എഡിറ്റര്‍
എഡിറ്റര്‍
സഖാവേ.. ഞങ്ങള്‍ക്കും ഭീതികൂടാതെ നിവര്‍ന്നു നടക്കണം; നടിയെ ആശ്വസിപ്പിക്കുന്ന കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റിനു കീഴില്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ അക്രമത്തിനിരയായ പെണ്‍കുട്ടി
എഡിറ്റര്‍
Monday 20th February 2017 11:01pm

 

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ സദാചാര അക്രമത്തില്‍ അന്വേഷണമാവശ്യപ്പെട്ടുകൊണ്ട് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥിനി സൂര്യഗായത്രിയുടെ കമന്റ്. കൊച്ചിയില്‍ അക്രമത്തിനിരയായ നടിയെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ചെന്ന കോടിയേരിയുടെ പോസ്റ്റിനു കീഴെയാണ് സൂര്യഗായത്രി യൂണിവേഴ്‌സിറ്റി വിഷയത്തിലും പ്രതികരണം ആവശ്യപ്പെട്ടത്.


Also read പരാജയഭീതി വരുമ്പോഴാണ് മോദി വിദ്വേഷം പ്രചരിപ്പിക്കുന്നത്: രാഹുല്‍ ഗാന്ധി 


‘കൊച്ചിയില്‍ അക്രമത്തിനിരയായ പ്രസിദ്ധ സിനിമാനടിയോട് ഇന്ന് ടെലിഫോണില്‍ സംസാരിച്ചു. അവരെ ആശ്വസിപ്പിച്ചു. വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു. ഭീതികൂടാതെ നിവര്‍ന്നുനില്‍ക്കണമെന്ന് കരുത്ത് പകര്‍ന്നു. അക്രമകാരികളെ പിടികൂടാനും ശിക്ഷാനടപടികള്‍ക്കുവിധേയമാക്കാനുമുള്ള എന്ത് സഹായവും ഞങ്ങളുടെ ഭാഗത്തുനിന്നുണ്ടാവുമെന്ന് ഉറപ്പ് നല്‍കി. ആ പെണ്‍കുട്ടിക്ക് ധൈര്യപൂര്‍വ്വം മുന്നോട്ടുപോവാനുള്ള കരുത്തായി സിപിഐ എം ഉണ്ടാവും’ എന്ന കോടിയോരിയുടെ പോസ്റ്റിലാണ് യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തിലും അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് അക്രമത്തിനിരയായ പെണ്‍കുട്ടി രംഗത്തെത്തിയത്.

ഞങ്ങള്‍ക്കും ഭീതി കൂടാതെ നിവര്‍ന്നു നില്‍ക്കണമെന്നും പെണ്‍കുട്ടികളുടെ വാക്കിന്റെ പുറത്ത് നടപടി വേണ്ടെന്നും പറയുന്ന സൂര്യഗായത്രി വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തിയാല്‍ സത്യം മനസ്സിലാകുമെന്നും പറയുന്നുണ്ട്.


Dont miss നടിയെ ആക്രമിച്ചത് അവര്‍ മൂന്നുപേര്‍; അറസ്റ്റിലായ പ്രതികളുടെ മൊഴി പുറത്ത്


തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ അക്രമത്തിന് വിദ്യാര്‍ത്ഥികളിരയായത് കേരളത്തില്‍ ചര്‍ച്ചയായപ്പോള്‍ കോടിയേരിയോ മുഖ്യമന്ത്രിയോ വിഷയത്തില്‍ പ്രതികരിച്ചിരുന്നില്ല. എസ്.എഫ്.ഐയെ പ്രതിരോധത്തിലാക്കിയ വിഷയത്തില്‍ സംഘടനയുടെ കേന്ദ്ര നേതൃത്വവും വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.

അഴീക്കല്‍ സദാചാരത്തെക്കുറിച്ചും നടിക്കു വേണ്ടിയും നിലപാടെടുത്തില്‍ സന്തോഷമുണ്ടെങ്കിലും എ.കെ.ജി സെന്ററില്‍ നിന്നു നോക്കിയാല്‍ കാണുന്ന തലസ്ഥാന നഗരിയിലെ കോളേജില്‍ നടന്ന വിഷയത്തെ കുറിച്ച് ഒന്നും മിണ്ടാത്തത് എന്താണെന്നാണ് സൂര്യഗായത്രി ചോദിക്കുന്നത്.

ഇടതുപക്ഷ സഹയാത്രികയായ തനിക്ക് ‘അന്വേഷിച്ച് നടപടിയെടുക്കും’ എന്ന വാക്കു തന്നെ ആശ്വാസമാണെന്നു പറഞ്ഞ സൂര്യഗായത്രി ഈ സര്‍ക്കാരില്‍ ഞങ്ങള്‍ പ്രതീക്ഷയര്‍പ്പിക്കുന്നതില്‍ തെറ്റുണ്ടോ സഖാവേ എന്നു ചോദിച്ച് കൊണ്ടാണ് കമന്റ് അവസാനിപ്പിക്കുന്നത്.


കമന്റിന്റെ പൂര്‍ണ്ണ രൂപം

‘സഖാവേ…ഇതു പോലെ ഞങ്ങള്‍ക്കും ഭീതി കൂടാതെ നിവര്‍ന്നു നടക്കണം..
ഞങ്ങള്‍ പെണ്‍കുട്ടികളുടെ വാക്കുകേട്ട് അവരെയുടനെ ശിക്ഷിക്കണമെന്നല്ല…
സമഗ്രമായ ഒരു അന്വേഷണം നടത്താനെങ്കിലും തയ്യാറാവണം സഖാവേ..എങ്കില്‍ തീര്‍ച്ചയായും സത്യം മനസ്സിലാകും…
അഴീക്കല്‍ സദാചാരത്തെകുറിച്ചും പ്രമുഖ നടിക്ക് വേണ്ടിയും നിലപാടുകള്‍ എടുത്തതില്‍ സന്തോഷമുണ്ട്..
പക്ഷേ എന്തുകൊണ്ടാണ് സഖാവേ എ കെ ജി സെന്റെറില്‍ നിന്നു നോക്കിയാല്‍ കാണുന്ന.. സെക്രട്ടറിയേറ്റിനു സമീപമുള്ള തലസ്ഥാന നഗരിയിലെ തലയെടുപ്പുള്ള യൂണിവേഴ്‌സിറ്റി കോളേജിനെ കുറിച്ച് ഒന്നും മിണ്ടാത്തത്?
അന്വേഷിച്ച് നടപടിയെടുക്കും എന്നൊരു വാക്കു തന്നെ ഇടതുപക്ഷസഹയാത്രികയായ എനിക്ക് ആശ്വാസമാണ്..
ഈ സര്‍ക്കാരില്‍ ഞങ്ങള്‍ പ്രതീക്ഷയര്‍പ്പിക്കുന്നതില്‍ തെറ്റുണ്ടോ സഖാവേ’

Advertisement