ലണ്ടന്‍:  ഒളിമ്പിക്‌സ് വേദിയില്‍ ഇന്ത്യന്‍ പതാക ഒരു തവണകൂടി ഉയരാന്‍ കാരണക്കാരനായ സുശീല്‍ കുമാര്‍ മെഡല്‍ നേട്ടത്തില്‍ ഏറെ സന്തോഷവാനാണ്. എങ്കിലും ഇന്ത്യയ്ക്കായി സ്വര്‍ണം നേടാനാകാത്തതില്‍ കടുത്ത നിരാശയും ഈ താരത്തിനുണ്ട്.

Ads By Google

അസുഖമായിരുന്നിട്ടുകൂടി ഉജ്ജ്വലപ്രകടനത്തോടെ 66 കിലോഗ്രാം വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടിയ സുശീല്‍ സ്വര്‍ണം നേടാനാകാത്തതില്‍ അസുഖം ഒരു കാരണമായി പറയുന്നില്ല.

‘ വയറിനുപ്രശ്‌നമുണ്ടായിരുന്നു. നിര്‍ജലീകരണം മൂലം ക്ഷീണവുമുണ്ടായിരുന്നു. പക്ഷേ, ഇത്തരം ബുദ്ധിമുട്ടുകളും വേദനയും സ്‌പോര്‍ട്‌സിന്റെ ഭാഗമാണ്. ഒളിമ്പിക്‌സിനായി ഏറെ പരീശീലനം നടത്തി. എന്നാല്‍ അസുഖം തിരിച്ചടിയായി.

അസുഖമില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ കുറച്ചുകൂടി മികച്ച പ്രകടനം കാഴ്ചവെയ്ക്കാമായിരുന്നു. നിര്‍ജലീകരണം മൂലം ശരീരഭാരം നിലനിര്‍ത്താന്‍ ബുദ്ധിമുട്ടി. രണ്ടു വ്യക്തിഗത മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് കുറിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.

മുന്‍പത്തെ ഒളിമ്പിക്‌സില്‍ വെങ്കലം നേടി. ഇത്തവണ സ്വര്‍ണം നേടണമെന്നായിരുന്നു ലക്ഷ്യം. പോഡിയത്തില്‍ നിന്ന്‌ ദേശീയ ഗാനം കേള്‍ക്കണമെന്നും മോഹിച്ചു. തീര്‍ച്ചയായും അടുത്ത തവണ അതുനേടും.’ – സുശീല്‍ പറഞ്ഞു.

വെള്ളിമെഡല്‍ നേടാനായതില്‍ രാജ്യത്തെ കായികപ്രേമികളോടും പരിശീലകനോടും മാതാപിതാക്കളോടും നന്ദി പറയുന്നു. അവരുടെ പ്രാര്‍ഥനയും കരുതലുമാണ് ഈ നേട്ടത്തിന്റെ അടിസ്ഥാനമെന്നും സുശീല്‍ പറഞ്ഞു.