തിരുവനന്തപുരം: തമിഴ്‌നാട്ടിലെ കൂടംകുളം ആണവനിലയത്തിനെതിരെ നടക്കുന്ന പ്രക്ഷോഭത്തിന് ലത്തീന്‍ സഭയുടെ പിന്തുണ. കൂടംകുളത്തെ ജനങ്ങളുടെ പ്രതിഷേധം അടിച്ചമര്‍ത്തരുതെന്ന് ലത്തീന്‍ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം പറഞ്ഞു. സമരം തീര്‍ത്തും ന്യായമാണെന്നും അദ്ദേഹം വ്യക്തമാക്കി. കുരിശിന്റെ വഴി സമാപനസന്ദേശത്തിലാണ് ആര്‍ച്ച് ബിഷപ്പ് ഇക്കാര്യം പറഞ്ഞത്.

പുരോഗതിയെ ഒരിക്കലും എതിര്‍ക്കുന്നില്ല. എന്നാല്‍, ഈ പുരോഗതിയുടെ പേരില്‍ ജീവനും സ്വത്തിനും ഭീഷണി ഉണ്ടാകരുത്. ലോകത്തെമ്പാടുമുള്ള രാജ്യങ്ങളില്‍ നിന്നും ആണവ നിലയങ്ങള്‍ ഒഴിവാക്കുമ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ ആണവനിലയങ്ങളുടെ പിന്നാലെ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

അവിടെ ഒരു ദുരന്തമുണ്ടായാല്‍ എന്തു ചെയ്യുമെന്നോ ജനങ്ങള്‍ക്ക് എന്തു സംഭവിക്കും എന്നോ ആര്‍ക്കും ഒരു അറിയില്ല. ഇതിന് പുറമെ ഈ ആണവനിലയത്തില്‍ നിന്നു പുറന്തള്ളുന്ന ചൂടുള്ള വെള്ളം കടലിലെ മത്സ്യസമ്പത്ത് സശിക്കാന്‍ ഇടയാക്കും. ഇത് കടലിനെ ആശ്രമിച്ചു കഴിയുന്ന മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗം മുട്ടിക്കും. അതുകൊണ്ട് ആണവനിലയത്തിനെതിരെ നടക്കുന്ന സമരം ന്യായം തന്നെയാണ്-ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.