ഒളിമ്പിക്‌സ് മെഡല്‍ നേട്ടത്തിന് ശേഷം നിരവധി ഓഫറുകളാണ് കായിക താരങ്ങള്‍ക്ക് ലഭിക്കുന്നത്. പരസ്യ ചിത്രങ്ങളിലും മറ്റുമായി പല താരങ്ങളും തിളങ്ങുകയാണ്. എന്നാല്‍ ജീവിതത്തിനും ആദര്‍ശത്തിനും മുന്‍തൂക്കം നല്‍കി മാത്രമേ എന്തിനും ഇറങ്ങിപ്പുറപ്പെടുള്ളൂ എന്നാണ് ഒളിമ്പിക്‌സിലെ ബോക്‌സിങ് മെഡല്‍ ജേതാവ് സുശീല്‍ കുമാര്‍ പറയുന്നത്.

Ads By Google

ഒരു മദ്യക്കമ്പനി വച്ചുനീട്ടിയ അന്‍പത് ലക്ഷം രൂപയുടെ പരസ്യകരാറാണ് താരം നിരസിച്ചത്. ഒരു മദ്യത്തിന്റെ ബ്രാന്‍ഡുമായി സഹകരിക്കാന്‍ തനിയ്ക്ക് താത്പര്യമില്ലെന്നാണ് സുശീല്‍ പറയുന്നത്.

‘ഇത് യുവാക്കള്‍ക്ക് തെറ്റായ ഒരു സന്ദേശം നല്‍കും എന്നതുകൊണ്ടാണ് ഞാന്‍ അത് നിരസിച്ചത്. പണത്തിന് മേലെ മൂല്യങ്ങള്‍ക്ക് വില കല്‍പിക്കുന്ന ഒരു കായികപാരമ്പര്യത്തിലൂടെയാണ് ഞാന്‍ വളര്‍ന്നുവന്നത്.

ഈ പരസ്യ ചിത്രത്തിലൂടെ ഞാന്‍ കൈമാറുന്നത് നല്ല സന്ദേശമായിരിക്കില്ലെന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെ അത്തരം സംരംഭങ്ങളുടെ ഭാഗമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’-സുശീല്‍ പറഞ്ഞു.

ഐഷര്‍ ട്രാക്ടര്‍, മൗണ്ടര്‍ ഡ്യൂ, നാഷണല്‍ എഗ്ഗ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി എന്നിവയുടെ പരസ്യങ്ങളിലാണ് സുശീല്‍ ഇപ്പോള്‍ മുഖം കാണിക്കുന്നത്.
ഇരട്ട ഒളിമ്പിക് മെഡല്‍ നേടിയ ഏക ഇന്ത്യന്‍ കായികതാരം കൂടിയാണ് സുശീല്‍.

ഇതിനുമുന്‍പും പല കായിക താരങ്ങളും പരസ്യചിത്രങ്ങളുടെ ഓഫറുകള്‍ നിരസിച്ച് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. രണ്ടു വര്‍ഷം മുന്‍പ് ഒരു മദ്യക്കമ്പനിയുടെ 20 കോടി രൂപയുടെ പരസ്യ ഓഫര്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കറും നിരസിച്ചിരുന്നു.

ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ കിരീടം നേടിയ ഉടനെ കോള കമ്പനിയുടെ പരസ്യഓഫര്‍ നിരസിച്ച് പി.ഗോപിചന്ദും മാതൃക കാട്ടിയിരുന്നു.
എന്നാല്‍, സുശീല്‍ നിരസിച്ച ഓഫറുമായി ഏതാനും ക്രിക്കറ്റ് താരങ്ങളെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് മദ്യക്കമ്പനിയെന്നാണ് റിപ്പോര്‍ട്ട്.