കോഴിക്കോട്: വിസ കാലാവധി കഴിഞ്ഞിട്ടും ഇന്ത്യയില്‍ താമസമാക്കിയ ഇസ്രയേലി  എഴുത്തുകാരി സൂസന്‍നദാനെ(62) നാടുകടത്തി. കരിപ്പൂര്‍ വിമാനത്താവളം വഴി മുബൈയില്‍ നിന്നാണ് ഇസ്രയേലിലേക്ക് അയച്ചത്. നദാനെ പുറത്താക്കാന്‍ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

Subscribe Us:

സൂസന്റെ പ്രത്യേകാനുമതി ഹരജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ച പശ്ചാത്തലത്തില്‍ ഇവരെ മടക്കി അയച്ചതിനെതിരെ നിയമനടികള്‍ തുടരുമെന്ന് സൂസന്റെ അഭിഭാഷകന്‍ അഡ്വ. മഞ്ചേരി സുന്ദര്‍രാജ് പറഞ്ഞു. സൂസന്‍ നഥാന്റെ പേരില്‍ കോഴിക്കോട് കോടതിയില്‍ നിലവിലുള്ള ക്രിമിനല്‍ കേസില്‍ ഹാജരായി നിരപരാധിത്വം തെളിയിക്കാന്‍ വിദേശ പൗരനിയമം, മനുഷ്യാവകാശ പ്രഖ്യാപനം എന്നിവ പ്രകാരമുള്ള അവകാശം നാടുകടത്തലോടെ ഇല്ലായ്മ ചെയ്‌തെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തന്റെ പേരിലുള്ള ക്വിറ്റ് നോട്ടീസും ലുക്കൗട്ട് നോട്ടീസും പിന്‍വലിച്ചുകിട്ടാന്‍ സൂസന്‍ കേന്ദ്ര, സംസ്ഥാന ആഭ്യന്തരവകുപ്പ് മുമ്പാകെ നല്‍കിയ അപേക്ഷകളിലും തീരുമാനമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ടുവര്‍ഷം മുമ്പാണ് സൂസന്‍ കോഴിക്കോട്ടെത്തിയത്. 2010 സെപ്റ്റംബര്‍ 16ന് വിസ കാലവധി കഴിഞ്ഞതിനെ തുടര്‍ന്ന് ഇവരോട് രാജ്യം വിടാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഉത്തരവിട്ടു. ഇതിനെതിരെ സൂസന്‍ നഥാന്‍ ഹൈക്കോടതി സമീപിക്കുകയായിരുന്നു. ഇവര്‍ക്ക് നിരോധിത ഇസ്‌ലാമിക സംഘടനകളുമായി ബന്ധമുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് നഥാനെ പുറത്താക്കാന്‍ ഡിവിഷന്‍ ബെഞ്ച് ഉത്തരവിടുകയായിരുന്നു. തുടര്‍ന്നും കോഴിക്കോട് നടക്കാവില്‍ താമസം തുടരുന്നതിനാല്‍ ഇവര്‍ക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തു.

ഒരു മാസം മുമ്പ് ജില്ലാ കലക്ടറും പുറത്താക്കല്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ വിമാനയാത്രയ്ക്കുള്ള പണമനുവദിക്കാത്തതിനെ തുടര്‍ന്ന് നാടുകടത്തല്‍ നടന്നില്ല. വിമാനയാത്രാക്കൂലിയായ 38,500 രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചതിനെത്തുടര്‍ന്നാണ് ഇവരെ നാടുകടത്തിയത്.