തിരുവനന്തപുരം: നിയമസഭയ്ക്കു പുറത്ത് പ്രതിപക്ഷത്തെ ആറ് വനിതാ എം.എല്‍.എമാര്‍ സത്യഗ്രഹമിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍.

Ads By Google

സൂര്യനെല്ലിക്കേസില്‍ സഭയ്ക്കു പുറത്ത് പ്രതിഷേധിച്ച വനിതാ എംഎല്‍എമാര്‍ക്കെതിരെയുള്ള പൊലീസ് മര്‍ദനനെത്തിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണിത്. സൂര്യനെല്ലിക്കേസില്‍ പ്രക്ഷോഭം ശക്തമാക്കുമെന്ന് വി.എസ്. പറഞ്ഞു.

സംഭവത്തില്‍ എഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ചൊവ്വാഴ്ച നിയമസഭയുടെ നടുത്തളത്തില്‍ എം.എല്‍.എമാരായ ബിജിമോളും ഗീതാഗോപിയും സത്യഗ്രഹമിരുന്നിരുന്നു.

സൂര്യനെല്ലിക്കേസില്‍ സര്‍ക്കാരിന് ലഭിച്ച മൂന്ന് നിയമോപദേശങ്ങളും തുടരന്വേഷണത്തിന് നിയമപരമായി സാധുതയില്ലന്നാണ് പറയുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് നിയമപരമായി മുന്നോട്ട് പോകുന്നതില്‍ പരിമിതിയുണ്ട്.

ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനു പുറമെ നിയമ സെക്രട്ടറിയും ജസ്റ്റിസ് പത്മനാഭന്‍ നായരും സര്‍ക്കാരിന് നിയമോപദേശം നല്‍കിയിട്ടുണ്ട്. പുനരന്വേഷണം വേണമെങ്കില്‍ പ്രതിപക്ഷത്തിന് കോടതിയില്‍ പോകാമെന്നും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു.

നിയമോപദേശം സര്‍ക്കാര്‍ സഭയില്‍ വെക്കാമെന്നും പ്രതിപക്ഷം അത് പരിശോധിച്ച് നിലപാട് തിരുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടേയും ആഭ്യന്തര മന്ത്രിയുടേയും മറുപടിയെത്തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു.