എഡിറ്റര്‍
എഡിറ്റര്‍
സുശീല്‍ കുമാറിന് വെള്ളിത്തിളക്കം
എഡിറ്റര്‍
Sunday 12th August 2012 6:56pm

ലണ്ടന്‍: ഒളിമ്പിക്‌സില്‍ പതാകയേന്തി ഇന്ത്യയെ നയിച്ച സുശീല്‍ കുമാര്‍ രാജ്യത്തിന്റെ മുഴുവന്‍ ആവേശമായി സമാപനദിവസവും ഹീറോ പര്യവേഷത്തില്‍. ഇന്ത്യയ്ക്ക് 66 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വെള്ളി മെഡല്‍ നേടി രാജ്യത്തിന്റെ കായികമേഖലക്ക് പ്രചോദനമായിരിക്കുകയാണ് ഈ ഇരുപത്തൊമ്പത്കാരന്‍. ആവേശകരമായ ഫൈനലില്‍ ജപ്പാന്റെ തത്‌സുഹിരോ യൊനേമിത്‌സുവാണ് സുശീലിനെ പരാജയപ്പെടുത്തിയത്. ചരിത്രത്തിലാദ്യമായി തുടര്‍ച്ചയായ രണ്ട് ഒളിമ്പിക്‌സുകളില്‍ വ്യക്തിഗത ഇനത്തില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സുശീല്‍കുമാര്‍. ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ രണ്ടാമത്തെ വെള്ളിമെഡലാണിത്. സുശീല്‍ കുമാറിന്റെ വെള്ളി മെഡലോടെ ഇന്ത്യക്ക് ആറ് മെഡലായി.

Ads By Google

കലാശക്കളിയില്‍ മികച്ച പ്രകടനത്തിലൂടെ ജപ്പാന്‍ താരത്തെ നേരിട്ടെങ്കിലും സുശീലിന്റെ തന്ത്രങ്ങള്‍ പരാജയപ്പെടുകയായിരുന്നു. സെമിയുള്‍പ്പെടെ തുടര്‍ച്ചയായ പോരാട്ടങ്ങള്‍ സുശീല്‍ കുമാറിന്റെ പോരാട്ടത്തെ ബാധിച്ചിരുന്നു. ആദ്യ പിരീഡില്‍ പോയിന്റ് കൈവിട്ട സുശീല്‍ സമ്മര്‍ദ്ദത്തിനടിപ്പെടുകയും ചെയ്തതാകാം സ്വര്‍ണം നഷ്ടപ്പെടാനിടയാക്കിയത്. ആദ്യ പീരീഡ് 1-0 ത്തിന് കൈവിട്ട സുശീല്‍ നിര്‍ണായകമായ രണ്ടാം പീരീഡില്‍ പോയിന്റ് നേടാന്‍ ശ്രമിച്ചെങ്കിലും ജപ്പാന്‍ താരത്തെ മറികടക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ 0-3ന് രണ്ടാം പിരീഡും നഷ്ടപ്പെടുകയായിരുന്നു. മൂന്നാം പിരീഡില്‍ ഒരു ടെക്‌നിക്കല്‍ പോയിന്റ് നേടിയെങ്കിലും മത്സരത്തില്‍ മുന്നിട്ട്‌ നിന്ന യൊനെമിത്‌സുവിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

പതിനെട്ടാം വയസ്സ് മുതല്‍ ഇന്ത്യയെ ഒളിമ്പിക്‌സില്‍ പ്രതിനിധീകരിക്കുന്ന സുശീല്‍ കുമാര്‍ 2008ല്‍ ബെയ്ജിങ്ങില്‍ വെങ്കല മെഡല്‍ നേടിയതിന് ശേഷമാണ് ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. ഖാഷാബാ ദാദാസാഹേബ് യാദവ് 1952ല്‍ ഹെല്‍സിംഗ്‌ ഒളിമ്പിക്‌സിലൂടെ വെങ്കല മെഡല്‍ നേടിയതിന് ശേഷം ഗുസ്തിയില്‍ വ്യക്തിഗത മെഡല്‍ നേടുന്ന ആദ്യതാരം കൂടിയാണ് സുശീല്‍ കുമാര്‍.

ഒളിമ്പ്യന്‍ സുശീല്‍ കുമാറിന് ഹരിയാന സര്‍ക്കാര്‍ ഒന്നരക്കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. അക്കാദമി സ്ഥാപിക്കാന്‍ സൗജന്യ സ്ഥലം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

സുശീല്‍ കുമാറിന്റെ മെഡലിലൂടെ ആറായ ഇന്ത്യയുടെ മൊത്തം മെഡല്‍ സമ്പാദ്യം ഇങ്ങനെ. പ്രതീക്ഷകള്‍ തെറ്റിക്കാതെ ഷൂട്ടിങ്ങിലൂടെ വിജയകുമാര്‍ ആദ്യ വെള്ളി മെഡല്‍ നേടിയപ്പോള്‍ ഗഗന്‍ നാരംഗ് വെങ്കലം നേടി. ഗുസ്തിയില്‍ യോഗേശ്വര്‍ ദത്തും ബാഡ്മിന്റണില്‍ സൈന നെഹ്‌വാളും ബോക്‌സി
ങ്ങിലൂടെ മേരി കോമും വെങ്കല മെഡല്‍ നേടി.

 

Advertisement