പാറ്റ്‌ന: ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു. നേതാവുമായ നിതീഷ് കുമാര്‍ പ്രധാനമന്ത്രിപദത്തിന് അര്‍ഹനാണെന്ന് ബി.ജെ.പി നേതാവും ബീഹാര്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍കുമാര്‍ മോഡി. ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുശീല്‍കുമാര്‍ മോഡിയുടെ പരാമര്‍ശം.

Ads By Google

പ്രധാനമന്ത്രി പദത്തിന് നിതീഷ് കുമാര്‍ അര്‍ഹനാണ്. മുഖ്യമന്ത്രി എന്ന നിലയിലും ബി.ജെ.പിയുടെ പ്രധാന സഖ്യകക്ഷിയുടെ നേതാവ് എന്ന നിലയിലും 2014 ലെ പൊതുതിരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിന് നിര്‍ണായക റോളുണ്ടായിരിക്കുമെന്നും മോഡി അഭിമുഖത്തില്‍ തുറന്നടിച്ചു.

പ്രധാനകക്ഷി(ബി.ജെ.പി.)യുടെ പ്രധാനമന്ത്രിക്ക് മാത്രമേ ഭരണ സ്ഥിരത ഉറപ്പ് വരുത്താന്‍ കഴിയൂള്ളൂ എന്നും അദ്ദേഹം പറഞ്ഞു. യു.പി.എയില്‍ ചേക്കേറാന്‍ ജെ.ഡി.യു. ശ്രമിക്കുന്നുണ്ടെന്ന ആരോപണം തള്ളിയ മോഡി, നിതീഷ് കടുത്ത കോണ്‍ഗ്രസ് വിരുദ്ധനാണെന്നും അഭിപ്രായപ്പെട്ടു.

ഗുജറാത്ത് മുഖ്യമന്ത്രിയും ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥികളില്‍ പ്രമുഖനുമായ നരേന്ദ്ര മോഡിയുടെ പ്രധാനവിമര്‍ശകനായ നിതീഷ് കുമാറിനെ ബി.ജെ.പിക്കാരനായ ബിഹാര്‍ ഉപമുഖ്യമന്ത്രി പുകഴ്ത്തിയത് പാര്‍ട്ടിയില്‍ പുതിയ വാഗ്വാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.