തിരുവനന്തപുരം: സൂര്യനെല്ലി കേസില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യനെതിരായി മൊഴി നല്‍കാതിരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ സിബി മാത്യൂസ് സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്ന് പീഡനത്തിനരയായ പെണ്‍കുട്ടി മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തി.

Ads By Google

കുര്യന് എതിരായ തന്റെ മൊഴി മാറ്റി പറയാന്‍ സിബി മാത്യൂസ് സമ്മര്‍ദ്ദം ചെലുത്തിയെന്നും എന്നാല്‍ താന്‍ വഴങ്ങിയില്ലെന്നും പെണ്‍കുട്ടി  പറഞ്ഞു.

പി.ജെ.കുര്യനെതിരായ മൊഴിയില്‍ ഉറച്ചു നില്‍ക്കുകയാണെന്നും ഇക്കാര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തുമെന്നും പെണ്‍കുട്ടി വ്യക്തമാക്കി.

അതേസമയം സൂര്യനെല്ലി വിഷയുമായി ബന്ധപ്പെട്ട് കുര്യന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ചക്ക് സമയം തേടി. വ്യാഴാഴ്ച സോണിയ ദല്‍ഹിയില്‍ ഉണ്ടായിരുന്നില്ല.

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം തുടങ്ങുന്നതിനുമുമ്പ് രാജിവെക്കേണ്ടി വരുമെന്ന സൂചനകള്‍ക്കിടയിലാണ്, ഏതാനും ദിവസമായി കേരളത്തിലായിരുന്ന കുര്യന്‍ തിരക്കിട്ട് ദല്‍ഹിയിലെത്തിയത്.

കുര്യനെതിരെ പാര്‍ട്ടിതലത്തിലും നിയമപരമായും നടപടികള്‍ സ്വീകരിക്കുന്നതിന് ഇടപെടണമെന്ന് ആവശ്യപ്പെട്ട് സൂര്യനെല്ലി പെണ്‍കുട്ടിയുടെ അമ്മ സോണിയ ഗാന്ധിക്ക് കത്തെഴുതിയിട്ടുണ്ട്.

ഇതടക്കമുള്ള പ്രശ്‌നക്കുരുക്കുകള്‍ക്കിടയില്‍, സ്വന്തം വാദങ്ങള്‍ കോണ്‍ഗ്രസ് അധ്യക്ഷയെ ബോധ്യപ്പെടുത്താനാണ് പി.ജെ. കുര്യന്‍ ശ്രമിക്കുന്നത്.
ദല്‍ഹിയിലെത്തിയ കുര്യന്‍ ദേശീയ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിച്ചു. താന്‍ നിരപരാധിയാണെന്ന വാദം ആവര്‍ത്തിക്കുകയും ചെയ്തു. ഒരാളെ പ്രതിയെന്നു വിധിയെഴുതി വിചാരണ നടത്തുന്ന രീതിയാണ് ചാനലുകളും മറ്റും നടത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സൂര്യനെല്ലി പെണ്‍കുട്ടിയുടെ അമ്മ സോണിയ ഗാന്ധിക്ക് കത്തെഴുതിയതിനെക്കുറിച്ച് പ്രതികരണം ആരാഞ്ഞപ്പോള്‍, ആര്‍ക്കും അതിനു സ്വാതന്ത്ര്യമുണ്ടെന്ന മറുപടിയാണ് കുര്യന്‍ വാര്‍ത്താലേഖകര്‍ക്ക് നല്‍കിയത്. കെ. സുധാകരന്‍ എം.പിയും മറ്റും കുര്യനെ വസതിയിലെത്തി കണ്ടു.