ന്യൂദല്‍ഹി: ബെല്ലാരിയിലെ റെഡ്ഡിസഹോദരന്‍മാരെ പിന്തുണച്ചതുമായി ബന്ധപ്പെട്ട് ബി.ജെ.പിയുടെ ലോകസഭാ പ്രതിപക്ഷനേതാവായ സുഷമ സ്വരാജും രാജ്യസഭാ പ്രതിപക്ഷ നേതാവായ അരുണ്‍ ജെയ്റ്റ്‌ലിയും രണ്ടുചേരിയില്‍, ജെയ്റ്റലിക്കെതിരെ ഇപ്പോള്‍ സുഷമ രംഗത്തെത്തിയിരിക്കുകയാണ്.

റെഡ്ഡിസഹോദരന്‍മാരെ പന്തുണച്ചത് ജെയ്റ്റ്‌ലിയാണെന്ന് സുഷമ കുറ്റപ്പെടുത്തി. തനിക്ക് അവരുമായി യാതൊരു ബന്ധവുമില്ല. മാത്രവുമല്ല ഒരു കുടുംബത്തിലുള്ള മൂന്നുപേരെ മന്ത്രിസഭയിലേക്കെടുത്തതിനെ താന്‍ എതിര്‍ത്തിരുന്നുവെന്നും സുഷമ വ്യക്തമാക്കി.

‘ബെല്ലാരി സഹോദരന്‍മാര്‍ മന്ത്രിമാരായപ്പോള്‍ കാര്‍ണ്ണാടകയുടെ പര്‍ട്ടി ചുമതല വഹിച്ചിരുന്നത് ജെയ്റ്റിലിയായിരുന്നു. യെദ്യൂരപ്പ മുഖ്യമന്ത്രിയായും വെങ്കയ്യയും ആനന്ദ കുമാറും മുതിര്‍ന്ന നേതാക്കള്‍ എന്ന നിലയിലും അവിടെയുണ്ടായിരുന്നു. എന്തെല്ലാം അവിടെ ചര്‍ച്ച ചെയ്തിട്ടുണ്ടോ അത് അവര്‍ തമ്മിലാണ് നടത്തിയിട്ടുള്ളത്. എനിക്കതില്‍ യാതൊരു പങ്കുമില്ല.’ സുഷമ സ്വരാജ് പറഞ്ഞു. സുഷമയുടെ ഈ പ്രസ്താവനകള്‍ ബി.ജെ.പിയില്‍ പൊട്ടിത്തെറികളുണ്ടാക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.