എഡിറ്റര്‍
എഡിറ്റര്‍
‘കുര്യന്‍ രാജിവെയ്ക്കണം, സുകുമാരന്‍ നായരെ പ്രോസിക്യൂട്ട് ചെയ്യണം’
എഡിറ്റര്‍
Saturday 2nd February 2013 12:33pm


തിരുവന്തപുരം: പി.ജെ കുര്യന്‍ രാജ്യസഭാഉപാധ്യക്ഷന്‍ സ്ഥാനം അടിയന്തിരമായി രാജിവെക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍.

കുര്യന്‍ രക്ഷപ്പെട്ടത് അന്വേഷണ സംഘത്തിന്റെ വീഴ്ചയാണെന്ന് അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ജ്യോഷ്വോ വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തലാണ് താന്‍ വിശ്വസിക്കുന്നതെന്നും വി.എസ് പറഞ്ഞു. ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Ads By Google

ക്രൂരമായി പീഡിപ്പിച്ച നരാധമരില്‍ കുര്യനുണ്ടെന്ന മൊഴിയില്‍ 17 വര്‍ഷമായി പെണ്‍കുട്ടി ഉറച്ചുനില്‍ക്കുന്നു. ഈ വിഷയത്തില്‍ പെണ്‍കുട്ടി വീണ്ടും പരാതി നല്‍കിയിരിക്കുകയാണ്. ഇന്ന് എന്‍.എസ്. എസ് ജനറല്‍ സെക്രട്ടറിയായ സുകുമാരന്‍ നായരുടെ മൊഴിയാണ് അന്ന് കുര്യനെ രക്ഷപ്പെടുത്തിയത്. ഇന്നത്തെ പോലെ എന്‍.എസ്.എസിന്റെ ജനറല്‍ സെക്രട്ടറിയോ, അന്ന് സംഘടനയില്‍ എന്തെങ്കിലും പദവിയോ ഉള്ള ആളല്ല സുകുമാരന്‍ നായര്‍  .

സംഭവദിവസം പി.ജെ കുര്യന്‍ എന്‍.എസ്.എസിന്റെ ആസ്ഥാനത്തായിരുന്നുവെന്ന സുകുമാരന്‍നായരുടെ മൊഴി വിശ്വസനീയമല്ല. എന്‍.എസ്.എസിന്റെ ഗുമസ്ഥന്‍ മാത്രമായിരുന്ന സുകുമാരന്‍ നായരെ കാണാന്‍ വേണ്ടി മാത്രം  കേന്ദ്രമന്ത്രിയായിരുന്ന പി.ജെ കുര്യന്‍ ദല്‍ഹിയില്‍ നിന്നും വന്നതാണെന്നു പറഞ്ഞാല്‍ വിശ്വസിക്കാനാകില്ല.

ഈ യാത്രയ്ക്ക് ഔദ്യോഗിക രേഖകളൊന്നുമുണ്ടായിരുന്നില്ലെന്ന് മാത്രമല്ല മന്ത്രിയുടെ യാത്രരേഖകളിലും രേഖപ്പെടുത്തിയിരുന്നില്ല. അന്ന് വൈകീട്ട്  അഞ്ചുമണി മുതല്‍ രാത്രി പത്ത് വരെ എന്‍എസ്.എസ് ആസ്ഥാനത്ത് സുകുമാരന്‍ നായര്‍ക്കൊപ്പം ചെലവഴിക്കുയായിരുന്നുവെന്നതും സംശയകരമാണെന്നും വി.എസ് അഭിപ്രായപ്പെട്ടു.

മൊഴി സത്യസന്ധമാണോയെന്ന് തെളിയിക്കാന്‍ സകുമാരന്‍നായരെ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയനാക്കണം.  മൊഴി വ്യാജമാണെന്ന് തെളിഞ്ഞാല്‍ സുകുമാരന്‍ നായരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും വി.എസ് ആവശ്യപ്പെട്ടു.

സുപ്രിം കോടതി നിര്‍ദേശാനുസരണം ഹൈക്കോടതിയില്‍ വീണ്ടും ഈ കേസ് പരിശോധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ പെണ്‍കുട്ടിയുടെയും നീതിയുടെയും പക്ഷത്താണ് നിലകൊള്ളേണ്ടത്.

ഈ കേസില്‍ പെണ്‍കുട്ടി ആവശ്യപ്പെടുന്ന സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ തന്നെ നിയോഗിക്കണം. പതിനേഴ് വര്‍ഷം മുമ്പ് പറഞ്ഞകാര്യങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണ് പെണ്‍കുട്ടി ചെയ്തത്. കുര്യനെതിരെയുള്ള ആരോപണം നിര്‍ഭാഗ്യകരമാണെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന ശരിയായ നടപടിയല്ല.

മുഖ്യമന്ത്രി അങ്ങിനെയൊരു പ്രസ്താവന നടത്താന്‍ പാടില്ലായിരുന്നു. സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നടപടികള്‍ നീങ്ങുമ്പോള്‍ സത്യസന്ധമായി കാര്യങ്ങള്‍ പോകണമെന്ന നിലയിലാണ് മുഖ്യമന്ത്രിയും സര്‍ക്കാരും കൈകൊള്ളേണ്ടത്.

ഈ വിഷയത്തില്‍ പതിനേഴ് വര്‍ഷം മുമ്പുള്ള നിലപാട് തന്നെയാണ് ആ പെണ്‍കുട്ടിയ്ക്ക് ഇപ്പോഴുമുള്ളത്.  കുട്ടിയുടെ അമ്മ പറയുന്നത് കുര്യന്റെ ഫോട്ടോ കാണുമ്പോള്‍  കുട്ടി ഇപ്പോഴും ഞെട്ടി വിറക്കുകയാണെന്നാണ്. പതിനേഴ് കൊല്ലമായി കുട്ടിയുടെ അമ്മ അനുഭവിക്കുന്ന മാനസികാവസ്ഥയെന്താണെന്ന് സാമന്യമായി ആര്‍ക്കും ബോധ്യമാകുന്നതാണ്.

അന്ന് അഡ്വക്കറ്റ് ജനറലായിരുന്ന എം.കെ ദാമോദരന്‍നായരും, നായനാരുടെ പ്രൈവറ്റ് സെക്രട്ടറി ശശിയുടെയും സമീപനം ഏതെങ്കിലും തരത്തില്‍ കുര്യനെ കുറ്റവിമുക്തമാക്കുന്നതില്‍ സ്വാധീനിച്ചിട്ടുണ്ടാകാം. ഇത് വ്യക്തമാക്കേണ്ടതും ജോഷ്വായെ പോലെയുള്ള ആളുകള്‍ തന്നെയാണ്.

അന്ന് അഡ്വക്കറ്റ് ജനറലായിരുന്ന എം.കെ ദാമോദരന്‍നായരും, നായനാരുടെ പ്രൈവറ്റ് സെക്രട്ടറി ശശിയുടെയും സമീപനം ഏതെങ്കിലും തരത്തില്‍ കുര്യനെ കുറ്റവിമുക്തമാക്കുന്നതില്‍ സ്വാധീനിച്ചിട്ടുണ്ടാകാം. ഇത് വ്യക്തമാക്കേണ്ടതും ജോഷ്വായെ പോലെയുള്ള ആളുകള്‍ തന്നെയാണ്.

ജീവിച്ചിരിക്കുന്നവരെ കുറിച്ച് ഈ കേസിന്റെ പേരില്‍ പറയുന്നത് മനസിലാക്കാം . എന്നാല്‍ നായനാരെ പോലെയുള്ള ആളുകളെ പരാമര്‍ശിക്കുന്നത് തന്നെ ക്രൂരമാണ്.

അന്ന് താന്‍ ഇടതുപക്ഷത്തിന്റെ കണ്‍വീനറാണ്. നായനാരുമായി ഈ വിഷയത്തില്‍ സംസാരിച്ചിരുന്നു. അന്ന് പെണ്‍കുട്ടിക്ക് സ്‌പെഷ്യല്‍ കോടതിയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്തുകൊടുത്തത് നായനാരാണ്. നായനാര്‍ ഇരയുടെ പക്ഷത്തായിരുന്നു നിന്നത്.

പക്ഷെ ദാമോദരന്റെയും ശശിയുടെയും നിലപാട്് ഈ കേസില്‍ ബാധിച്ചിട്ടുണ്ട്. ഇവര്‍ ഐസ്‌ക്രീം കേസില്‍ നടത്തുന്ന ഇടപെടലുകള്‍ എന്താണെന്ന് നിങ്ങള്‍ക്കറിയാമല്ലോ  ഐസ്‌ക്രീംകേസ് സംബന്ധിച്ച് കുറെ വെളിപ്പെടുത്തലുകള്‍ഞാന്‍ കൊണ്ടുവന്നിരുന്നു.

ഇതില്‍ ദാമോദരന്റെ റോള്‍ എന്താണെന്ന് നിങ്ങള്‍ മനസിലാക്കണമെന്നും, ശശി ഇത്തരം പ്രതികള്‍ക്കും വാദികള്‍ക്കും വേണ്ടി നിലകൊള്ളുന്നവനാണെന്ന് അറിയാമല്ലോയെന്നും വി.എസ് ചോദിച്ചു.

ഇത്തരക്കാരുടെ ഇടപെടലുകള്‍ മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവരണം. എനിക്ക് അവരെ പറ്റി യാതൊരു സംശയമില്ല. ഐസ്‌ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്‍ ദാമോദരന്‍ നഗ്നമായി ഇടപെട്ടിട്ടുണ്ട്.

കുഞ്ഞാലിക്കുട്ടിയില്‍ നിന്ന് കൈപ്പറ്റിയ തുകയ്ക്കുവേണ്ടിയുള്ള ഇടപെടലുകള്‍ ഇപ്പോഴും അദ്ദേഹം നടത്തുന്നുണ്ട്. ആ കേസിനുവേണ്ടി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചെയ്യുന്നതെന്താണ്. മൊഴിയുടെ പകര്‍പ്പ് തരാതിരിക്കാന്‍ അഡ്വക്കറ്റ് ജനറലിനെ ഉപയോഗിച്ച് നടത്തുന്ന ഇടപെടലുകള്‍ എല്ലാവര്‍ക്കുമറിയാമെന്നും വി.എസ് പറഞ്ഞു.

സുപ്രിം കോടതിയും മജിസ്‌ട്രേറ്റ് കോടതിയും നിലപാടെടുത്തിട്ടും മൊഴിയുടെ പകര്‍പ്പ്് തരാതിരിക്കാനായി എന്തൊക്കെയാണ് ചെയ്ത്‌കൊണ്ടിരിക്കുന്നതെന്നും എല്ലാവര്‍ക്കുമറിയാം.

സൂര്യനെല്ലികേസില്‍ സംസ്ഥാനസര്‍ക്കാര്‍ പുതിയ അന്വേഷണസംവിധാനത്തിന്റെ സഹായത്തോടെ കാര്യങ്ങള്‍ പുറത്തുകൊണ്ടുവരണം. കുര്യനെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ എടുത്തിരിക്കുന്നതെന്നത് അത്ഭുതകരമാണ്.

കുഞ്ഞാലി കേസില്‍ ജഡ്ജിയെയും മറ്റും സ്വാധീനിക്കുന്നതില്‍ മുന്‍കൈയെടുത്തതും ദാമോദരനാണ്. ആ സ്ഥിതിക്ക് ഈ കേസ് ദാമോദരന്‍ അട്ടിമറിച്ചതാണെന്നത് ന്യായമായും സംശയിക്കുന്നു. ഈ കേസില്‍ അന്വേഷണഉദ്യോഗസ്ഥനായ സിബിമാത്യു രണ്ട് തരത്തിലുള്ള റോളാണ് സ്വീകരിച്ചതെന്ന് തനിക്കറിയാമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

ചിലരെല്ലാം പ്രതിയായ കുര്യനെ ഒഴിവാക്കാനുള്ള ശ്രമം നടത്തുന്നെണ്ടെന്നും, ഇത് വി.എസ് ശ്രദ്ധിക്കണമെന്ന് തന്നോട് പറയുകയും അതേ സമയം കുര്യനെ കേസില്‍ നിന്നും ഒഴിവാക്കുന്നതാണ് നല്ലതെന്നും അല്ലെങ്കില്‍ മറ്റുപ്രതികളും രക്ഷപ്പെടുമെന്നു പെണ്‍കുട്ടിയുടെ കുടുംബത്തോട് പറയുകയുമാണ് സിബിമാത്യു ചെയ്തത്.

ഇത്തരം ആളുകള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്. നായനാര്‍ ഇന്നില്ല. നിത്യനിദ്രയിലുള്ളവരെ അപമാനിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
സിബിമാത്യുവിനെ പോലെയല്ല ജോഷ്വാ. അദ്ദേഹം സത്യസന്ധനാണെന്ന് എനിക്കറിയാം.

ഈ വിഷയത്തില്‍ സിബി സ്വീകരിച്ച ഡബിള്‍ റോള്‍ എനിക്കറിയാം. എന്നാല്‍ ജോഷ്വാ ഇങ്ങിനെയായിരുന്നില്ല.  ഈ കേസില്‍ പുതിയതായി വരുന്ന നിയമസംവിധാനങ്ങളെന്തായാലും പ്രധാനപ്പെട്ട ആളുകളെ വെറുതെ വിടുമെന്ന് തോന്നുന്നില്ല. അന്നത്തെ സ്ഥിതിയെ അപേക്ഷിച്ച് ഇന്ന് ഞാന്‍ കേസില്‍ ഇടപെടുന്നത് നന്നാവുമെങ്കില്‍ കണിശമായും ഞാന്‍ ഇടപെടുമെന്നും വിഎസ് പറഞ്ഞു.

ഓരോരോ കാര്യങ്ങള്‍ തെളിഞ്ഞുവരുമ്പോള്‍ അന്നത്തെ നിലപാടുകള്‍ അബദ്ധമായിരുന്നോ അല്ല സുബദ്ധമായിരുന്നോയെന്ന് പറയാനാകും.        സൂര്യനെല്ലി കേസിലെ പ്രതികളെ മുഴുവനായും വെറുതെ വിട്ടിരുന്നതിനു പിന്നില്‍ യു.ഡി.എഫിന് റോളുണ്ടായിരുന്നല്ലോ ആ റോളിന്റെ വിജയം വീണ്ടുമുണ്ടാകുമെന്ന പ്രതീക്ഷയാണ് മുഖ്യമന്ത്രിയുടെ പുതിയ പ്രസ്താവനയ്ക്ക പിന്നിലെന്നും വ്യക്താമാണെന്നും വി.എസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Advertisement