എഡിറ്റര്‍
എഡിറ്റര്‍
സൂര്യനെല്ലിക്കേസില്‍ പുനരന്വേഷണമില്ലെന്ന് പറഞ്ഞിട്ടില്ല: ഉമ്മന്‍ ചാണ്ടി
എഡിറ്റര്‍
Thursday 7th February 2013 12:50am

തിരുവനന്തപുരം: സൂര്യനെല്ലിക്കേസില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യനെതിരെ ഉയര്‍ന്ന ആരോപണം സംബന്ധിച്ച് പുനരന്വേഷണം നടത്തില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

Ads By Google

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  നിയമപരമായ അഭിപ്രായത്തിന് ശേഷമായിരിക്കും തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

17 വര്‍ഷം മുന്‍പ് പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണ് പെണ്‍കുട്ടി ചെയ്തതെന്നും കേസില്‍ എല്ലാം അന്വേഷിച്ചു കഴിഞ്ഞതാണെന്നുമാണ് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നത്. ഇക്കാര്യമാണ് മുഖ്യമന്ത്രി മാറ്റിപ്പറഞ്ഞത്.

”സൂര്യനെല്ലിക്കേസിലെ ഹൈക്കോടതി വിധി റദ്ദാക്കുകയാണ് സുപ്രീംകോടതി ചെയ്തിട്ടുള്ളത്. കീഴ്‌ക്കോടതി വിധികള്‍ റദ്ദാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ പുനരന്വേഷണം നടത്തില്ലെന്ന് ഞാന്‍ നേരത്തെ പറഞ്ഞിട്ടില്ല.

സൂര്യനെല്ലി കേസില്‍ കുര്യനുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിയമപരമായ ഉപദേശം തേടുമെന്നാണ് പറഞ്ഞത്. അഞ്ചുകൊല്ലം ഭരിച്ച ഇടതുമുന്നണി സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഒന്നും ചെയ്തിട്ടില്ല. പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലായ അസഫ് അലിയെ ഞങ്ങള്‍ നിയമിച്ചതുകൊണ്ട് അദ്ദേഹത്തില്‍ നിന്ന് ഉപദേശം തേടരുതെന്നാണ് പ്രതിപക്ഷം പറയുന്നത്.

പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ സ്ഥാനത്ത് നേരത്തെയിരുന്നിട്ടുള്ള പി.ജി.തമ്പിയേയും അഡ്വക്കേറ്റ് ജനറലായിരുന്ന എം.കെ.ദാമോദരനേയും നിയമിച്ചത് ഞങ്ങളാണോ?അവരുടെയൊക്കെ ഉപദേശമനുസരിച്ചാണ് അന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പ്രവര്‍ത്തിച്ചത്.

അധികാരസ്ഥാനത്തിരിക്കുമ്പോള്‍ അങ്ങനെയേ പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂ. അതിന് ആരേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല” ഉമ്മന്‍ ചാണ്ടി പറഞ്ഞു.

സൂര്യനെല്ലി കേസില്‍ പി ജെ കുര്യനെതിരായ ആരോപണങ്ങള്‍ പരിശോധിക്കുമെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വവും വ്യക്തമാക്കിയിരുന്നു. എത്രയും വേഗം തീരുമാനമുണ്ടാകുമെന്ന് എ.ഐ.സി.സി വൃത്തങ്ങള്‍ അറിയിച്ചു. നിയമം എല്ലാവര്‍ക്കും ഒരു പോലെയാണൊണ് കോണ്‍ഗ്രസ് വക്താവ് റഷീദ് ആല്‍വി പറഞ്ഞത്.

അതേസമയം സൂര്യനെല്ലി കേസിനെക്കുറിച്ച് കൂടുതലായൊന്നും പറയാനില്ലെന്ന് പി ജെ കുര്യന്‍ പ്രതികരിച്ചു. പറയാനുള്ളതെല്ലാം നേരത്തേ പറഞ്ഞുകഴിഞ്ഞു. ഹൈക്കമാന്റിന്റെ തീരുമാനത്തെക്കുറിച്ച് ഹൈക്കമാന്റിനോട് തന്നെ ചോദിക്കണമെന്നും പി ജെ കുര്യന്‍ പ്രതികരിച്ചു.

Advertisement