ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രിയായി സുശീല്‍കുമാര്‍ ഷിന്‍ഡെ ചുമതലയേറ്റു. നോര്‍ത്ത് ബ്ലോക്കിലെ ഓഫീസിലെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്.

രാജ്യത്തെ നിലവിലെ സ്ഥിതിയെക്കുറിച്ച് ബോധ്യമുണ്ടന്നും സംസ്ഥാനങ്ങളുമായി ഊഷ്മളമായ ബന്ധം പാലിക്കുമെന്നും ചുമതലയേല്‍ക്കുന്നതിന് മുന്‍പ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Ads By Google

കോണ്‍ഗ്രസ് ദലിതരെ ഒരിക്കലും മറന്നിട്ടില്ലെന്നും എന്നാല്‍ ഒരു ദലിതനെന്നതിലുപരി രാജ്യത്തെ ഒരു പൗരനെന്ന നിലയിലാകും താന്‍ പ്രവര്‍ത്തിക്കുകയെന്നും ഷിന്‍ഡെ പറഞ്ഞു.

രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെന്നതിലുപരി ഇന്ത്യക്കാരെന്ന നിലയില്‍ വിഷമകരമായ സാഹചര്യങ്ങളില്‍ ഒന്നിച്ചു നില്‍ക്കണമെന്ന് മുഖ്യമന്ത്രിമാരോട് അഭ്യര്‍ഥിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം അഴിമതിക്കെതിരെയുള്ള അണ്ണാ ഹസാരെയുടെ പോരാട്ടത്തെ പിന്തുണയ്ക്കുമെന്നും എന്നാല്‍ ടീം അണ്ണ പറയുന്നതു മാത്രമാണ് ശരിയെന്ന നിലപാടിനെ അനുകൂലിക്കാനാകില്ലെന്നും ഷിന്‍ഡെ പറഞ്ഞു.

ഇന്നലെയാണ് ആഭ്യന്തരമന്ത്രി പി.ചിദംബരം ധനമന്ത്രിയായും ഊര്‍ജമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡേ ആഭ്യന്തരമന്ത്രിയുമായും ചുമതല മാറിയത്. മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റംവരുത്തിക്കൊണ്ടുള്ള പ്രധാനമന്ത്രിയുടെ ശുപാര്‍ശ ഇന്നലെ രാഷ്ട്രപതി അംഗീകരിച്ച് വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു.

രാഷ്ട്രപതി സ്ഥാനാര്‍ഥിയായപ്പോള്‍ത്തന്നെ ധനവകുപ്പിന്റെ ചുമതല പ്രണബ്മുഖര്‍ജി ഒഴിഞ്ഞിരുന്നു. തുടര്‍ന്ന് വകുപ്പ് പ്രധാനമന്ത്രി തന്നെ കൈകാര്യം ചെയ്തുവരികയായിരുന്നു.

പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനം ആഗസ്ത് എട്ടിന് തുടങ്ങുന്ന സാഹചര്യത്തില്‍ ധനവകുപ്പിന്റെ ചുമതലകൂടി വഹിക്കേണ്ടിവരുന്നത് ജോലിഭാരം വര്‍ധിപ്പിക്കുമെന്നതിനാലാണ് സമ്മേളനത്തിന് മുമ്പുതന്നെ ധനവകുപ്പിന്റെ ചുമതല ഒഴിയാന്‍ പ്രധാനമന്ത്രി തീരുമാനിച്ചതെന്നാണ് സൂചന.