എഡിറ്റര്‍
എഡിറ്റര്‍
സൂര്യനെല്ലി: പ്ലക്കാഡുമായി പ്രതിപക്ഷം, എം.എല്‍.എമാരെ മര്‍ദ്ദിച്ചപരാതിയില്‍ ജുഡീഷ്യല്‍ അന്വേഷണം
എഡിറ്റര്‍
Thursday 7th February 2013 9:35am

തിരുവനന്തപുരം: സൂര്യനെല്ലിക്കേസില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യനെ പ്രതിചേര്‍ത്ത് അന്വേഷണം നടത്തണമെന്ന പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷം നിയമസഭയില്‍.

Ads By Google

രാവിലെ 8.30 ന് സഭ സമ്മേളിച്ചപ്പോള്‍ തന്നെ മുദ്രാവാക്യം വിളികളും പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷ എംഎല്‍എമാര്‍ പ്രതിഷേധം തുടങ്ങി.
ഇന്നലെത്തെ പ്രതിഷേധത്തിന്റെ തുടര്‍ച്ചയെന്നോണമാണ് പ്രതിപക്ഷം ഇന്ന് നിയമസഭയിലെത്തിയത്.

ചോദ്യോത്തരവേള നിര്‍ത്തിവെച്ച് എം.എല്‍.എ മാര്‍ക്കെതിരായ അക്രമംസഭയില്‍ ചര്‍ച്ചചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നതിനാല്‍ ചോദ്യോത്തരവേള നിര്‍ത്തിവയ്ക്കില്ലെന്ന് സ്പീക്കറുടെ റൂളിങ് വന്നു. ഇതേത്തുടര്‍ന്ന് പ്രതിപക്ഷം ചോദ്യോത്തര വേളയോട് സഹകരിച്ചു.

അതിനിടെ എം.എല്‍.എമാരെ പൊലീസ് മര്‍ദിച്ചെന്ന പരാതിയില്‍ എ.ഡി.ജിപി ഹേമചന്ദ്രന്‍ ആഭ്യന്തര മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ നിയമസഭയെ അറിയിക്കും.

പി.ജെ. കുര്യനെതിരെ നിയമനടപടി സ്വീകരിക്കുക, വനിതാ എം.എല്‍.എമാരെ ആക്രമിച്ച പൊലീസുകാരെ സസ്‌പെന്‍ഡ്് ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള പ്ലക്കര്‍ഡുകളുമായാണ് പ്രതിപക്ഷ എം.എല്‍.എമാര്‍ സഭയില്‍ എത്തിയത്.

അതേസമയം രണ്ട് വനിതാ എം.എല്‍.എമാരെ പോലീസ് മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കവെയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇക്കാര്യം സംഭയെ അറിയിച്ചത്.

ജുഡീഷ്യല്‍ അന്വേഷണം സ്വീകാര്യമല്ലെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണം. പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യാതെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

എന്നാല്‍ എം.എല്‍.എമാരെ പോലീസ് മര്‍ദ്ദിച്ചതായി ദൃശ്യങ്ങളില്‍ വ്യക്തമല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പ്രതിപക്ഷാംഗങ്ങള്‍ക്കൊപ്പം ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. ഈ സാഹചര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുകയാണ് അഭികാമ്യമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Advertisement