ന്യൂദല്‍ഹി: സൂര്യനെല്ലി കേസില്‍ ആരോപണവിധേയനായ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന് പിന്തുണയുമായി കോണ്‍ഗ്രസ് നേത്വത്വും മുഖ്യ പ്രതിപക്ഷമായ ബി.ജെ.പിയും ജനതാദള്‍ (യു)വും രംഗത്തെത്തി.

Ads By Google

കുര്യനെതിരായ ആരോപണങ്ങള്‍ ദേശീയതലത്തിലും വിവാദമായതോടെയാണ് ഇന്നലെ കോണ്‍ഗ്രസ് ഉന്നതാധികാരസമിതി വിഷയം ചര്‍ച്ചചെയ്തത്.

കുര്യനെതിരെ ആരോപണങ്ങളുയര്‍ന്നതുകൊണ്ടു മാത്രം ധൃതിയില്‍ നടപടിയെടുക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനം എന്നാണ് അറിയുന്നത്.

എന്നാല്‍ വിഷയം ദേശീയതലത്തില്‍ ചര്‍ച്ചയായതിനാല്‍ തന്നെ വ്യക്തമായ നിലപാടെടുക്കാതെ നിവൃത്തിയുമില്ലെന്നാണ് അറിയുന്നത്.

കുര്യനെതിരെ പുതിയ തെളിവുകളൊന്നും ഉണ്ടായിട്ടില്ലെന്ന് കോണ്‍ഗ്രസ് വക്താവ് രേണുകാ ചൗധരിയും മാധ്യമങ്ങളോട് പറഞ്ഞു. കുര്യനെ സുപ്രീംകോടതി കുറ്റവിമുക്തമാക്കിയതാണെന്നും ഇപ്പോള്‍ സുപ്രീംകോടതി പുനരന്വേഷണം ആവശ്യപ്പെട്ട കേസിലെ പ്രതിപ്പട്ടികയിലും കുര്യനില്ലെന്നും ഇവര്‍ പറഞ്ഞു.

അതേസമയം തന്റെ നിരപരാധിത്വം പാര്‍ട്ടിഅധ്യക്ഷയെ നേരില്‍ ബോധിപ്പിക്കാനായി കുര്യന്‍ കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയെങ്കിലും സോണിയ തയ്യാറായിട്ടില്ല. അതേസമയം, താന്‍ സോണിയയെ കാണാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് കുര്യന്റെ വിശദീകരണം.

താന്‍ നിരപരാധിയാണെന്ന് കോടതിയില്‍ തെളിഞ്ഞതാണെന്നും രാജ്യസഭാ ഉപാധ്യക്ഷസ്ഥാനം രാജി വെക്കേണ്ട ആവശ്യമില്ലെന്നും പി.ജെ. കുര്യന്‍ ആവര്‍ത്തിച്ചു.

രാജ്യത്തെ നീതിപീഠം എന്നെ കുറ്റവിമുക്തനാക്കിയതാണ്. രാഷ്ട്രീയഎതിരാളികള്‍ പെണ്‍കുട്ടിയെ രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിക്കുകയാണ്.

ഞാന്‍ രാജിവെക്കേണ്ട ആവശ്യവുമില്ല. ആരോപണങ്ങളെല്ലാം രാഷ്ട്രീയപ്രേരിതമാണ്. തിരഞ്ഞെടുപ്പുകളില്‍ പെണ്‍കുട്ടി ഇത്തരം ആരോപണങ്ങളുന്നയിക്കുന്നു. നാലുതവണ ഞാന്‍ അന്വേഷണവിധേയനാവുകയും കുറ്റവിമുക്തനാവുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.