്‍ കുമാര്‍ മോഡിയെ തിരഞ്ഞെടുത്തു. ബിഹാര്‍ ഉപമുഖ്യമന്ത്രിയാണ് സുശീല്‍ കുമാര്‍ മോഡി. സംസ്ഥാന ധനകാര്യ മന്ത്രിമാരുടെ ഉന്നതാധികാര സമിതി അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള സുപ്രധാന യോഗം ഇന്ന് ദല്‍ഹിയില്‍ നടക്കാനിരിക്കെയാണ് സുശീല്‍ കുമാര്‍ മോഡിയെ സമിതി അധ്യക്ഷനായി തിരഞ്ഞടുത്തിരിക്കുന്നത്. ബി.ജെ.പിയുടെ പിന്തുണ ലഭിച്ചതു കൊണ്ടാണ് മോഡിയെ സമിത് അധ്യക്ഷനായി നിയമിച്ചിരിക്കുന്നത്.

സുശീല്‍കുമാര്‍ മോഡിയോട് പദവി ഏറ്റെടുക്കാന്‍ കേന്ദ്ര ധനമന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജി നിര്‍ദേശിച്ചിരുന്നെങ്കിലും ആദ്യം അദ്ദേഹം അതിന് തയ്യാറായില്ല. തുടര്‍ന്ന് കേരള ധനമന്ത്രി കെ.എം. മാണി, ബംഗാള്‍ ധനമന്ത്രി അമിത് മിത്ര എന്നിവരിലൊരാള്‍ സമിതി ചെയര്‍മാന്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുമെന്ന് വാര്‍ത്ത വന്നിരുന്നു.

ദീര്‍ഘകാലം പശ്ചിമ ബംഗാള്‍ ധനമന്ത്രിയായിരുന്ന അസിംദാസ് ഗുപ്തയായിരുന്നു സമിതിയുടെ ചെയര്‍മാന്‍. എന്നാല്‍, ബംഗാള്‍ തെരഞ്ഞെടുപ്പില്‍ അസിംദാസ് ഗുപ്ത പരാജയപ്പെടുകയും ഇടതു സര്‍ക്കാറിന് അധികാരം നഷ്ടപ്പെടുകയും ചെയ്തതോടെ കഴിഞ്ഞ അഞ്ചു മാസമായി പദവി ഒഴിഞ്ഞുകിടക്കുകയാണ്.

ഉല്‍പന്ന സേവനനികുതി നടപ്പാക്കുന്നതിന് വേണ്ടി ധനമന്ത്രിമാര്‍ക്കിടയില്‍ സമവായം രൂപപ്പെടുത്താന്‍ ഇന്നത്തെ യോഗത്തില്‍ ശ്രമം നടക്കുമെന്ന് മന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു. അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ഇക്കാര്യത്തില്‍ കൃത്യമായ തീരുമാനത്തിലെത്തുന്നത് നീളുകയാണ്. മിക്ക സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ അനുകൂല നിലപാടല്ല ഉള്ളത് എന്നതാണ് സര്‍ക്കാരിനെ വലക്കുന്ന കാര്യം.