ജീവിതത്തിന്റെ നിര്‍ണായക നിമിഷത്തില്‍ നടിയായ ഭാര്യയെയും കൈക്കുഞ്ഞിനെയും ഉപേക്ഷിച്ചുപോകേണ്ടിവന്ന സൂപ്പര്‍ സ്റ്റാര്‍ ശ്യാം മോഹന്‍; ശ്യാമിന്റെ ഓര്‍മകള്‍ പോലും തന്റെയും മകളുടെയും ജീവിതത്തില്‍ കടന്നുവരരുതെന്ന് തീര്‍ച്ചപ്പെടുത്തുന്ന ആദ്യകാല താരറാണി മായാ വര്‍മ്മ; കുടുംബ ബന്ധങ്ങളുടെ നൂലിഴകള്‍ പൊട്ടുമ്പോള്‍ സിനിമയ്ക്കുള്ളിലെ ജീവിതകഥ പറയുന്ന ആദ്യമലയാള സീരിയലാണ് സൂര്യകാന്തി. മാധ്യമ പ്രവര്‍ത്തകരായ ഷൈബിന്‍ നന്മണ്ട, കെ.കെ ജയേഷ് എന്നിവരാണ് കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയത്.

ജയ്ഹിന്ദ് ടിവിയിലൂടെയാണ് മെഗാസീരിയല്‍ ‘സൂര്യകാന്തി’ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. നീണ്ട ഒരിടവേളയ്ക്കുശേഷം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ശ്രീലക്ഷ്മി മിനി സ്‌ക്രീനില്‍ എത്തുന്നു. ആനന്ദ്, സാജന്‍ സൂര്യ, ബാലാജി, സന്തോഷ് കുറുപ്പ്, ഋഷി, വിനു വൈ.എസ്, ശ്രീലക്ഷ്മി, കവിതാ നായര്‍, മീര, സീമ ജി. നായര്‍, ഷാനില്‍ തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്ന സൂര്യകാന്തി തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 8.30നാണ് ജയ്ഹിന്ദ് ടി.വി സംപ്രേഷണം ചെയ്യുന്നത്. ആദിത്യ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എന്‍ സുബ്രഹ്മണ്യം നിര്‍മിക്കുന്ന ഈ മെഗാ സീരിയലിന്റെ സംവിധാനം മനു വി. നായരാണ് നിര്‍വ്വഹിച്ചത്.